ന്യൂഡല്‍ഹി: പൊലീസ് വെടിവെപ്പില്‍ അഞ്ച് മുസ്‍ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭല്‍ സന്ദർശിക്കാൻ പുറപ്പെട്ട ഇന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ വഴിയില്‍ തടഞ്ഞു.
ഡല്‍ഹി-മീററ്റ് എക്‌സ്‌പ്രസ് വേയില്‍ ഗാസിപൂർ അതിർത്തിയിലാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞത്. റോഡില്‍ ബാരിക്കേഡ് നിരത്തിയും പൊലീസ് ബസ് കുറുകെയിട്ടുമാണ് തടസ്സം സൃഷ്ടിച്ചത്.
സംഭല്‍ സന്ദർശിച്ചാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് യു.പി ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇത് വകവെക്കാതെയാണ് രാഹുലും സംഘവും ഇന്ന് രാവിലെ 10 മണിയോടെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. ഇവരെ വഴിയില്‍ തടയണമെന്ന് സംഭല്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ സമീപത്തെ നാല് ജില്ലകള്‍ക്ക് നിർദേശം നല്‍കിയിരുന്നു. ബുലന്ദ്ഷഹർ, ‘അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നീ ജില്ലകളിലെ പൊലീസ് അധികൃതർക്കാണ് യാത്രാസംഘത്തെ തടയണമെന്ന് നിർദേശം നല്‍കിയത്. അതത് ജില്ല അതിർത്തികളില്‍ തടഞ്ഞുനിർത്തി സംഭലില്‍ പ്രവേശിക്കുന്നത് തടയണമെന്നായിരുന്നു നിർദേശം. ഈ മാസം 10വരെ നിരോധനാജ്ഞയുള്ളതിനാല്‍ ആർക്കും പുറത്തുനിന്ന് വരാൻ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. സാധാരണ നിലയിലായ സംഭലില്‍ രാഹുല്‍ ഗാന്ധി എത്തുന്നത് പ്രകോപനത്തിന് കാരണമാകുമെന്ന് പറഞ്ഞ് സന്ദർശനം റദ്ദാക്കാൻ മുറാദാബാദ് ഡിവിഷനല്‍ കമീഷണർ അഞ്ജനേയ കുമാർ സിങ്ങും ആവശ്യപ്പെട്ടു.
അതിനിടെ, സംഭല്‍ ശാഹി മസ്ജിദ് സംഭവത്തില്‍ സുപ്രീംകോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചതായി മുസ്‍ലിം ലീഗ് എം.പിമാർ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ കപില്‍ സിബലുമായി ലീഗ് എം.പിമാർ ഇതുസംബന്ധിച്ച ചർച്ച നടത്തി. പാർലമെന്റ് പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ ഒരു കൂട്ടർ പിച്ചിച്ചീന്തുകയാണെന്നും ഗ്യാൻവാപി മസ്ജിദില്‍ സർവേക്ക് അനുമതി നല്‍കിയതാണ് ഇതിന്റെയെല്ലാം തുടക്കമെന്നും മുസ്‍ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലമെന്റ് പാർട്ടി നേതാവുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
സംഭല്‍ വർഗീയ സംഘർഷത്തെ ചൊല്ലി ഇന്നലെ ലോക്സഭ ഇളകിമറിഞ്ഞിരുന്നു. അടിയന്തരമായി സംഭല്‍ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ചർച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തി തിരികെ വന്ന ശേഷവും വിഷയം കത്തിനിന്നു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസ് അലഹബാദ് എം.പി ഉജ്ജ്വല്‍രമണ്‍ സിങ്ങും മുസ്‍ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറും അടക്കമുള്ള നേതാക്കള്‍ ശൂന്യവേളയില്‍ സംഭല്‍ ഉന്നയിച്ചത് ബി.ജെ.പി എം.പിമാർ പ്രതിരോധിക്കാൻ ശ്രമിച്ചു.
സംഭല്‍ അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമാജ്‍വാദി പാർട്ടിയുടെയും ലീഗിന്റെയും എം.പിമാർ സ്പീക്കർ ഓം ബിർളക്ക് നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 11 മണിക്ക് സഭ ചേർന്നയുടൻ എഴുന്നേറ്റ എസ്.പി നേതാവ് അഖിലേഷ് യാദവ് അടിയന്തര ചർച്ചക്ക് ആവശ്യമുന്നയിച്ചു. ഇത് അംഗീകരിക്കാതെ ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞ് ചോദ്യോത്തരവേളയുമായി സ്പീക്കർ മുന്നോട്ടുപോയി. ഇതോടെ ”സംഭലില്‍ ചർച്ച നടത്തൂ, കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കൂ” എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി ധർമേന്ദ്രയാദവിന്റെ നേതൃത്വത്തില്‍ എസ്.പി എം.പിമാരും നടുത്തളത്തിലേക്ക് നീങ്ങിയപ്പോള്‍ ഇ.ടി. മുഹമ്മദ് ബഷീറും കൂടെ നീങ്ങി. ഇവർക്ക് പിന്നാലെ കോണ്‍ഗ്രസ് എം.പിമാരും എഴുന്നേറ്റു. അല്‍പനേരത്തെ പ്രതിഷേധത്തിനു ശേഷം മുദ്രാവാക്യം വിളികളുമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി.