കാത്തിരുന്ന മാറ്റം വന്നെത്തി, സ്വപ്നത്തില്‍ പോലും കാണാത്ത പുത്തൻ അപ്ഡേറ്റുമായി വാട്സാപ്പ്
ഇന്ത്യക്കാർക്കായി പുതിയ അപ്‌ഡേറ്റുമായി വാട്സാപ്പ്. പല അവസരങ്ങളിലും വാട്സാപ്പിലെത്തുന്ന ദൈർഘ്യം കൂടിയ വോയിസ് മെസേജുകള്‍ കേള്‍ക്കാൻ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.
ഈ ബുദ്ധിമുട്ട് കണക്കിലെടുത്താണ് വാട്സാപ്പ് പുതിയ അപ്‌ഡേഷൻ നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറില്‍ തന്നെ മെറ്റ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ അപ്‌ഡേഷൻ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്. ഉടൻ തന്നെ ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും.
വാട്സാപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്നാണ് അപ്‌ഡേറ്റ് അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ ഫോണിന്റെ പ്രൊസസ്സിംഗ് വഴിയാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ വാട്സാപ്പിലെത്തുന്ന വോയിസ് മെസേജിനെ സുരക്ഷിതമായ രീതിയില്‍ ടെക്സ്റ്റ് രൂപത്തില്‍ മാറ്റാൻ സാധിക്കും. ഇത് സ്വകാര്യത കാത്തുസൂക്ഷിക്കുന്നുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ തുടങ്ങിയ ഭാഷകളില്‍ ട്രാൻസ്‌ക്രിപ്ഷൻ നടത്താവുന്നതാണ്. ഔദ്യോഗികമായി ഹിന്ദി ഭാഷയില്‍ ട്രാൻസ്‌ക്രിപ്ഷൻ ലഭ്യമല്ല. ഭാവിയില്‍ ഇതിന്റെ അപ്‌ഡേറ്റും ഉണ്ടാകും.
പുതിയ അപ്‌ഡേഷൻ ലഭിക്കാൻ
വാട്സാപ്പിലെ സെറ്റിംഗ്സ് മെനുവിലേക്ക് കടക്കുക, ശേഷം ചാറ്റുകള്‍ തിരഞ്ഞെടുത്ത് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റുകള്‍ വിഭാഗത്തിലേക്ക് കടക്കുക. അതില്‍ നിന്നും അനുയോജ്യമായ ഭാഷ തിരഞ്ഞെടുത്ത് എനേബിള്‍ ചെയ്യുക. ഇന്റർനെറ്റിന്റെ സഹായത്തോടെ മാത്രമേ ഇത് ചെയ്യാൻ സാധിക്കുളളൂ. നിങ്ങള്‍ക്ക് ലഭിക്കുന്ന വോയിസ് മെസേജില്‍ ടാപ്പ് ചെയ്ത് മോർ ഓപ്ഷനിലൂടെ ട്രാൻസ്‌ക്രൈബ് ചെയ്ത് മെസേജ് വായിക്കാവുന്നതാണ്.