National News

‘വാഹനം ഇടിച്ചുകയറ്റിയത് കേന്ദ്രമന്ത്രിയുടെ മകന്‍’; മൂന്നുപേര്‍ കൊല്ലപ്പെട്ടു, ഒരാളെ വെടിവെച്ചു കൊന്നെന്ന് കര്‍ഷകര്‍, നാളെ രാജ്യവ്യാപക പ്രക്ഷോഭം

Keralanewz.com

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറിയതില്‍ മൂന്നുപേര്‍ മരിച്ചെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ഇതില്‍ ഒരാള്‍ മരിച്ചത് കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയുടെ വെടിയേറ്റാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. 

കേന്ദ്രമന്ത്രി അജയ് മിശ്ര തേനി രാജിവയ്ക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. നാളെ രാജ്യ വ്യാപക പ്രക്ഷോഭത്തിന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു. ജില്ലാ കലക്ടറേറ്റുകള്‍ ഉപരോധിക്കാനാണ് ആഹ്വാനം. ബിജെപി കര്‍ഷകരുടെ കൊലയാളികളാണെന്ന് കിസാന്‍ ഏകതാ മോര്‍ച്ച ട്വിറ്ററിലൂടെ ആരോപിച്ചു. 

കേന്ദ്രമന്ത്രിയുടെ പരിപാടിക്ക് എതിരെ പ്രതിഷേധിക്കാന്‍ എത്തിയ കര്‍ഷകര്‍ക്ക് നേരെയാണ് മന്ത്രിയുടെ മകന്‍ ആശിഷ് ഓടിച്ചിരുന്ന വാഹനം പാഞ്ഞുകയറിയത്. എന്നാല്‍, തന്റെ മകനല്ല വാഹനമോടിച്ചതെന്നും കര്‍ഷകരുമായുണ്ടായ സംഘര്‍ഷത്തില്‍ തന്റെ ഡ്രൈവറും ബിജെപി പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടതെന്നും അജയ് മിശ്ര പറഞ്ഞു. 

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി ഈ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഇതിനിടയില്‍ വന്‍ തോതില്‍ ഉന്തുംതള്ളുമുണ്ടായി. അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ബിജെപി നേതാക്കളുടെ വാഹനങ്ങള്‍ കര്‍ഷകര്‍ കത്തിച്ചു

Facebook Comments Box