National News

തെരുവ് നായ്‌ക്കളെ കൂട്ടിലടയ്‌ക്കുന്നത് നിര്‍ത്തിക്കാന്‍ കോടതിയില്‍ വന്ന് നാണം കെട്ട് കപില്‍ സിബല്‍ , സ്റ്റേ നല്കാതെയും വിധി മാറ്റിവെച്ചും മൂന്നംഗബെഞ്ച്

Keralanewz.com

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഒരിയ്‌ക്കല്‍ കൂടി അനുകൂല വിധി തേടി മൃഗസ്നേഹികള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്തിയ കപില്‍ സിബല്‍ ഇക്കുറി നാണം കെട്ടു.

ദല്‍ഹിയിലെ തെരുവ് നായ്‌ക്കളെ പിടികൂടി കൂട്ടിലടയ്‌ക്കൂ എന്ന സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ച് വിധിയ്‌ക്കെതിരെ സ്റ്റേ കിട്ടാനാണ് വലിയ വാദമുഖങ്ങളുമായി കപില്‍ സിബല്‍ പ്രൊജക്‌ട് കൈന്‍ഡ് നസ് എന്ന മൃഗാവകാശസംഘടനയ്‌ക്ക് വേണ്ടി സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടിയത്.

പക്ഷെ ഇക്കുറി ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ശക്തമായ മൂന്നംഗ ബെഞ്ചാണ് വാദമുഖങ്ങള്‍ കേട്ടത്. ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായ വാദങ്ങള്‍ ഉയര്‍ത്തി. “ആരും മൃഗങ്ങളെ വെറുക്കുന്നില്ല. 100ല്‍ നാലെണ്ണം വിഷബാധയുള്ളവരാണ്. വിഷബാധയുള്ള മൃഗങ്ങളെ നമ്മള്‍ വീട്ടില്‍ താമസിപ്പിക്കാറില്ല. ഈ നായ്‌ക്കളെ ആരും കൊല്ലുന്നില്ല. അവയെ വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നത്”. കഴിഞ്ഞ വര്‍ഷം 37 ലക്ഷം പേര്‍ക്ക് നായകടിയേറ്റ സര്‍ക്കാര്‍ കണക്കും തുഷാര്‍ മേത്ത നിരത്തി. .

“കുട്ടികളെ തെരുവ് നായ്‌ക്കള്‍ ക്രൂരമായി ആക്രമിക്കുകയാണ്. അത് അവരില്‍ പരിക്കുകള്‍ ഉണ്ടാക്കുന്നു. വിഷബാധയേറ്റ് കുട്ടികള്‍ മരിക്കുന്നു. നായ്‌ക്കളെ വന്ധ്യംകരിച്ചിട്ടും അവയ്‌ക്ക് വിഷമിളകുന്ന സ്ഥിതിയാണ്”- തുഷാര്‍ മേത്ത വാദിച്ചു. .

“മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ തെരുവിലേക്ക് കളിക്കാന്‍ പറഞ്ഞയക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ചെറിയ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങള്‍ കടിയേറ്റ് ഛേദിക്കപ്പെടുകയാണ്. നിയമങ്ങളില്‍ ഒന്നും ഇതിന് പരിഹാരമില്ല. കോടതി ഇതില്‍ ഇടപെടേണ്ടതായി വന്നിരിക്കുന്നു. “- തുഷാര്‍ മേത്ത പറഞ്ഞു.

“”ഇതാദ്യമായാണ് സോളിസിറ്റര്‍ ജനറല്‍ ഇങ്ങിനെ പറയുന്നത് കേള്‍ക്കുന്നത്. നിയമമുണ്ടെങ്കിലും അത് പിന്തുടരാന്‍ കഴിയുന്നില്ല എന്ന്”- അല്‍പം പരിഹാസച്ചുവയോടെയാണ് മൃഗസ്നേഹികളുടെ സംഘടനയ്‌ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദം തുടങ്ങിയത്. “ചോദ്യമെന്തെന്നാല്‍ മുനിസിപ്പല്‍ അധികൃതര്‍ തെരുവ് നായകള്‍ക്ക് ഷെല്‍റ്റര്‍ ഹോമുകള്‍ പണിതിട്ടുണ്ടോ എന്നാണ്. അവര്‍ തെരുവ് നായ്‌ക്കളെ പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ആഴത്തില്‍ വാദിക്കേണ്ട വിഷയമാണ്. സ്വമേധയാ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്തേ മതിയാവൂ.”- തെരുവ് നായ്‌ക്കളെ പിടികൂടുന്ന ദല്‍ഹി മുനിസിപ്പല്‍ അധികൃതരുടെ നടപടി നിര്‍ത്തിവെയ്‌പ്പിക്കാനുള്ള ഉത്തരവ് കിട്ടാന്‍ കപില്‍ സിബല്‍ വാദിച്ചുനോക്കി.

