Kerala NewsPolitics

മഞ്ഞുരുകുന്നു?; മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ കാണും, കൂടിക്കാഴ്ച രാജ്ഭവനില്‍

Keralanewz.com

തിരുവനന്തപുരം: സര്‍വകലാശാലാ വിഷയങ്ങളിലടക്കം സംസ്ഥാന സര്‍ക്കാരും രാജ്ഭവനും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തും.
വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂടിക്കാഴ്ച. ഭാരതാംബ ചിത്രത്തില്‍ തുടങ്ങി കേരള സര്‍വകലാശാല വിഷയത്തിലൂടെ മുറുകിയ പോരിനിടെയാണ് രാജ്ഭവനില്‍ നിര്‍ണായക ചര്‍ച്ച നടക്കുക.

സര്‍വകലാശാലാ വിഷയങ്ങളില്‍ സമവായം കണ്ടെത്താനാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരള, സാങ്കേതിക സര്‍വകലാശാല വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതോടെയാണ് സ്ഥിതി കൂടുതല്‍ വഷളായത്.

കേരള സര്‍വകലാശാലാ വിസി നിയമനം, താല്‍ക്കാലിക വിസിമാരുടെ നിയമനം, സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. സ്ഥിരം, താത്കാലിക വിസിമാരുടെ നിയമനം, കേരള സര്‍വകലാശാലയിലെ വിസി-രജിസ്ട്രാര്‍ തര്‍ക്കം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

സംസ്ഥാനത്തെ 14 സര്‍കലാശാലകളില്‍ 13ലും സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ലാത്ത ഗുരുതര പ്രതിസന്ധിയാണുള്ളത്. ഇതിനുള്ള പരിഹാര ഫോര്‍മുല ഗവര്‍ണര്‍-മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞേക്കും. കേരള സര്‍വകലാശാല വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച്‌, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കഴിഞ്ഞ ദിവസം വിസി മോഹനന്‍ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.‍

Facebook Comments Box