Fri. Apr 19th, 2024

സ്വന്തമായി വീടുണ്ടെങ്കിലും അവിടെ അന്തിയുറങ്ങാന്‍ അധികൃതരുടെ കനിവുതേടി ഒരു കുടുംബം

By admin Nov 1, 2021 #news
Keralanewz.com

കോട്ടയം : സ്വന്തമായി വീടുണ്ടെങ്കിലും അവിടെ അന്തിയുറങ്ങാന്‍ അധികൃതരുടെ കനിവുതേടി ഒരു കുടുംബം. കഴിഞ്ഞമാസം 16-നുണ്ടായ മഴക്കെടുതിയില്‍ കിടപ്പാടം താമസയോഗ്യമല്ലാതായ ചിറക്കടവ്‌, തെക്കേത്തുകവല പാറയ്‌ക്കല്‍ പി.എസ്‌. സാബു അന്നുമുതല്‍ ചിറക്കടവ്‌ പഞ്ചായത്ത്‌ അധികൃതര്‍ക്കും കോട്ടയം ജില്ലാ കലക്‌ടര്‍ക്കും ജനപ്രതിനിധികള്‍ക്കും മുന്നില്‍ നിവേദനങ്ങളുമായി കയറിയിറങ്ങുകയാണെങ്കിലും നിരാശ മാത്രമാണു ഫലം. വീടിനോടു ചേര്‍ന്ന്‌ വര്‍ക്‌ഷോപ്‌ നടത്തുകയായിരുന്ന സാബുവിന്റെ ഉപജീവനമാര്‍ഗവുമടഞ്ഞു. വയോധികയായ അമ്മയും ഭാര്യയും വിദ്യാര്‍ഥികളായ മൂന്ന്‌ മക്കളുമടങ്ങിയ കുടുംബത്തിനൊപ്പം കിലോമീറ്ററുകള്‍ അകലെ ചാമംപതാലില്‍ വാടകയ്‌ക്കു താമസിക്കേണ്ട ഗതികേടിലാണിപ്പോള്‍ അദ്ദേഹം.


സാബുവിന്റെ വീടിനോടു തൊട്ടുചേര്‍ന്ന്‌, ഉയരത്തിലുള്ള പറമ്പിന്റെ ഒരുഭാഗം അപ്പാടെ കനത്തമഴയില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ വീടിന്റെ പിന്‍വശം മണ്‍കൂമ്പാരമായി. വീടിനോടുചേര്‍ന്നുള്ള വര്‍ക്‌ഷോപ്പും നാമാവശേഷമായി. മണ്ണിടിയുമ്പോള്‍ വീടിനു പിന്‍വശത്ത്‌ കുടുംബാംഗങ്ങളാരുമില്ലാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി.


ഇടിഞ്ഞുവീണ ടണ്‍കണക്കിനു മണ്ണ്‌ നീക്കംചെയ്‌തുകിട്ടാനുള്ള നെട്ടോട്ടത്തിലാണിപ്പോള്‍ സാബു. തഹസില്‍ദാരുടെ അന്വേഷണ റിപ്പോര്‍ട്ട്‌ പരിഗണിച്ച്‌, ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷകൂടിയായ കോട്ടയം ജില്ലാ കലക്‌ടര്‍ വസ്‌തു ഉടമയുടെ ചെലവില്‍ മണ്ണ്‌ നീക്കംചെയ്യാനും സംരക്ഷണഭിത്തി കെട്ടിക്കൊടുക്കാനും കഴിഞ്ഞ 23-ന്‌ ഉത്തരവിട്ടു. എന്നാല്‍, ഒരാഴ്‌ചയിലേറെയായിട്ടും നടപടിയുണ്ടായില്ല. വീട്‌ അപകടാവസ്‌ഥയിലാണെന്നു ബോധ്യപ്പെട്ടതായും ദുരന്തമൊഴിവാക്കാന്‍ മണ്ണ്‌ അടിയന്തരമായി നീക്കംചെയ്യണമെന്നും അതുവരെ സാബുവിനെയും കുടുംബത്തെയും മാറ്റിപ്പാര്‍പ്പിക്കാനുള്ള ഉത്തരവാദിത്വം പഞ്ചായത്ത്‌ സെക്രട്ടറിക്കും വില്ലേജ്‌ ഓഫീസര്‍ക്കുമാണെന്നും കലക്‌ടറുടെ ഉത്തരവിലുണ്ട്‌. എന്നാല്‍, 4000 രൂപ പ്രതിമാസവാടകയ്‌ക്കു സ്വന്തം വീട്ടില്‍നിന്ന്‌ ഏറെ അകെലയാണിപ്പോഴും ഈ കുടുംബം താമസിക്കുന്നത്‌. കലക്‌ടറുടെ ഉത്തരവുണ്ടായിട്ടും പുനരധിവാസം സംബന്ധിച്ച്‌ അധികൃതരാരും ബന്ധപ്പെട്ടില്ല.


മണ്ണ്‌ നീക്കം ചെയ്യാന്‍ കലക്‌ടര്‍ ഉത്തരവിട്ടെങ്കിലും അതിന്‌ ഒന്നരലക്ഷം രൂപ താന്‍ കെട്ടിവയ്‌ക്കണമെന്നാണു ജിയോളജി വകുപ്പില്‍നിന്നു നിര്‍ദേശിച്ചതെന്നു സാബു പറയുന്നു. സ്വന്തം ചെലവില്‍ മണ്ണ്‌ നീക്കംചെയ്യേണ്ടിവന്നാല്‍ കോടതിയെ സമീപിക്കുമെന്നാണു വസ്‌തുവുടമയുടെ നിലപാട്‌. റവന്യൂ മന്ത്രി കെ. രാജെന പരാതിയറിയിച്ചപ്പോള്‍ അന്വേഷിച്ച്‌ നടപടിയെടുക്കാമെന്നായിരുന്നു മറുപടി

Facebook Comments Box

By admin

Related Post