ഇന്ത്യന്‍ ജലാശയങ്ങളെ നശിപ്പിച്ചു, ഇപ്പോള്‍ ഇവിടെയും ! ലണ്ടനിലെ നദിയില്‍ ഗണേശ വിഗ്രഹ നിമജ്ജനം നടത്തിയതിനെതിരെ സോഷ്യല്‍ മീഡിയ, വൈറല്‍ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ 1.6 ദശലക്ഷത്തിലധികം
ലണ്ടനിലെ ഒരു നദിയില്‍ ഇന്ത്യന്‍ വംശജരായ ഭക്തര്‍ ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങുകള്‍ നടത്തുന്നതിന്റെ വിഡിയോ വൈറല്‍.
പരമ്ബരാഗത വസ്ത്രം ധരിച്ച ഭക്തര്‍ ഒരു ഗണേശ വിഗ്രഹം നദിയില്‍ നിമജ്ജനം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ 1.6 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്.
ഒരു കൂട്ടം ഉപയോക്താക്കള്‍ സാംസ്‌കാരിക പ്രകടനത്തെ പ്രശംസിച്ചപ്പോള്‍ ചിലര്‍ പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുകയും ഇത് ഇന്ത്യയല്ലെന്ന് ഓര്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യയില്‍ നിന്നും അകലെയാണെങ്കിലും ഇത് സംസ്‌കാരത്തിന്റെ മനോഹരമായ ഒരു പ്രകടനമാണെന്നും ആചാരത്തിന്റെയും ഭക്തിയുടേയും സാംസ്‌കാരിക പ്രാധാന്യം അഭിനന്ദിച്ചും ചിലര്‍ രംഗത്തെത്തി. എന്നാല്‍ മറ്റു ചിലരാകട്ടെ, ജലമലിനീകരണത്തെക്കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്, പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് വിഗ്രഹങ്ങള്‍ നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശിച്ചു. ‘ഇന്ത്യന്‍ ജലാശയങ്ങളെ നിങ്ങള്‍ ഇതുപയോഗിച്ച് നശിപ്പിച്ചു, ഇപ്പോള്‍ അന്താരാഷ്ട്ര ജലാശയങ്ങളെ നശിപ്പിക്കരുത്,” ഒരു ഉപയോക്താവ് എഴുതി.