Sat. Apr 20th, 2024

ആധാര്‍ നിയമലംഘനത്തിന് ഒരുകോടി രൂപ പിഴ: യുഐഡിഎഐയ്ക്ക് അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം

By admin Nov 3, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരുകോടി രൂപ വരെ പിഴ. ആധാര്‍ നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നിയമലംഘനങ്ങളുടെ നടപടിയ്ക്ക് ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥനെ നിയമിക്കും. 

ഉദ്യോഗസ്ഥര്‍ എടുക്കുന്ന തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ ടെലികോം തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. 2019ല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയെങ്കിലും യുഐഡിഎഐ അധികാരം നല്‍കുന്ന വിജ്ഞാപനം ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്. 

സ്വകാര്യത സംരക്ഷിക്കുന്നതിനും യുഐഡിഎഐയുടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് 2019ല്‍ ബില്ല് പാര്‍ലമെന്റില്‍ പാസാക്കിയത്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്ത പരിചയമുള്ള ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസറെയാണ് നടപടികള്‍ക്കായി നിയമിക്കുന്നത്. 

പിഴ വിധിക്കുന്നതിന് മുന്‍പ് നിയമലംഘനം നടത്തിയെന്ന് കണ്ടെത്തുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ നോട്ടീസ് നല്‍കണം. അവരുടെ വിശദീകരണം ലഭിച്ചതിന് മാത്രമേ പിഴ ചുമത്താന്‍ പാടുള്ളുവെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇങ്ങനെ ഈടാക്കുന്ന പണം യുഐഡിഎഐയുടെ ഫണ്ടിലേക്ക് നിക്ഷേപിക്കണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു

Facebook Comments Box

By admin

Related Post