Fri. May 3rd, 2024

ജോണ്‍ ബ്രിട്ടാസിനെതിരായ കേന്ദ്രനീക്കം: രാജ്യം എത്തിപ്പെട്ട അപകടാവസ്ഥയുടെ ഉദാഹരണം-സി.പി.എം

By admin May 1, 2023 #Amith Shah #CPIM #John Brittas #Modi
Keralanewz.com

അമിത് ഷാ കേരളത്തിനെതിരെ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചതിന് ജോണ്‍ ബ്രിട്ടാസ് എം.പിക്കെതിരെ നടക്കുന്ന കേന്ദ്രനീക്കം രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്.

ഫെബ്രുവരി 20ന് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിന് ബ്രിട്ടാസിന് രാജ്യസഭാ ചെയര്‍മാന്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിലാണ് സി.പി.എം സെക്രട്ടറിയേറ്റിന്റെ പ്രതികരണം.

അമിത് ഷാ കര്‍ണാടകയില്‍ നടത്തിയ കേരളത്തിനെതിരായ പരാമര്‍ശം ലേഖനത്തില്‍ ഉദ്ധരിച്ചു എന്നതിന്‌റെ പേരിലാണ് രാജ്യസഭാ അധ്യക്ഷന്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരിക്കുന്നത്. കേരളം നിങ്ങളുടെ അടുത്തുണ്ട്, താന്‍ കൂടുതല്‍ പറുന്നില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ ആ അവസരത്തില്‍ തന്നെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. ഈ കാര്യം ലേഖനത്തില്‍ എടുത്തുപറഞ്ഞതിന്റെ പേരിലാണ് വിശദീകരണം തേടിയിരിക്കുന്നത്-സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

‘അമിത് ഷാ മാത്രമല്ല, സംഘ്പരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മാനവിക വികസനസൂചികകളില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയയോട് ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കു ബദല്‍ ഉയര്‍ത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് ആകമാനം മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. ബി.ജെ.പി നേതാക്കളുടെ കൊടിയ പകയ്ക്ക് ഇടയാക്കുന്നതും ഇതാണ്.’

സംഘ്പരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകള്‍ പോലും പടച്ചുവിടുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരമൊരു നീക്കം നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചു. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന വര്‍ഗീയ അജണ്ടയ്ക്കും കേരളത്തിനോടുള്ള അവഗണനയ്ക്കും എതിരായി ശക്തമായി പോരാടുന്ന എം.പിയാണ് ജോണ്‍ ബ്രിട്ടാസ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 അഭിപ്രായപ്രകടന സ്വാതന്ത്ര്യം എല്ലാ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്നുണ്ട്.

ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നുമാണിത്. ഇതുപോലും വിസ്മരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സംഘ്പരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Facebook Comments Box

By admin

Related Post