കനത്ത മഴ; സംസ്ഥാനത്ത് മരണം ആറായി, 9പേരെ കാണാനില്ല
സംസ്ഥാനത്ത് നാശം വിതച്ച് പെയ്യുന്ന മഴയില്‍ മരണം ആറായി. കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ മഴയ്ക്കൊപ്പം തന്നെ ഉരുള്‍പൊട്ടലും ഉണ്ടായതോടെ കോട്ടയത്ത് വന്‍ ആശങ്കയാണ് നിലനില്‍ക്കുന്നത്. മഴക്കെടുതിയില്‍ ഒമ്ബത് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

കോട്ടയത്തുണ്ടായ ഉരുള്‍പൊട്ടലിലാണ് ഒമ്ബത് പേരെ കാണാതായത്. ഉരുള്‍പൊട്ടലില്‍ നാലു പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കാണാതായവരില്‍ മൂന്നു പേര്‍ മരിച്ചു എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. കാണാതായവരില്‍ ആറ് പേര്‍ ഒരു വീട്ടില്‍ നിന്നുള്ളവരാണ്. കൂട്ടിക്കല്‍ സ്വദേശി മാര്‍ട്ടിന്റെ വീട്ടിലുള്ള ആറുപേരെയാണ് കാണാതായത്.
പ്രദേശത്ത് ഉണ്ടായിരുന്ന മൂന്ന് വീടുകള്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയതായാണ് വിവരം. പൂഞ്ഞാര്‍ ബസ്റ്റോപ്പ് നിലവില്‍ പൂര്‍ണ്ണമായും വെള്ളത്തിലാണ്. വ്യോമസേനയുടെ ഉള്‍പ്പെടെയുള്ള സഹായം കൂട്ടിക്കല്‍ മേഖലയിലേക്ക് ലഭിക്കുമെന്നാണ് വിവരം. പാങ്ങോട് നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന എത്തുമെന്നാണ് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചിട്ടുള്ളത്. ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനാണ് വ്യോമസേന എത്തുക. ഇതിനായി രണ്ട് ഹെലികോപ്റ്ററുകളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കിയിലും മഴക്കെടുതി തുടരുകയാണ്. കാഞ്ഞാറില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കാറിലുണ്ടായിരുന്ന യുവാവും കൂടെ ജോലി ചെയ്യുന്ന യുവതിയുടേയും മൃതദേഹമാണ് കണ്ടെടുത്തത്. കൂത്താട്ടുകുളം സ്വദേശി നിഖിലും കൂടെ ഉണ്ടായിരുന്ന യുവതിയുമാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ തെക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറില്‍ ജലനിരപ്പ് ഉയരുകയാണ്. അമ്ബൂരി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. കണ്ണമ്മൂലയില്‍ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്.
ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്. വെള്ളപ്പൊക്കം മണ്ണിടിച്ചില്‍ സാധ്യതകളെ തുടര്‍ന്ന് ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല. നാളെയും മറ്റന്നാളുമാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.