മോദിക്കൊപ്പം ക്രിസ്മസ് വിരുന്ന് നല്‍കുന്നത് തെറ്റായ സന്ദേശം; വിമര്‍ശനവുമായി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്രൈസ്തവ മേലധ്യക്ഷന്മാരൊരുക്കിയ ക്രിസ്മസ് വിരുന്ന് വേട്ടയാടപ്പെടുന്ന ക്രൈസ്തവർക്കെതിരായ അവഹേളനമെന്ന് വിമർശനം.
രാജ്യത്ത് ക്രൈസ്തവർക്കെതിരെ അതിക്രമങ്ങള്‍ വർധിച്ചുവരുന്ന സാഹചര്യത്തില്‍ നിഷ്ക്രിയനായി തുടരുന്നതിന് വിമർശനമേറ്റുവാങ്ങിയ പ്രധാനമന്ത്രിക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളില്‍ ആശങ്കാജനകമായ വർധനവിന് പ്രധാന കാരണം ഹിന്ദുത്വ ദേശീയതയുടെ പുനരുജ്ജീവനമാണ്. ബജ്‌റംഗ് ദള്‍, വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) തുടങ്ങിയ മത, ദേശീയവാദ ഗ്രൂപ്പുകള്‍ പല സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നു. 2022ല്‍ രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരെ 300ലധികം ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. മോദി സർക്കാർ അധികാരമേറ്റ 2014ല്‍ 127 സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോർട്ട് ചെയ്തത്. എന്നാല്‍, 2024 ജനുവരി മുതല്‍ 2024 നവംബർ വരെ വിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട 745 സംഭവങ്ങള്‍ രാജ്യത്ത് രേഖപ്പെടുത്തി. ക്രിസ്ത്യാനികളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാൻ വേണ്ടത്ര നടപടിയെടുക്കാത്തതിന് ഇന്ത്യൻ സർക്കാർ അന്താരാഷ്ട്ര തലത്തില്‍ വിമർശിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ മോദിക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം സർക്കാറിന്റെ നിഷ്ക്രിയതയെ ന്യായീകരിക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
തുഷാർ ഗാന്ധി, ആനി രാജ, ഫാ. സെഡ്രിക് പ്രകാശ്, ജോണ്‍ ദയാല്‍, പ്രകാശ് ലൂയിസ്, പമേല ഫിലിപ്പോസ്, ബ്രിനെല്ലെ ഡിസൂസ, അലോഷ്യസ് ഇരുദയം, ഷബ്നം ഹാഷ്മി, ലിസ പിരേസ്, മിനാക്ഷി സിങ്, ആഭാ ഭയ്യ, വിനോദ് പാണ്ഡേ എന്നിവരടക്കം 200 പേരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.