CRIMEKerala News

ക്രിമിനല്‍ കേസില്‍ നേരിട്ട് മുന്‍കൂര്‍ ജാമ്യം; മറ്റൊരിടത്തും കാണാനാകില്ല; കേരള ഹൈക്കോടതിയെ കുടഞ്ഞ് സുപ്രീം കോടതി; രജിസ്ട്രാര്‍ക്ക് നോട്ടീസ് അയച്ചു

Keralanewz.com

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന മുൻകൂർ ജാമ്യ ഹർജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ വിമർശിച്ച്‌ സുപ്രീം കോടതി.

രാജ്യത്തെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി നിലനില്‍ക്കുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഹൈക്കോടതി രജിസ്ട്രാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അമികസ്ക്യൂരിയായി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറയെ കോടതി നിയമിച്ചു.

കേരളത്തില്‍ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ ആണ് ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബിഎൻഎസ്‌എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയല്‍ ചെയ്യുന്ന മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയില്‍ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ കേസുകളിലെ വസ്തുതകള്‍ അറിയാവുന്നത് സെഷൻസ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികള്‍ക്ക് കേസുകളുടെ പൂർണ്ണമായ വസ്തുത അറിയണമെന്നില്ല-സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ വിചാരണ കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന ജാമ്യാപേക്ഷകള്‍ ഹൈക്കോടതി പരിഗണിക്കുന്നതില്‍ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഒക്ടോബർ 14 ന് വിശദ വാദം കേള്‍ക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കുമ്ബോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകൻ ഷിനോജ് കെ നാരായണനും, സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സുല്‍ ഹർഷദ് വി ഹമീദും ഹാജരായി

Facebook Comments Box