Kerala News

കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ പാലം പുനർനിർമ്മിക്കണം; അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മന്ത്രിക്ക് നിവേദനം നൽകി

Keralanewz.com

കാഞ്ഞിരപ്പള്ളി : പ്രധാന ശബരിമല പാതയായ കാഞ്ഞിരപ്പള്ളി – ഇരുപത്താറാം മൈൽ -എരുമേലി റോഡിലെ ഇരുപത്തിയാറാം മൈൽപാലം പുനർനിർമ്മിക്കണം എന്നാവശ്യപ്പെട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. എഴുപതു വർഷത്തിലധികം പഴക്കമുള്ള ഇരുപത്തിയാറാം മൈൽ പാലത്തിൽ മുൻപ് വിള്ളലും ഗർത്തവും രൂപപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നു. അപകടാവസ്ഥ കണക്കിലെടുത്ത് നാളുകളോളം പാലത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരം തടയുകയും ഒരു വശത്ത് കൂടി മാത്രമായി ചെറുവാഹനങ്ങൾ കടത്തിവിടുകയുമാണ് ചെയ്തിരുന്നത്.തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയാണ് പാലം വീണ്ടും ഗതാഗതത്തിനായി തുറന്നു കൊടുത്തത്.ബി എം ബിസി നിലവാരത്തിൽ ഇരുപത്തിയാറാം മൈൽ എരുമേലി റോഡ് നവീകരിച്ചിരുന്നുവെങ്കിലും പാലത്തിൻ്റെ വീതി കൂട്ടാനോ പുനർനിർമ്മിക്കാനോ നടപടികൾ ഉണ്ടായിരുന്നില്ല. തീർത്ഥാടന കാലത്തടക്കം ഇടതടവില്ലാതെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. സമീപത്തായി സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേയ്ക്ക് എത്തുന്ന നൂറു കണക്കിന് രോഗികളും ഈ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. പാലം പുനർനിർമാണത്തിനുള്ള ഡിപിആർ തയ്യാറാക്കി ഭരണാനുമതിയ്ക്കായി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ആവശ്യപ്പെട്ടിട്ടുണ്ട്.

Facebook Comments Box