Kerala NewsNational NewsPoliticsPoll

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Keralanewz.com

കോഴിക്കോട്: കന്നിയങ്കത്തില് തന്നെ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തോടെ കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്കാഗാന്ധി ലോക്സഭയിലെത്തുകയാണ്.

പ്രിയങ്കാഗാന്ധികൂടി ലോക്സഭയിലെത്തുന്നതോടെ പ്രതിപക്ഷമായ ഇന്ഡ്യാ സഖ്യത്തിന് അത് ശക്തിപകരും. തിങ്കളാഴ്ച തുടങ്ങുന്ന പാര്ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില് പ്രിയങ്കയുമുണ്ടാകും. സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ പുതിയ എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.

നാലുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തോടെയാണ് വയനാട് മണ്ഡലത്തില്നിന്ന് പ്രിയങ്കാഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള സി.പി.ഐ സ്ഥാനാര്ഥിക്ക് 1.9 ലക്ഷം വോട്ടുകളും ബി.ജെ.പിയുടെ നവ്യാ ഹരിജാസിന് ഒരുലക്ഷവും വോട്ടുകളാണ് ലഭിച്ചത്. മൊത്തം 16 സ്ഥാനാര്ഥികളാണ് മണ്ഡലത്തില് ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്. ഇതില് 5076 വോട്ടുകളുമായി നോട്ട (നണ് ഓഫ്ദി എബൗ- മുകളില് ആര്ക്കുമല്ല) നാലാമതെത്തി.

ഭൂരിപക്ഷം നാലുലക്ഷത്തിന് അടുത്തെത്തിയതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് രാഹുല് ഗാന്ധി നേടിയ 3,64,422 എന്ന റെക്കോഡ് പ്രിയങ്ക തിരുത്തിക്കുറിക്കുകയുംചെയ്തു. പോളിങ് ശതമാനം കുറവായിട്ട് കൂടി പ്രിയങ്കാഗാന്ധി മണ്ഡലത്തിലെ യു.ഡി.എഫിന്റെ ഭൂരിപക്ഷം വര്ധിപ്പിച്ചു.
പ്രിയങ്കയുടെ ഭൂരിപക്ഷം കൂടിയത് രാഹുല് ഗാന്ധിക്കും ആശ്വാസമാണ്. റായ്ബറേലിക്ക് വേണ്ടി മണ്ഡലം കൈവിട്ടെന്ന ആക്ഷേപം എതിരാളികള് രാഹുല് ഗാന്ധിക്കും യു.ഡി.എഫിനുമെതിരേ പ്രചാരണസമയത്ത് ഉയര്ത്തിയെങ്കിലും വോട്ടര്മാര് അതൊന്നും ചെവികൊണ്ടില്ല. 2009 ല് നിലവില്വന്നത് മുതല് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്ഗ്രസാണ് മണ്ഡലത്തില് വിജയിച്ചത്. ഓരോതെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കൂടിവരികയുംചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പില് റായ്ബറേലിയിക്കൊപ്പം വയനാട്ടില്നിന്നും രാഹുല് ഗാന്ധി ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ചതോടെ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറാലി നിലനിര്ത്തി വയനാട് സീറ്റ് ഒഴിവാക്കിയതോടെ തന്നെ, ഇവിടേക്ക് പ്രിയങ്ക വരുമെന്ന് ഉറപ്പായിരുന്നു. അതോടെ തന്നെ യു.ഡി.എഫ് പ്രചാരണങ്ങളും തുടങ്ങുകയുണ്ടായി. സംഘടനാ ചുമതലയുള്ള കോണ്ഗ്രസ് ജനറല് സെക്രട്ടറി കെ.സി വേണുഗോപാലിന് പ്രചാരണ ചുമതലയും നല്കി. പിന്നീട് നടത്തിയ ചിട്ടയായ പ്രവര്ത്തനത്തിന്റെ ഫലംകൂടിയാണ് ഭൂരിപക്ഷം വര്ധിപ്പിക്കാന് യു.ഡി.എഫിനെ സഹായിച്ചത്. വര്ഗീയവും വിവാദവുമായ ആക്ഷേപങ്ങളും ഉയര്ത്തിയെങ്കിലും യു.ഡി.എഫ് വികസനത്തിലൂന്നി മാത്രം പ്രചാരണം നടത്തി. ഇത് വോട്ടര്മാര് ഏറ്റെടുത്തുവെന്ന് ഫലം വ്യക്തമാക്കുന്നു.

Facebook Comments Box