വത്തിക്കാൻ
ഇന്ത്യൻ സമയം ഉച്ചയോടെ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ കർദ്ദിനാള്‍ ലസാറസ് യു ഹ്യൂങ്-സിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന ഇറ്റാലിയൻ ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിക്കുന്നത്. ശ്രീനാരായണ ദർശനവും ലോകസമാധാനവും എന്ന വിഷയത്തെ അധികരിച്ച് സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തും.
കർണ്ണാടക സ്പീക്കർ യു.ടി.ഖാദർ ഫരീദ്, കർദ്ദിനാള്‍ ജോർജ്ജ് ജേക്കബ്ബ് കൂവ്വക്കാട്, ചാണ്ടി ഉമ്മൻ എം.എല്‍.എ, കെ.മുരളീധരൻ മുരള്യ, രഘുനാഥൻനായർ, സ്വാമി വീരേശ്വരാനന്ദ എന്നിവർ പ്രസംഗിക്കും. ഗുരുവിന്റെ ഏകമതദർശനം, മതസമന്വയം, മതസൗഹാർദ്ദം, മതമേതായാലും മനുഷ്യൻ നന്നായാല്‍ മതി തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ഗുരുദേവന്റെ മതദർശനത്തിന്റെ വെളിച്ചത്തില്‍ ലോകസമാധാനത്തെക്കുറിച്ച് ചർച്ചകളും നടക്കും.
ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അദ്ധ്യക്ഷൻ ഫാ. മിഥിൻ ജെ. ഫ്രാൻസിസ് മോഡറേറ്ററായിരിക്കും. കെ.ജി.ബാബുരാജൻ, പാണക്കാട് സാദിഖ്‌അലി തങ്ങള്‍, ഗ്യാനി രഞ്ജിത് സിംഗ്, ഫാദർ ഡേവിഡ് ചിറമേല്‍, ഫാദർ മിഥുൻ ജെ. ഫ്രാൻസിസ്, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതഭംരാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ സംസാരിക്കും. ബൈബിളിന്റെയും ക്രിസ്തുദേവന്റെയും ദർശനത്തിന്റെ വെളിച്ചത്തില്‍ മതസമന്വയം അവതരിപ്പിക്കും. നാളെ വിവിധ മതങ്ങളുടെ പ്രതിനിധികളും റോമിലെ വിവിധ സംഘടനാപ്രവർത്തകരും പങ്കെടുക്കുന്ന സ്നേഹസദസ് നടക്കും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റോമിലെത്തിയ സംന്യാസ സംഘത്തിന് അവിടുത്തെ വിവിധ ശ്രീനാരായണീയ സംഘടനകളും ക്രൈസ്തവ പുരോഹിതരും ചേർന്ന് ഊഷ്മള വരവേല്‍പ്പ് നല്‍കി.