പി വി അൻവറിന് വീണ്ടും തിരിച്ചടി; തൃണമൂലിനെ യുഡിഎഫിലെടുക്കില്ല; തനിച്ച് വന്നാല്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നിലപാട്
തിരുവനന്തപുരം: നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ തങ്ങളോട് വിലപേശുന്ന പി വി അൻവറിന് ചെക്ക് പറയാൻ കോണ്‍ഗ്രസ്.
തൃണമൂല്‍ കോണ്‍ഗ്രസിനെ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാക്കാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതേസമയം, പി വി അൻവറിന് വ്യക്തിപരമായി കോണ്‍ഗ്രസിലോ യുഡിഎഫിലെ മറ്റേതെങ്കിലും പാർട്ടിയിലോ ചേർന്ന് പ്രവർത്തിക്കുന്നതിന് തടസമില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി തന്നെ അൻവറിനെ അറിയിക്കും. നിലമ്ബൂർ നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ താൻ നിർദ്ദേശിക്കുന്നയാളെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാക്കണമെന്ന നിലപാട് ഉയർത്തുന്നതിനിടെയാണ് അൻവറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ തള്ളിയുള്ള കോണ്‍ഗ്രസ് നിലപാട്.
തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കേണ്ടതില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെയും നിലപാട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള പാർട്ടിയല്ല തൃണമൂല്‍ എന്നതാണ് ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല, തരംകിട്ടുമ്ബോഴൊക്കെ തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി കോണ്‍ഗ്രസിനെ നിശിതമായി വിമർശിക്കാറുമുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യോജിച്ചുനില്‍ക്കാത്ത തൃണമൂലുമായി സംസ്ഥാനത്ത് കൈകോർക്കാനാവില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും അംഗീകരിക്കുകയായിരുന്നു.
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുന്നണി പ്രവേശനം കാത്തുനില്‍ക്കുന്ന അൻവറിനെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം അറിയിക്കും. ഈ മാസം 23നു അൻവറുമായി കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. തൃണമൂലിന്റെ സംസ്ഥാന കണ്‍വീനറായ അൻവർ, പാർട്ടി ഉപേക്ഷിച്ച് യുഡിഎഫില്‍ ചേരാൻ തയാറാകുമോയെന്നാണ് അറിയേണ്ടത്. വി.എസ്.ജോയിയോടാണു താല്‍പര്യമെങ്കിലും യുഡിഎഫ് നിർത്തുന്ന ഏതു സ്ഥാനാർഥിയെയും പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അൻവർ അറിയിച്ചിട്ടുണ്ട്. പകരം, ഉപതിരഞ്ഞെടുപ്പിനു മുൻപു മുന്നണിയിലെടുക്കണമെന്നാണ് ആവശ്യം.
ദേശീയതലത്തില്‍ ഇന്ത്യാസഖ്യം രൂപീകരിക്കാൻ കോണ്‍ഗ്രസും തൃണമൂലും ഒന്നിച്ചു നിന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് തെറ്റിപ്പിരിഞ്ഞു. കോണ്‍ഗ്രസിനൊപ്പം സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച തൃണമൂല്‍ നേതാവ് മമത ബാനർജി, ലോക്സഭാ പോരില്‍ ബംഗാളില്‍ ഒറ്റയ്ക്കു മത്സരിച്ചു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിനെ നിശിതമായി വിമർശിച്ച് തൃണമൂല്‍ രംഗത്തുവന്നതും ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കി.
തരംകിട്ടുമ്ബോഴെല്ലാം കടന്നാക്രമിക്കുന്ന തൃണമൂലുമായി കേരളത്തില്‍ ഒന്നിക്കേണ്ടതില്ലെന്നാണു ഹൈക്കമാൻഡിന്റെ തീരുമാനം. ഒറ്റയ്ക്കു വന്നാല്‍ ഒപ്പംകൂട്ടാമെന്ന കോണ്‍ഗ്രസ് നിലപാടില്‍ മമതയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും അൻവർ തീരുമാനമെടുക്കുക. നിലമ്ബൂർ സ്ഥാനാർഥിയുടെ കാര്യത്തില്‍ അൻവർ ഒരുതരത്തിലുള്ള സമ്മർദവും ചെലുത്തുന്നില്ലെന്നും വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ ആര്യാടൻ ഷൗക്കത്തിനെയോ വി.എസ്.ജോയിയെയോ തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. സ്ഥാനാർഥിയായി കോണ്‍ഗ്രസ് ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചിട്ടുണ്ട്.
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ വി.എസ്.ജോയിയെ കോണ്‍ഗ്രസ് സ്ഥാനാർഥിയാക്കണമെന്നാണ് അൻവറിന്റെ ആവശ്യം.എന്നാല്‍, ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കണമെന്ന വികാരമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. മുസ്ലീം ലീഗിനും ആര്യാടൻ ഷൗക്കത്ത് മത്സരിക്കണമെന്ന നിലപാടാണ്.
ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാല്‍ തന്റെ പിന്തുണയുണ്ടാകില്ലെന്ന് അൻവർ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിലേറെ തവണ അൻവറുമായി ചർച്ച നടത്തിയിരുന്നു. എന്നാല്‍, തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നാണ് അൻവർ കോണ്‍ഗ്രസ് നേതാക്കളോട് വ്യക്തമാക്കിയത്. തന്റെ നിർദ്ദേശം അംഗീകരിക്കുന്നില്ലെങ്കില്‍ നിലമ്ബൂരില്‍ യുഡിഎഫിന് വലിയ വിലകൊടുക്കേണ്ടി വരുമെന്ന സൂചനയും അൻവർ നല്‍കുന്നുണ്ട്.
ഇതിനിടെ, കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വരെ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും അൻവർ പ്രഖ്യാപിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂെടയാണ് അൻവറിന്റെ പ്രഖ്യാപനം. നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്നാണ് അൻവർ സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
പി.വി.അൻവറിന്റെ പോസ്റ്റിന്റെ പൂർണരൂപം
‘നിലമ്ബൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ(UDF) സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി ഇപ്പോള്‍ മുതല്‍ പൂർണ്ണമായും വിച്ഛേദിക്കുകയാണ്.
പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കള്‍ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
“ചിന്തിക്കുന്നവർക്ക്” ദൃഷ്ടാന്തമുണ്ട്.’
പി.വി അൻവർ