കേരളം നടപ്പാക്കാൻ തീരുമാനിച്ചപ്പോള്‍ വിവാദം, ഇപ്പോള്‍ കേന്ദ്രവും നടപ്പാക്കുന്നു
ന്യൂഡല്‍ഹി: വാർഷിക പരീക്ഷയില്‍ തോറ്റാലും ഉയർന്ന ക്ലാസുകളിലേക്ക് വിദ്യാർത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന നയം കേന്ദ്രസർക്കാർ മാറ്റുന്നു.
കേന്ദ്രസർക്കാർ നടത്തുന്ന വിദ്യാലയങ്ങളിലാണ് അഞ്ച് എട്ട് ക്ലാസുകളില്‍ പുതിയ തീരുമാനം നടപ്പാക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി.
നിലവില്‍ അഞ്ച്, എട്ട് ക്ലാസ് വിദ്യാർത്ഥികള്‍ വാർഷിക പരീക്ഷയില്‍ തോറ്റാലും ഉയർന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയാണ് പതിവ്. എട്ടാം ക്ലാസ് വരെ ഈ ചട്ടമാണ് നടപ്പിലാക്കിയിരുന്നത്. 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് ഓള്‍ പാസ് നല്‍കി ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന രീതി എടുത്തു കളഞ്ഞത്. പകരം അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികള്‍ തോറ്റാല്‍ , തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാൻ അവസരം നല്‍കും. രണ്ടുമാസത്തിനകം തോറ്റ വിദ്യാർത്ഥികള്‍ വീണ്ടും വാർഷിക പരീക്ഷ എഴുതണം. ഇതിലും തോല്‍ക്കുകയാണെങ്കില്‍ ഇവർക്ക് ഉയർന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ല. അവർ വീണ്ടും ആ വർഷം ക്ലാസില്‍ തന്നെ ഇരിക്കേണ്ടതായി വരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നത് വരെ ഒരു കുട്ടിയെയും ഒരു സ്കൂളില്‍ നിന്നും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്കൂളുകള്‍, സൈനിക് സ്കൂളുകള്‍ എന്നിവയുള്‍പ്പെടെ കേന്ദ്രസർക്കാർ നടത്തുന്ന 3000ത്തിലധഝികം സ്കൂളുകള്‍ക്ക് പുതിയ ഭേദഗതി ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഇതിനകം 16 സംസ്ഥാനങ്ങളും ഡല്‍ഹി ഉള്‍പ്പെടെയുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഈ രണ്ട് ക്ലാസുകള്‍ക്ക് ഓള്‍പാസ് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ എട്ടാംക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ക്ക് ഓള്‍പാസ് നല്‍കുന്ന നയം തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. ഹരിയാനയും പുതുച്ചേരിയും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ കേരളത്തില്‍ ഈ വർഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് വേണ്ട എന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു, ഇതിനെതിരെ കെ.എസി.ടി.എ അടക്കമുള്ള സംഘടനകള്‍ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എട്ടാം ക്ലാസില്‍ നിന്ന് ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കാനാണ് തീരുമാനം. അടുത്ത വർഷം ഇത് ഒൻപതാം ക്ലാസിലേക്ക് കൂടി വിപുലീകരിക്കും. 2026-27 അക്കാദമിക വർഷം പത്ത് വരെയുള്ള ഹൈസ്കൂള്‍ ക്ലാസുകളില്‍ ഹയർ സെക്കൻഡറിക്ക് സമാനമായി സബ്‌ജക്‌ട് മിനിമം കൊണ്ടുവരാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.