ജനകോടികൾ നമിക്കുന്നു, നന്ദി പുടിൻ.; കാൻസര്‍ വാക്‌സിൻ വികസിപ്പിച്ച് റഷ്യ;സൗജന്യമായി വിതരണം ചെയ്യും
മോസ്‌കോ; ആരോഗ്യരംഗത്ത് പുതിയ വിപ്ലവവുമായി റഷ്യ. കാൻസർ വാക്‌സിൻ വികസിപ്പിച്ചാണ് റഷ്യയുടെ മുന്നേറ്റം. കാൻസറിനെതിരെ സ്വന്തമായി എംആർഎൻഎ വാക്‌സിൻ വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നുമാണ് റഷ്യയുടെ പ്രഖ്യാപനം.
ആരോഗ്യമന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസർച്ച് സെന്റർ ജനറല്‍ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഈ കാര്യം വ്യക്തമാക്കിയത്. കാൻസർ വാക്‌സിനുകള്‍ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന പുതുതലമുറ മരുന്നുകളുടെ കണ്ടെത്തലിനെക്കുറിച്ചും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
2025 ആദ്യം തന്നെ വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. പൊതുജനങ്ങള്‍ക്ക് നേരിട്ട് നല്‍കാതെ, കാൻസർ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്‌സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്. വാക്സിൻ ട്യൂമർ വികസനത്തെയും കാൻസർ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലേയ നാഷണല്‍ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ പറഞ്ഞു. കാൻസർ വാക്‌സിന്റെ പേരും മറ്റ് വിവരങ്ങളും വാക്‌സിൻ എത്രത്തോളം ഫലപ്രദമാണെന്ന കാര്യവും റഷ്യ ഇത് വരെ വ്യക്തമാക്കിയിട്ടില്ല.
ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുകയാണ് ഈ വാക്‌സിനുകളുടെ രീതി. ട്യൂമർ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആന്റിജനുകളെയോ അല്ലെങ്കില്‍ പ്രത്യേക പ്രോട്ടീനുകളെയോ ആയിരിക്കും വാക്‌സിനുകള്‍ ലക്ഷ്യമിടുക. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങള്‍ക്കെതിരായി പ്രവർത്തിക്കാൻ സജ്ജമാക്കുകയാണ് ചെയ്യുന്നത്.
2022ല്‍ മാത്രം 6,35,000ലധികം കാൻസർ കേസുകളാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതില്‍ ഏറെയും വൻകുടല്‍, സ്തനം, ശ്വാസകോശം എന്നീ അവയവങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.