തെരുവ് നായ്‌ക്കളെ മുഴുവന്‍ നീക്കുക എന്നത് പ്രായോഗികമല്ലെന്നും കപില്‍ സിബല്‍ വാദിച്ചു. “തെരുവ് നായ്‌ക്കള്‍ക്ക് ഷെല്‍റ്റര്‍ ഹോമുകള്‍ ഇല്ലാത്തതിനാല്‍ ഈ വിധി നടപ്പാക്കാനാവില്ല. പിടികൂടിയ തെരുവ് നായ്‌ക്കളെ പുറത്തുവിടരുതെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്നു. ഇതും പ്രായോഗികമല്ല. കാരണം തെരുവ് നായ്‌ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍റ്റര്‍ ഹോമുകള്‍ ഇല്ല. നായ്‌ക്കളെ പിടികൂടുന്ന നടപടി ഉടന്‍ നിര്‍ത്തിവെയ്‌പ്പിക്കണം. കാരണം എവിടെയാണ് ഷെല്‍റ്റര്‍ ഹോമുകള്‍ ഉള്ളത്?”- എങ്ങിനെയെങ്കിലും നായ് പിടുത്തത്തിന് സ്റ്റേ കിട്ടാന്‍ കപില്‍ സിബല്‍ വാദിച്ചുനോക്കി.

“”പിടികൂടി കൂട്ടിലടക്കുന്ന തെരുവ് നായ്‌ക്കള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. കാരണം പിടികൂടുന്ന തെരുവ് നായ്‌ക്കളെ മുഴുവന്‍ ഒരു ഷെല്‍റ്ററില്‍ ഒരുമിച്ചിടുകയാണ് ചെയ്യുക. എന്നിട്ട് കൂട്ടിലേക്ക് ഒന്നിച്ച്‌ ഭക്ഷണം എറിഞ്ഞു കൊടുക്കും. അപ്പോള്‍ തെരുവ് നായ്‌ക്കള്‍ തമ്മില്‍ തല്ലിച്ചാകാന്‍ നല്ല സാധ്യതയുണ്ട്. ഇത് സാംക്രമിക രോഗത്തിനും കാരണമാകും. അത് അനുവദിക്കാന്‍ പാടില്ല.”- കപില്‍ സിബല്‍ വാദിച്ചു.

അഭിഷേ ക് മനു സിംഘ് വിയും മറ്റൊരു മൃഗസംഘടനയ്‌ക്ക് വേണ്ടി വാദിക്കാന്‍ എത്തിയിരുന്നു. കുതിരയ്‌ക്ക് മുന്നില്‍ വണ്ടിയെക്കെട്ടലാണ് നായ്‌ക്കളെ മുഴുവന്‍ എട്ടാഴ്ചയ്‌ക്കകം തെരുവില്‍ നിന്നും നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധിയെന്നും അത് നിര്‍ത്തിവെയ്‌ക്കണമെന്നും അദ്ദേഹം വാദിച്ചു.

പക്ഷെ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് ഈ വാദമുഖങ്ങളൊന്നും മുഖവിലയ്‌ക്കെടുത്തില്ല. ആഗസ്ത് 11ന് ജസ്റ്റിസുമാരായ പര്‍ദ്ദിവാലയും മഹാദേവും പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് മൂന്നംഗ ബെഞ്ച് പറഞ്ഞു. മാത്രമല്ല, ഈ കേസിലെ വിധി മറ്റൊരു ദിവസം പറയാമെന്നും കോടതി പറഞ്ഞു. ഇനി ആഗസ്ത് 15ാം തിയതി സ്വാതന്ത്ര്യദിനത്തിന് കോടതി അവധിയാണ്. എന്തായാലും അടുത്ത വാദം കേള്‍ക്കുന്ന തീയതി അറിയിച്ചിട്ടില്ല. അതിനര്‍ത്ഥം തെരുവ് നായ്‌ക്കളെ നീക്കുന്ന നടപടിയ്‌ക്ക് മൗനാനുവാദം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചെന്നാണ്

Facebook Comments Box