ഓഗസ്റ്റ് 15-ന് ജയില്‍ചാടാൻ പദ്ധതിയിട്ടു: തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടാല്‍ പിടികൂടാനാകില്ലെന്നും ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തല്‍
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെടാൻ രണ്ടുവർഷമായി ആസൂത്രണം ചെയ്തിരുന്ന തടവുകാരൻ ഗോവിന്ദച്ചാമി, സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ജയില്‍ചാടാൻ തീരുമാനിച്ചിരുന്നതായി പൊലിസ് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.
എന്നാല്‍, സഹതടവുകാരനുമായുള്ള അടിപിടി കാരണം പദ്ധതി മാറ്റുകയായിരുന്നു.
തന്റെ പദ്ധതി ഒമ്ബത് മാസം മുമ്ബ് നടപ്പാക്കാൻ തുടങ്ങിയ ഗോവിന്ദച്ചാമി, സ്വാതന്ത്ര്യദിനത്തില്‍ ജയിലില്‍ ലഭിക്കുന്ന നല്ല ഭക്ഷണം കഴിച്ച ശേഷം രക്ഷപ്പെടാമെന്ന് കണക്കുകൂട്ടി. എന്നാല്‍, കഴിഞ്ഞ വ്യാഴാഴ്ച ഷിഹാബ് എന്ന തടവുകാരനുമായുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിച്ചു. ഇതേത്തുടർന്ന് ജയില്‍ ഉദ്യോഗസ്ഥർ ഗോവിന്ദച്ചാമിക്ക് താക്കീത് നല്‍കി. ഈ താക്കീതിനോടുള്ള പ്രതികാരമായി വെള്ളിയാഴ്ച തന്നെ ജയില്‍ചാടാൻ തീരുമാനിക്കുകയായിരുന്നു.
ഗോവിന്ദച്ചാമി തന്റെ സെല്ലില്‍ എലി കയറുന്നുവെന്ന് പറഞ്ഞ് അഴിക്കിടയില്‍ തുണി തിരുകാൻ അനുമതി വാങ്ങിയിരുന്നു. ഈ തുണി ഉപയോഗിച്ച് മുറിച്ച അഴി മറച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ തല അഴികളിലൂടെ കടക്കുമോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നതായും ഇയാള്‍ സമ്മതിച്ചു. രാത്രി രക്ഷപ്പെടുന്നതിന് മുമ്ബ് തുണികളും പുതപ്പും ചുരുട്ടി ഒരാള്‍ ഉറങ്ങുന്നതുപോലെ ഡമ്മി ഒരുക്കി. ഇതുമൂലം രാത്രി ടോർച്ച് വെളിച്ചത്തില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തോന്നി. ജയില്‍ചാട്ടത്തിന് മുന്നോടിയായി ശരീരഭാരം കുറയ്ക്കാൻ ഗോവിന്ദച്ചാമി ജയില്‍ ഡോക്ടറോട് ഉപദേശം തേടിയിരുന്നു. ഭക്ഷണം കുറയ്ക്കണമെന്ന ഡോക്ടറുടെ നിർദേശപ്രകാരം മൂന്ന് മാസമായി രാത്രി ഭക്ഷണം ഒഴിവാക്കി. ഉച്ചയ്ക്ക് ചപ്പാത്തി മാത്രം കഴിച്ചു. ഇടയ്ക്ക് ജയില്‍ ജീവനക്കാരോടുള്ള ദേഷ്യത്തില്‍ ഭക്ഷണം പൂർണമായി ഒഴിവാക്കുന്ന ശീലവും ഇയാള്‍ക്കുണ്ടായിരുന്നു.
പൊലിസ് ചോദ്യംചെയ്യലില്‍ ആദ്യം സഹകരിക്കാതിരുന്ന ഗോവിന്ദച്ചാമി പിന്നീട് വിശദമായി മറുപടി നല്‍കി. തമിഴ്നാട്ടിലെത്തിയാല്‍ തന്നെ പിടികൂടാൻ കഴിയില്ലെന്ന് ഇയാള്‍ അവകാശപ്പെട്ടു. റെയില്‍വേ സ്റ്റേഷനിലെത്തി മംഗളൂരുവിലേക്കോ കോയമ്ബത്തൂരിലേക്കോ ഉള്ള ആദ്യ ട്രെയിനില്‍ കയറി രക്ഷപ്പെടാനായിരുന്നു പദ്ധതി.
പത്താം ബ്ലോക്കിലെ സെല്ലിന്റെ കമ്ബി മുറിച്ച് പുറത്തുകടന്ന ഇയാള്‍, മതില്‍ ചാടി ക്വാറന്റൈൻ ബ്ലോക്കിലെത്തി. പുലർച്ചെ 1:15ന് ഇറങ്ങിയെങ്കിലും ക്വാറന്റൈൻ ബ്ലോക്കില്‍നിന്ന് പുറത്തുകടക്കാനും വലിയ മതില്‍ കയറാനുള്ള വാട്ടർ ടാങ്ക് എടുത്തുവയ്ക്കാനും സമയമെടുത്തു. ദേശീയപാത ഒഴിവാക്കി ജയിലിന് എതിർവശത്തെ റോഡിലൂടെ നടന്ന് സ്റ്റേഷനിലേക്ക് പോകവേ, വഴിതെറ്റി തളാപ്പിലെത്തുകയായിരുന്നുവെന്ന് ഗോവിന്ദച്ചാമി വെളിപ്പെടുത്തി.