ദേശീയ പണിമുടക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയോ? ബസുകള്‍ ഓടുമോ? ഏതൊക്കെ സേവനങ്ങളെ ബാധിക്കും? വിശദമായിട്ട് അറിയാം.
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതല്‍ ആരംഭിക്കും.
ബാങ്കിംഗ്, ഇൻഷുറൻസ്, പോസ്റ്റല്‍, നിർമ്മാണം, പൊതുഗതാഗതം തുടങ്ങിയ സേവന മേഖലകളിലെ ജീവനക്കാർ ഭാരത് ബന്ദിന്റെ ഭാഗമാകുമെന്നാണ് സംഘടനകള്‍ വ്യക്തമാക്കുന്നത്. തൊഴിലാളികള്‍ കൂട്ടത്തോടെ പണിമുടക്കുന്നത് ജനജീവതം സ്തംഭിപ്പിച്ചേക്കും. കേരളത്തിലും ബന്ദ് സമ്ബൂർണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
25 കോടിയിലധികം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം കർഷകരും ഗ്രാമീണ തൊഴിലാളികളും പ്രതിഷേധത്തില്‍ പങ്കുചേരും’, ഓള്‍ ഇന്ത്യ ട്രേഡ് യൂണിയൻ കോണ്‍ഗ്രസ് നേതാവ് അമർജീത് കൗർ പറഞ്ഞു.
എന്തിനാണ് ദേശീയ പണിമുടക്ക് ?
17 ആവശ്യങ്ങളാണ് സംഘടനകള്‍ ഉന്നയിക്കുന്നത്.എല്ലാ അസംഘടിത – കരാർ തൊഴിലാളികള്‍ക്കും, സ്കീം വർക്കർമാർക്കും പ്രതിമാസം 26000 രൂപ വേതനം നിശ്ചയിക്കുക എന്നതാണ് സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കേന്ദ്രസർക്കാർ
കഴിഞ്ഞ 10 വർഷമായി വാർഷിക ലേബർ കോണ്‍ഫറൻസ് നടത്തിയിട്ടില്ലെന്നും തൊഴിലാളികളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി തീരുമാനങ്ങള്‍ എടുക്കുന്നത് തുടരുകയാണെന്നും സംഘടനകള്‍ ആരോപിച്ചു. യൂണിയനുകളുടെ പ്രവർത്തനം തടസപ്പെടുത്താൻ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ എന്ന പേരില്‍ തൊഴിലുടമകളെ സഹായിക്കാനും നാല് ലേബർ കോഡുകള്‍ കേന്ദ്ര സർക്കാർ തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുകയാണെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി.
ക്ഷേമ രാഷ്ട്ര പദവിയെ ഇല്ലാതാക്കി വിദേശ, ഇന്ത്യൻ കോർപ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. ഇത് സർക്കാരിന്റെ നയങ്ങളില്‍ നിന്ന് വ്യക്തമാണ്.പൊതുമേഖലാ സ്ഥാപനങ്ങളുടെയും പൊതു സേവനങ്ങളുടെയും സ്വകാര്യവല്‍ക്കരണം, ഔട്ട്‌സോഴ്‌സിംഗ് നയങ്ങള്‍, കരാർവല്‍ക്കരണം, തൊഴിലാളികളുടെ കാഷ്വലൈസേഷൻ തുടങ്ങിയ നയങ്ങള്‍ക്കെതിരെ പോരാടുകയാണെന്നും സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബാങ്കുകളും സ്കൂളുകളും കോളേജുകളും നാളെ പ്രവർത്തിക്കുമോ?
ജൂലൈ 9 ന് ബാങ്കുകള്‍ക്കും മറ്റ് സർക്കാർ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിംഗ്, പോസ്റ്റല്‍, കല്‍ക്കരി ഖനനം, ഫാക്ടറികള്‍, സംസ്ഥാന ഗതാഗത സേവനങ്ങള്‍ എന്നിവയെല്ലാം തടസപ്പെടുമെന്ന് സംഘടനകള്‍ പറയുന്നു. ബാങ്കിംഗ് മേഖല ഭാരത് ബന്ദില്‍ പങ്കുചേരുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അതേസമയം വൈദ്യുതി വിതരണവും നാളെ തടസപ്പെട്ടേക്കാമെന്നാണ് വിവരം. 27 ലക്ഷത്തിലധികം വരുന്ന വൈദ്യുതി വകുപ്പ് ജീവനക്കാർ ഭാരത് ബന്ദില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുണ്ട്.
ഭാരത് ബന്ദിനോടനുബന്ധിച്ച് സംസ്ഥാനങ്ങള്‍ ഇതുവരെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ അവ തുറന്ന് പ്രവർത്തിക്കാനാണ് സാധ്യത.
കേരളത്തില്‍ പണിമുടക്ക് എങ്ങനെ ബാധിക്കും?
കേരളത്തിലും പ്രധാന തൊഴിലാളി സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനജീവിതം സ്തംഭിച്ചേക്കും. അവശ്യസർവ്വാസുകളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബസ് , ഓട്ടോ, ടാക്സി സർവ്വീസുകള്‍ ഉണ്ടായേക്കില്ല. എന്നാല്‍ കെ എസ് ആർ ടി സി നാളത്തെ പണിമുടക്കിന്റെ ഭാഗമാകില്ലെന്നാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചത്.
‘കെ എസ് ആർ ടി സി തൊഴിലാളികളാരും സമരത്തിന് നോട്ടീസ് നല്‍കിയിട്ടില്ല. അവർ സന്തുഷ്ടരാണ്. പൊതുഗതാഗത സംവിധാനമല്ലേ, അതുകൊണ്ട് തന്നെ തൊഴിലാളികള്‍ സമരത്തിന് ഇറങ്ങില്ലെന്നാണ് വിശ്വാസം. അവർക്ക് സമരം ചെയ്യാൻ പറ്റുന്ന സാഹചര്യമല്ല. കഴിഞ്ഞ തവണ അവർ സമരം ചെയ്തപ്പോള്‍ ആറ് ശതമാനം ആളുകളേ സമരം ചെയ്തുള്ളൂ, ബാക്കി 96 ശതമാനം പേരും ജോലി ചെയ്തു. കെ എസ് ആർ ടി സി യുടെ സംസ്കാരം മാറുന്നുവെന്നതിന്റെ വ്യക്തമായ ഉദാഹരണമാണത്’, മന്ത്രി വ്യക്തമാക്കി. അതേസമയം കെ എസ് ആർ ടി സികള്‍ നിരത്തിലിറങ്ങിയാല്‍ സമരം ഏല്‍ക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.