20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കില്‍ സാധുതയില്ല: ഹൈക്കോടതി
കൊച്ചി: ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് നിയമസാധുത കിട്ടണമെങ്കില്‍ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി.
പണമായി നല്‍കുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകള്‍ക്ക് ഈടായി നല്‍കിയ ചെക്കുകള്‍ ഹാജരാക്കുന്ന കേസുകള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പണമായി നല്‍കിയ 9 ലക്ഷം രൂപയുടെ വായ്പക്ക് ഈടായി നല്‍കിയ ചെക്ക് മടങ്ങിയതിന്റെ പേരില്‍ വിചാരണക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവിന് മുൻകാല പ്രാബല്യമുണ്ടാകില്ല. വിചാരണ പൂർത്തിയായ കേസുകള്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ല.പത്തനംതിട്ട സ്വദേശി പി.സി. ഹരിയാണ് വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തത്. ചെക്ക് മടങ്ങിയതിന് പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതി ഹർജിക്കാരനെ ഒരു വർഷം തടവിനും 9 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇത് അഡീഷണല്‍ സെഷൻസ് കോടതിയും ശരി വച്ചു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
9 ലക്ഷംരൂപ വായ്പ നല്‍കിയെന്നത് കളവാണെന്നും പരാതിക്കാരന് ഇതിനുള്ള വരുമാനമാർഗമില്ലെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്.വായ്പാ തുക പണമായി നല്‍കിയതിന്റെ പേരില്‍ ചെക്കു കേസ് ഇല്ലാതാകില്ലെന്നായിരുന്നു പരാതിക്കാരൻ ഷൈൻ വർഗീസിന്റെ വാദം.ഇൻകം ടാക്‌സ് ആക്‌ട് പ്രകാരം 20,000 രൂപയില്‍ കൂടുതലുള്ള തുക ബാങ്ക് അക്കൗണ്ട് വഴി മാത്രമേ കൈമാറാവൂവെന്ന് കോടതി വ്യക്തമാക്കി. നിയമവിരുദ്ധ പണം കൈമാറ്റത്തെ നിയമപരമായ വായ്പയായി കണക്കാക്കാനാകില്ല. അതല്ലെങ്കില്‍ പണമായി നല്‍കാനുള്ള കാരണം വ്യക്തമാക്കണമായിരുന്നു.
അക്കൗണ്ട് പേ ചെക്ക്, അക്കൗണ്ട് പേ ബാങ്ക് ഡ്രാഫ്റ്റ്, അതല്ലെങ്കില്‍ ഇലക്‌ട്രോണിക് ക്ലിയറിംഗ് സംവിധാനം എന്നിവയിലൂടെ മാത്രമേ 20,000ല്‍ അധികമുള്ള തുക കൈമാറാനാകൂയെന്ന്ഹൈക്കോടതി വ്യക്തമാക്കി.കോടതിയിലൂടെ കള്ളപ്പണം വെളിപ്പിക്കുന്ന സ്ഥിതിയുണ്ടാകാൻ പാടില്ല. സമാന്തര സമ്ബദ് വ്യവസ്ഥയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന ആശയത്തിനും അത് എതിരാകും. ഒരു ദിവസം രണ്ട് ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ നടത്തുന്നതിലും നിയന്ത്രണമുണ്ട്. വലിയ തുക ബാങ്ക് അക്കൗണ്ട് വഴിയല്ല കൈമാറുന്നതെങ്കില്‍ തത്തുല്യമായ തുക പിഴയൊടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.