ലോക്സഭ തെരഞ്ഞെടുപ്പ്: തൃശൂരില്‍ പ്രതാപൻ നിന്നാല്‍ ജയിക്കുമായിരുന്നു; രമേശ് ചെന്നിത്തല
ഗുരുവായൂർ: കഴിഞ്ഞ ഏപ്രിലില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ടി.എൻ. പ്രതാപൻ നിന്നാല്‍ ജയിക്കുമായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.
എന്നാല്‍ പ്രതാപൻ പാർട്ടി നിർദേശം അനുസരിച്ച് മാറി നില്‍ക്കുകകയായിരുന്നുവെന്നും ഏത് മണ്ഡലത്തില്‍ നിന്നാലും പ്രതാപൻ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി. ബലറാം സ്മൃതി പുരസ്കാരം പ്രതാപന് നല്‍കി സംസാരിക്കുകയായിരുന്നു ചെന്നിത്തല.
“ബുദ്ധിമുട്ടുള്ള മണ്ഡലങ്ങളില്‍ പൊരുതി ജയിച്ച ചരിത്രമാണ് പ്രതാപന്‍റേത്. 2019ലെ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കാൻ ആഗ്രഹിച്ച പ്രതാപനോട് ഞാനാണ് തൃശൂരില്‍ മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഏത് മണ്ഡലത്തില്‍ നിന്നാലും പ്രതാപൻ ജയിക്കും. ഇനി ലോക്സഭയിലേക്ക് മത്സരിക്കില്ല, ഡി.സി.സി പ്രസിഡൻ്റാവില്ല തുടങ്ങിയ നിലപാടുകളൊക്കെ പ്രതാപൻ മാറ്റണം. പ്രതാപന് ഇനിയും അങ്കത്തിന് ബാല്യമുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കണം” -ചെന്നിത്തല പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാർഥിയായത്. അപ്രതീക്ഷിതമായി ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി ഇവിടെ ജയം പിടിച്ചെടുക്കുകയായിരുന്നു. മുരളീധരനെയും ഇടത് സ്ഥാനാർഥി വി.എസ്. സുനില്‍കുമാറിനെയും പിന്നിലാക്കി 75,079 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ വിജയിച്ചത്. പിന്നാലെ തൃശൂർപൂരം കലക്കി ഇടതുപക്ഷം ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം മണ്ഡലത്തില്‍ ഒരുക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. പൂരംകലക്കലില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.