ചുങ്കത്തറ’യ്ക്ക് മറുപടി പാലക്കാട് ; അൻവറിന്റെ പാര്‍ട്ടി നേതാവ് മിൻഹാജ് സിപിഎമ്മില്‍
പാലക്കാട് : മുൻ നിലമ്പൂർ എംഎല്‍എ പി വി അന്‍വറിന്റെ സഹചാരിയായിരുന്ന മിന്‍ഹാജ് മെദാര്‍ ത്രിണാമുൽ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേര്‍ന്നു. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയിലേക്ക് ചേക്കേറുമെന്ന് ആരോപിച്ചുകൊണ്ടാണ് ഇടത് ചേരിക്കൊപ്പം മിന്‍ഹാജ് ചേര്‍ന്നിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ രാജിവെച്ചതായും മിന്‍ഹാജ് പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ആളാണ് മിന്‍ഹാജ് മെദാര്‍.
അന്‍വറുമായുള്ള ബന്ധം മുറിച്ചെത്തിയ മിന്‍ഹാജിനെ സ്വീകരിക്കുന്നതായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. മിന്‍ഹാജിന് പാര്‍ട്ടി എല്ലാ സംരക്ഷണവും ഒരുക്കുമെന്ന് സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ചുങ്കത്തറയില്‍ എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിച്ച അന്‍വറിനുള്ള മറുപടി കൂടിയാണ് മിന്‍ഹാജിലൂടെ സിപിഎം നല്‍കിയിരിക്കുന്നത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലാണ് മിന്‍ഹാജിന് സ്വീകരണമൊരുക്കിയത്. എല്‍ഡിഎഫ് വിട്ട അന്‍വര്‍ ഡിഎംകെ രൂപീകരിച്ചപ്പോള്‍ പാലക്കാട് ജില്ലാ സെക്രട്ടറി കൂടിയായിരുന്നു മിന്‍ഹാജ്. പിന്നീട് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ മിന്‍ഹാജും ഒപ്പം പോയിരുന്നു.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ)യുടെ സ്ഥാനാർത്ഥിയായി തുടക്കത്തില്‍ വരികയും പിന്നീട് പി വി അൻവർ സ്ഥാനാർത്ഥിയെ പിൻവലിക്കുകയും ചെയ്തിരുന്നു. അൻവറിൻ്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിൻ്റെ നാലു കോര്‍ഡിനേറ്റർമാരില്‍ ഒരാളാണ് മിൻഹാജ്.