Fri. Apr 19th, 2024

റേഷൻ കാർഡിന്റെ രൂപം മാറ്റുന്നു;പർച്ചേസ് കാർഡ് എന്ന പേരിലാകും അറിയപ്പെടുക;ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി എ.ടി.എം കാർഡിന്റെ മാതൃകയിലായിരിക്കും പുതിയ റേഷൻ കാർഡ്

By admin Oct 4, 2021 #news
Keralanewz.com

റേഷൻ കടയിൽ നിന്നുമാത്രമല്ല, സപ്ളൈകോ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങാവുന്ന തരത്തിൽ റേഷൻ കാർഡിന്റെ രൂപം മാറ്റുന്നു. നവംബർ ഒന്നിന് പുറത്തിറക്കുന്ന സ്മാർട്ട് റേഷൻ കാർഡിലാണ് പുതിയ സേവനങ്ങൾകൂടി ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി എ.ടി.എം കാർഡിന്റെ മാതൃകയിലായിരിക്കും ഇത്. ഇതുപയോഗിച്ച് സാധനങ്ങൾ വാങ്ങാം. പർച്ചേസ് കാർഡ് എന്ന പേരിലാകും അറിയപ്പെടുക. ബാങ്കുകളുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചർച്ച നടത്തിവരികയാണ്.

ഉടമയുടെ പേര്, വിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ മുൻവശത്തും പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് സിലിണ്ടർ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുവശത്തുമായി രേഖപ്പെടുത്തുന്ന സ്മാർട്ട് റേഷൻ കാർഡിന്റെ മാതൃകയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം ബാങ്കുകൾ നിർദ്ദേശിക്കുന്ന മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തും. റേഷൻ കടകളിൽ നിന്ന് ചെറിയ തുക ഈ കാർഡ് ഉപയോഗിച്ച് പിൻവലിക്കാൻ കഴിയുന്ന വിധത്തിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്താനും ആലോചനയുണ്ട്.

1000 കടകൾ മോഡേണാകും

റേഷൻ സാധനങ്ങൾ മാത്രമല്ല, പലവ്യഞ്ജനങ്ങളും കുപ്പിവെള്ളവും ഉൾപ്പെടെ ലഭിക്കുന്ന കേന്ദ്രങ്ങളായി റേഷൻ കടകളെ മാറ്റുന്ന പദ്ധതിയും തയ്യാറാകുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ആയിരം കടകളിലാകും സൗകര്യം. വൈദ്യുതി, വാട്ടർ ബില്ല് എന്നിവ റേഷൻ കടകളിൽ അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതും ആലോചനയിലുണ്ട്.സ്മാർട്ട് കാ‌ർഡിന് അപേക്ഷിക്കാൻ അക്ഷയ കേന്ദ്രങ്ങൾ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷിക്കാം. താലൂക്ക് സപ്ലൈ ഓഫീസറോ സിറ്റി റേഷനിംഗ് ഓഫീസറോ അംഗീകരിച്ചാൽ അതിന്റെ പ്രിന്റെടുത്ത് ഓഫീസിലെത്തി കാർഡ് കൈപ്പറ്റാം.
 സേവനം നവംബർ ഒന്നു മുതൽ’കാലത്തിന് അനുസരിച്ചുളള നവീകരണം നടത്തുന്നതിനൊപ്പം റേഷൻ വ്യാപാരികൾക്ക് കൂടുതൽ വരുമാനം കൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾ കൊണ്ടുവരുന്നത്”.-ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി

Facebook Comments Box

By admin

Related Post