ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനിയെയും ചോദ്യം ചെയ്ത് എൻ.സി.ബി; കേസിൽ നടി അനന്യ പാണ്ഡേയെ രണ്ടാം ദിനവും ചോദ്യം ചെയ്തത് 4 മണിക്കൂർ
മുംബൈ:
ആഡംബരക്കപ്പലിലെ ലഹരി മരുന്ന് വേട്ടക്ക് പിന്നാലെ മുംബൈ നഗരത്തിലെ വിവിധ ഇടങ്ങളിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡുകളും, ചോദ്യം ചെയ്യലുകളും, അറസ്റ്റുകളും വ്യാപകമാക്കുന്നു. ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനിയെ എൻസിബി ഇന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഒരു മണിക്കൂറിലധികമാണ് അവരെ ചോദ്യം ചെയ്തത്.
ബോളിവുഡ് നടി അനന്യ പാണ്ഡേയെ തുടർച്ചയായ രണ്ടാം ദിവസവും മുംബൈയിൽ ചോദ്യം ചെയ്യലിനായി എൻസിബി വിളിച്ചുവരുത്തി. ആര്യൻഖാനുമായി നടത്തിയ വാട്ട്സ്ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട് നാലു മണിക്കൂറോളം നടിയെ ചോദ്യം ചെയ്തു.
ഈ മാസം ആദ്യം മുംബൈ തീരത്ത് ക്രൂയിസ് കപ്പലിൽ നിരോധിത മയക്കുമരുന്ന് പിടികൂടിയ കേസിൽ തന്നെ പ്രതിയാക്കാൻ എൻസിബി തന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ജാമ്യം തേടി ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആര്യൻ ഖാൻ പറഞ്ഞു. ആര്യന്റെ ജാമ്യത്തിനുള്ള അപേക്ഷ പ്രത്യേക കോടതി തള്ളിയതിനെ തുടർന്നാണ് ഇപ്പോൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ആര‍്യന്റെ സുഹൃത്ത് അർബാസ് മർച്ചന്റ്, ഫാഷൻ മോഡൽ മുൻമുൻ ധമേച്ച എന്നിവരും ഒക്ടോബർ 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒക്ടോബർ 26 ന് ഹൈക്കോടതി അവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.