ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായയും തലവരയും മാറ്റിയ സംഭവമാണ് വന്ദേഭാരത് ട്രെയിനുകളുടെ അവതരിപ്പിക്കല്‍.
വന്ദേഭാരതിന്റെ ചെയര്‍ കാര്‍ ട്രെയിനിനെ യാത്രക്കാര്‍ ഏറ്റെടുത്തതോടെ വന്ദേഭാരത് മെട്രോ, വന്ദേഭാരത് സ്ലീപ്പര്‍ എന്നീ ട്രെയിനുകളും റെയില്‍വേ അവതരിപ്പിച്ചു. കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും സൂപ്പര്‍ ഹിറ്റ് ആണ്. ഇടക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ ആയി ഓടിയ കൊച്ചി – ബംഗളൂരു റൂട്ടിലും യാത്രക്കാര്‍ നിരവധിയായിരുന്നു.
രാജ്യത്തെ ഭൂരിഭാഗം റൂട്ടുകളിലും ഓടുന്ന വന്ദേഭാരത് ട്രെയിനുകളും മികച്ച റെസ്‌പോണ്‍സ് ആണ് നേടുന്നതെങ്കിലും ചുരുക്കം ചില റൂട്ടുകളിലെങ്കിലും അതല്ല അവസ്ഥ. കേരളത്തിന്റെ തൊട്ടടുത്ത് നിന്ന് സര്‍വീസുള്ള മംഗളൂരു -ഗോവ വന്ദേഭാരത് മിക്കപ്പോഴും പകുതിയില്‍ അധികം സീറ്റുകളും കാലിയായിട്ടാണ് ഓടുന്നത്. അടുത്തിടെ 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകളും ട്രാക്കിലിറങ്ങിയിരുന്നു. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടിലേക്കാണ് ഈ ട്രെയിനുകളെ പരിഗണിച്ചിരിക്കുന്നത്.
മറ്റു ട്രെയിനുകളെ അപേക്ഷിച്ച് സൗകര്യവും സുരക്ഷിതത്വവും സമയലാഭവും കൂടുതലാണെങ്കിലും ടിക്കറ്റ് നിരക്ക് പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ വന്ദേ ഭാരതില്‍ കയറാന്‍ പല റൂട്ടുകളിലും ആളുകള്‍ താല്പര്യപ്പെടുന്നില്ല. അത്തരത്തിലൊന്നാണ് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള നാഗ്പൂര്‍-സെക്കന്ദരാബാദ് വന്ദേഭാരത് എക്സ്പ്രസ്. നിലവില്‍ 20 കോച്ചുകളും ഒഴിഞ്ഞ സീറ്റുകളുമായി ഓടുന്ന വന്ദേ ഭാരതിന്റെ കോച്ചുകള്‍ കുറയ്ക്കുവാന്‍ ഒരുങ്ങുകയാണ് റെയില്‍വേ.
2024 സെപ്റ്റംബര്‍ 19-ന് ഓട്ടം തുടങ്ങിയ നാഗ്പൂര്‍-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്സ്പ്രസ് ചുരുക്കം ദിവസങ്ങളിലൊഴിക മറ്റൊരിക്കലും സീറ്റുകള്‍ മുഴുവന്‍ ആളുകളായി സര്‍വീസ് നടത്തിയിട്ടില്ല. ദീപാവലി അവധിക്കാലത്തെ എട്ട് ദിവസങ്ങളിലെ 110% ഒക്യുപെന്‍സി മാത്രമാണ് നാഗ്പൂര്‍-സെക്കന്ദരാബാദ് വന്ദേഭാരതിന് അവകാശപ്പെടാന്‍ പറ്റിയ വിജയം. ഇതിനു പകരം 8 കോച്ചുകളുള്ള റേക്ക് കൊണ്ടുവരാന്‍ ആണ് റെയില്‍വേ തീരുമാനം.