ന്യൂഡല്‍ഹി; മഹാരാഷ്ട്രയില്‍ ആഞ്ഞടിച്ചത് ബിജെപി സുനാമിയെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നത്. വൻ ഭൂരിപക്ഷത്തോടെയാണ് മഹായുതി മഹാരാഷ്ട്രയില്‍ ഭരണത്തിലേറുന്നത്.
മഹായുതിയുടെ തേരോട്ടത്തില്‍ വെറും 53 സീറ്റിലേക്ക് മഹാവികാസ് സഖ്യം കൂപ്പുകുത്തി. 288 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 228 സീറ്റുകളിലും കാവി തേരോട്ടമായിരുന്നു. ജാർഖണ്ഡിലാകട്ടെ ഇൻഡീ സഖ്യം സർക്കാർ രൂപീകരിക്കാൻ തയ്യാറെടുക്കുകകയാണ്.
, 14 സംസ്ഥാനങ്ങളിലെ 46 നിയമസഭാ സീറ്റുകളിലും 2 ലോക്‌സഭാ സീറ്റുകളിലും ഞെട്ടിക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. യുപിയിലെ 9 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിസാമൗ, കർഹാല്‍ എന്നീ രണ്ട് സീറ്റുകളില്‍ മാത്രമാണ് എസ്പി വിജയിച്ചത് . മജ്‌വാൻ, കടേഹാരി, മീരാപൂർ, കുന്ദർക്കി, കർഹല്‍, ഖൈർ, ഫുല്‍പൂർ, ഗാസിയാബാദ് എന്നീ സീറ്റുകളില്‍ എൻഡിഎ വിജയക്കൊടി പാറിച്ചു. യുപിയില്‍ എസ്പിയുടെ കോട്ടയിലും ബിജെപിയ്ക്ക് അനുകൂലമായിരുന്നു അന്തരീക്ഷം.
രാജസ്ഥാനിലെ 7 സീറ്റുകളില്‍ ഖിൻവ്‌സർ, ജുൻജുനു, രാംഗഡ്, ദൗസ, ദിയോലി ഉനിയാര എന്നീ 5 സീറ്റുകളില്‍ ബിജെപി വിജയിച്ചു. രാജസ്ഥാനില്‍ ഒരു സീറ്റിലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല എന്നത് വൻ തിരിച്ചടിയായി. ബിഹാറില്‍ നാല് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്ക് അനുകൂലമായിരുന്നു ഫലം. ഇമാംഗഞ്ച്, രാംഗഡ്, തരാരി, ബെലഗഞ്ച് എന്നീ നാല് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൻഡിഎ വിജയിച്ചു.
ഉത്തരാഖണ്ഡിലെ കേദാർനാഥില്‍ ബിജെപി സ്ഥാനാർത്ഥി ആശാ നൗട്ടിയാല്‍ വിജയിച്ചു. ഛത്തീസ്ഗഡിലെ റായ്പു സൗത്തില്‍ ബിജെപി സ്ഥാനാർത്ഥി സുനില്‍ കുമാർ സോണി വിജയിച്ചു. പഞ്ചാബിലെ നാല് സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എഎപി ഒരു സീറ്റിലും കോണ്‍ഗ്രസിന് ഒരിടത്തും വിജയിച്ചു. അതേ സമയം രണ്ട് സീറ്റുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് ബർണാലയും ചബ്ബേവാള്‍ എഎപിയും പിടിച്ചെടുത്തു.
യുപിയിലെ കുന്ദർക്കി നിയമസഭാ സീറ്റില്‍ ബിജെപിയുടെ രാംവീർ താക്കൂർ ചരിത്രവിജയമാണ് നേടിയത്. മുസ്ലിം ആധിപത്യമുള്ള, 60 ശതമാനത്തില്‍ ഏറെ വോട്ടർമാരും ഇസ്ലാം മതവിശ്വാസികളായ ഈ മണ്ഡലത്തില്‍ ബിജെപിയാണ് വിജയിച്ചത്. മണ്ഡലത്തിലെ സ്ഥാനാർത്ഥികളില്‍ ഏക ഹിന്ദുവും ബിജെപി സ്ഥാനാർത്ഥി ആയിരുന്നു. മറ്റ് 11 മുസ്ലീം സ്ഥാനാർത്ഥികളെ 1.4 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാർഥി വിജയിച്ചത്. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ മണ്ഡലത്തില്‍ ബിജെപി വിജയിക്കുന്നത്.