മൻമോഹൻ സിങ്ങിന്‍റെ ചിതാഭസ്മ നിമജ്ജനത്തില്‍ പങ്കെടുക്കാത്തത് കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ച് -കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ നേതാക്കള്‍ പങ്കെടുക്കാത്തതിനെ വിമർശിച്ച ബി.ജെ.പിക്ക് മറുപടിയുമായി കോണ്‍ഗ്രസ്.
മൻമോഹൻ സിങ്ങിന്‍റെ കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചെയർമാൻ പവൻ ഖേര വ്യക്തമാക്കി.
രാജ്യത്തിന്‍റെ മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്ങിന് അർഹമായ ബഹുമാനം നല്‍കാതെ അപമാനിച്ചവർ, അദ്ദേഹത്തിന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതില്‍ പോലും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് പവൻ ഖേര കുറ്റപ്പെടുത്തി.
പ്രിയ നേതാവിന്‍റെ സംസ്‌കാരത്തിന് ശേഷം സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുടുംബത്തെ വസതിയിലെത്തി കണ്ടിരുന്നു. ശവസംസ്കാര സമയത്ത് കുടുംബത്തിന്‍റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും കുടുംബാംഗങ്ങളില്‍ ചിലർക്ക് ചിത ഒരുക്കിയ സ്ഥലത്തെത്താൻ കഴിഞ്ഞില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
അതിനാല്‍, ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങില്‍ കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കുന്നതാണ് ഉചിതമെന്ന് തോന്നി. അടുത്ത കുടുംബാംഗങ്ങള്‍ക്ക് ഏറെ വൈകാരികവും വേദനാജനകവും ബുദ്ധിമുട്ടുള്ളതുമായ സമയമാണിതെന്നും പവൻ ഖേര വാർത്താകുറിപ്പില്‍ വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ചിതാഭസ്മം ഞായറാഴ്ച രാവിലെ നിഗംബോധ് ഘട്ടില്‍ നിന്ന് ശേഖരിച്ച കുടുംബാംഗങ്ങള്‍ സിഖ് ആചാരപ്രകാരം യമുന നദിയിലാണ് നിമജ്ജനം ചെയ്തത്. ഭാര്യ ഗുർശരണ്‍ കൗറും മക്കളായ ഉപീന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ് എന്നിവരും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.
സിഖ് ആചാരങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് ഔദ്യോഗിക വസതിയില്‍ കുടുംബം ‘അഖണ്ഡ് പാത’ നടത്തും. ജനുവരി മൂന്നിന് റക്കാബ് ഗഞ്ച് ഗുരുദ്വാരയില്‍ ചില മരണാനന്തര ചടങ്ങുകള്‍ കൂടി സംഘടിപ്പിക്കും. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡിസംബർ 26ന് ഡല്‍ഹി എയിംസില്‍വെച്ചാണ് മൻമോഹൻ സിങ് മരിച്ചത്.