Kerala NewsPolitics

മുഖ്യമന്ത്രിക്കെതിരെ വിമർശനം,പി സി ചാക്കോയുടെ ശ്രമം പി വി അൻവര്‍ ആകാനോ? യുഡിഎഫില്‍ ചേക്കേറണം, എംഎല്‍എ, പിന്നെ മന്ത്രിയും.

Keralanewz.com

തിരുവനന്തപുരം:

കുറിക്ക് കൊള്ളുന്നപോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാൻ തനിക്കറിയാമെന്നുള്ള എൻസിപി സംസ്ഥാന പ്രസിഡൻ് പി സി ചാക്കോയുടെ ശബ്ദ സന്ദേശമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

പ്രമുഖ മാധ്യമങ്ങളാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പി.സി ചാക്കോ എല്‍.ഡി.എഫില്‍ ഒറ്റപ്പെടുന്ന സാഹചര്യമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു ചാക്കോയുടെ മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള വിമർശനം. മന്ത്രിമാറ്റത്തില്‍ പാർട്ടി തീരുമാനം നടപ്പാക്കണം എന്ന് മുഖ്യമന്ത്രിയോട് താൻ ആവശ്യപ്പെട്ടെന്നും അപ്പോള്‍ മന്ത്രിമാറ്റത്തിന് നിർബന്ധം പിടിക്കരുതെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞുവെന്നും ചാക്കോ പറയുന്നു.

മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിച്ചെങ്കില്‍ തനിക്ക് വലിയ പബ്ലിസിറ്റി കിട്ടിയേനെ എന്നും അതിനപ്പുറത്തേക്ക് തനിക്ക് പറയാമായിരുന്നെങ്കിലും താൻ ഒന്നും പറഞ്ഞില്ല എന്നും പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പി സി ചാക്കോ പറയുന്നുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തില്‍ വന്നപ്പോള്‍ പി സി ചാക്കോ കോണ്‍ഗ്രസിൻ്റെ ഭാഗമായി യു.ഡി.എഫില്‍ ആയിരുന്നു. ഡല്‍ഹി സംസ്ഥാനത്തിൻ്റെ ചുമതലയൊക്കെയായി അങ്ങ് ഡല്‍ഹിയില്‍ കഴിയുകയായിരുന്നു. ആ സമയത്താണ് പിണറായി വിജയൻ രണ്ടാമതും മുഖ്യമന്ത്രിയായി എല്‍.ഡി.എഫ് സർക്കാർ കേരളത്തില്‍ അധികാരത്തില്‍ വരുന്നത്.

അന്ന് കേരളത്തില്‍ പി.സി ചാക്കോ ഇല്ലാത്ത എൻ.സി.പി എല്‍.ഡി.എഫിൻ്റെ ഘടകക്ഷിയായിരുന്നു. അന്ന് അവരുടെ മന്ത്രിയായ എ കെ ശശീന്ദ്രനെ നിയമിച്ചത് അവരുടെ അന്നത്തെ സംസ്ഥാന നേതൃത്വമായിരുന്നു. ഒരു സുപ്രഭാതത്തില്‍ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് പഴയകാലത്ത് ദേശീയ തലത്തില്‍ ശരത് പവാറുമായുള്ള സൗഹൃദവും മുതലെടുത്ത് എൻസിപിയിലെ എല്ലാവരെയും മൂലയ്ക്കിരുത്തി പെട്ടെന്ന് അതിൻ്റെ സംസ്ഥാന പ്രസിഡൻ്റായി എല്‍ഡിഎഫ് എന്ന് പറഞ്ഞ് ഇറങ്ങിയാല്‍ മുഖ്യമന്ത്രി പിണറായി വിജയനോ എല്‍ഡിഎഫോ പ്രത്യേകിച്ച്‌ സിപിഎമ്മോ അത്രപെട്ടെന്ന് അങ്ങ് അംഗീകരിച്ചുകൊടുക്കുമോയെന്ന കാര്യം സംശയമാണ്.

മുഖ്യമന്ത്രിയും കൂട്ടരും ഇന്നലെ വന്ന പി.സി.ചാക്കോയെ വിശ്വാസത്തിലെടുക്കുമോ അതോ പഴയ എൻ.സി.പി നേതാക്കളായ ശശീന്ദ്രനെപ്പോലുള്ളവരെ വിശ്വാസത്തിലെടുക്കുമോ. അല്ലെങ്കില്‍ കോണ്‍ഗ്രസ് വിട്ട് അതിൻ്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച്‌ എൻ.സി.പിയിലേയ്ക്ക് വന്ന പി.സി. ചാക്കോയ്ക്ക് എന്തെങ്കിലും മേന്മ വേണം. അടുത്തിടെ എല്‍.ഡി.എഫ് വിട്ട നിലമ്ബൂരിലെ എം.എല്‍.എ പി വി അൻവറിനെ പോലുള്ളവരുടെ കൂടെ പത്ത് ആള്‍ക്കാർ എങ്കിലും ഉണ്ടെന്ന് പറയാം. ചാക്കോയുടെ പിറകില്‍ ആരാണ് ഉള്ളത്? ചാക്കോ എൻ.സി.പിയില്‍ നിന്ന് പോയാലും എൻ.സി.പി എന്ന പാർട്ടി എൻ.സി.പിയായി തന്നെയുണ്ടാകും എന്നതാണ് യാഥാർത്ഥ്യം.

