CRIMEInternational NewsKerala News

യെമൻ പ്രസിഡന്റിന്റെ നടപടി തിരിച്ചടിയായി, നിമിഷ പ്രിയയുടെ മോചനത്തിന് ഇനി ഒരേയൊരു വഴി മാത്രം

Keralanewz.com

തിരുവനന്തപുരം

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നല്‍കിയത് മോചനശ്രമം നടത്തുന്ന കുടുംബത്തിന് തിരിച്ചടിയായി.

പ്രസിഡന്റിന് നല്‍കിയ ദയാഹർജിയാണ് തള്ളിയത്.

കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ ഉറ്റബന്ധുക്കളില്‍ രണ്ടു പേർ ഇടഞ്ഞുനില്‍ക്കുന്നതാണ് മോചനത്തിന് തടസമായതെന്ന് നിമിഷയുടെ അഭിഭാഷകർ വ്യക്തമാക്കുന്നു, മോചനത്തിനുള്ള ബ്ലഡ് മണി സ്വീകരിച്ച്‌ മാപ്പുനല്‍കാൻ തയ്യാറല്ലെന്നും ശിക്ഷ നടപ്പാക്കണമെന്നുമാണ് ഇവരുടെ വാദം.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ സനായിലെ ജയിലിലാണ്.
കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായും ഗോത്രതലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകള്‍ വഴിമുട്ടിയിരുന്നു. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ വിചാരണക്കോടതിയുടെ വിധി യെമൻ സുപ്രീം കോടതി ശരിവച്ചു. തുടർന്നാണ് ദയാഹർജി യെമൻ പ്രസിഡന്റിന് മുന്നിലെത്തിയത്. മോചനത്തിനായി ബന്ധുക്കള്‍ക്ക് 1.5 കോടി രൂപയെങ്കിലും നല്‍കേണ്ടിവരുമെന്നായിരുന്നു നിഗമനം.
ചർച്ചകള്‍ തുടങ്ങിയ സമയത്ത് കഴിഞ്ഞ ജൂണില്‍ 16.71 ലക്ഷം രൂപ സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു.

അതേസമയം മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് ഇനി മുന്നിലുള് ഏക പോംവഴി. ഒരു മാസത്തിനകം ബന്ധുക്കളുമായി ചർച്ചനടത്തി മനംമാറ്റാൻ കഴിഞ്ഞാല്‍ നിമിഷ സ്വതന്ത്രയാകാനുള്ള സാദ്ധ്യതയുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്ബുവരെ പ്രതികള്‍ മോചിതരായ ചില സന്ദർഭങ്ങള്‍ യെമനിലുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. യെമനിലെ സാമൂഹിക പ്രവർത്തകനായ സാമുവല്‍ ജെറോമിന്റെ നേതൃത്വത്തില്‍ മാപ്പപേക്ഷയ്ക്കുള്ള ചർച്ച പുനരാരംഭിക്കാനുള്ള സാദ്ധ്യത തേടുകയാണ്. ഇതിനായി യെമനിലെ എംബസി ഉദ്യോഗസ്ഥരുമായും അഭിഭാഷകരുമായും ബന്ധപ്പെടും.

Facebook Comments Box