കോണ്‍ഗ്രസ് ഡല്‍ഹി സംസ്ഥാനത്തിൻ്റെ ചുമതല പി സി ചാക്കോയെ ഏല്‍പ്പിച്ചിട്ട് അവിടെ ഒന്നും നടന്നില്ല. പിന്നീട് അതിൻ്റെ നേതൃത്വം തന്നെ അംഗീകരിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് ശരത് പവാർ മുഖേന എൻ.സി.പിയിലേയ്ക്ക് ചാടി കേരളത്തിലെ പാർട്ടി പ്രസിഡൻ്റ് സ്ഥാനം പിടിച്ചെടുത്തു. പിന്നീട് അതിലെ ആകെയുള്ള രണ്ട് എംഎല്‍എമാരെ മന്ത്രിസ്ഥാനത്തിന് വേണ്ടി അടുപ്പിക്കുകയായിരുന്നു പ്രധാന പണിയെന്നാണ് വിമർശനം. സീനിയർ നേതാവായ എ കെ ശശീന്ദ്രനും, തോമസ് ചാണ്ടി മരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ സഹതാപ തരംഗത്തില്‍ എംഎല്‍എയായ തോമസ് കെ തോമസും മാന്തിപദവിക്ക് വേണ്ടി കലഹിക്കുകയാണ്.

പ്രധാനപ്പെട്ട പാർട്ടി ഭാരവാഹിത്വങ്ങളിലെല്ലാം ചാക്കോ സ്വന്തക്കാരെ തിരുകി കയറ്റിവെയ്ക്കുകയും ചെയ്തു. രണ്ട് എംഎല്‍എമാർ മന്ത്രിസ്ഥാനത്തിന് വേണ്ടി തമ്മില്‍ തല്ലുമ്ബോള്‍ രണ്ടു പേരെയും മാറ്റി തന്നെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി പിന്തുണയ്ക്കുമെന്നും ചാക്കോ ഒരു വട്ടം ചിന്തിച്ചുകാണുമെന്ന് വിമർശിക്കുന്നവരും പാർട്ടിയിലുണ്ട്. കാരണം താൻ വെറും ഒരു നേതാവ് അല്ലല്ലോ. എംപിയും എംഎല്‍എയും ഒക്കെ ആയിരുന്ന ആള്‍ അല്ലെ. അങ്ങനെ ചിന്തിച്ചിരുന്ന ചാക്കോയ്ക്കിട്ട് മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്നും എൻ.സി.പി അണികളില്‍ നിന്നും ഉഗ്രൻ പണി കിട്ടി എന്ന് വ്യക്തം. പണ്ട് കോണ്‍ഗ്രസ് എസില്‍ നിന്നും ചാടി കോണ്‍ഗ്രസില്‍ എത്തിയ ചരിത്രവും ഉള്ളയാളാണ് പി സി ചാക്കോ.

പി വി അൻവറിനെ പോലെ മുഖ്യമന്ത്രിക്കെതിരെ രണ്ട് പറഞ്ഞാല്‍ അത് ഏറ്റുപിടിക്കുമെന്നും അങ്ങനെ മുഖ്യമന്ത്രിയോട് പയറ്റി എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ ചേക്കേറാമെന്നുമായിരിക്കാം ചാക്കോയുടെ ചിന്ത. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ലേബലില്‍ ഏതെങ്കിലും ഒരു സീറ്റില്‍ മത്സരിക്കുകയും ചെയ്യാം. പറ്റുമെങ്കില്‍ ഒരു മന്ത്രി കസേരയും കിട്ടും. അതിന് യു.ഡി.എഫിന് ജയിക്കാൻ കഴിയാത്ത, എൻ.സി.പി ലിസ്റ്റില്‍ ഉള്ള കുട്ടനാട് പോലുള്ള സീറ്റുകളും ഉണ്ട്. അത്തരമൊരു സീറ്റ് കിട്ടിയാലും മതി. കോണ്‍ഗ്രസിലാണെങ്കില്‍ എല്ലാവരും പഴയ ചങ്ങാതികളും. അങ്ങനെ മുഖ്യമന്ത്രിയെ പറഞ്ഞിട്ട് പി വി അൻവർ ആകാൻ ശ്രമിക്കുന്ന പി സി ചാക്കോയെ ആണ് ഇപ്പോള്‍ കാണാൻ സാധിക്കുന്നത്.
പഠിച്ച പണി പലതും എങ്ങ് എടുത്തിട്ടും ഒന്നും അങ്ങ് ഏശുന്നില്ല. മുഖ്യമന്ത്രിയാണെങ്കില്‍ ഒട്ട് അനങ്ങുന്നുമില്ല. മുഖ്യമന്ത്രിയെക്കൊണ്ട് എന്തെങ്കിലും പറയിപ്പിച്ചാല്‍ മാത്രമേ തനിക്ക് വലിയ ആളാകാൻ പറ്റു. ചാക്കോ നിശ്ചയമായും ലക്ഷ്യമിടുന്നത് യുഡിഎഫ് പ്രവേശനം തന്നെയല്ലേ? മമതയുടെ പാർട്ടിയായ തൃണമൂല്‍ പോലെ തന്നെ എൻസിപി യും കോണ്‍ഗ്രസിൻ്റെ ഭാഗമായ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ്. ആ രീതിയില്‍ യു.ഡി.എഫില്‍ എത്തിയാല്‍ ശരത് പവാറിനെ വെച്ച്‌ കേരളത്തില്‍ വിലപേശാമെന്ന് പി.സി ചാക്കോ കരുതുന്നു.

Facebook Comments Box