Sat. Apr 20th, 2024

മുല്ലപ്പെരിയാറിന്റെ രാഷ്ട്രീയം – മരംമുറി വിവാദത്തിൽ പിഴച്ചത് ആർക്ക്…?

By admin Nov 15, 2021 #news
Keralanewz.com

വാരവിചാരം (പ്രതിവാര പംക്തി)

ജയകൃഷ്ണൻ പുതിയേടത്ത്

ദ്രാവിഡ രാഷ്ട്രീയം  എന്നും ജലത്തെ ചൊല്ലി തീ പടർത്തുന്ന രാഷ്ട്രീയ ചർച്ചകൾക്ക് വഴിമരുന്നിടുന്ന ഒന്നാണ്.       അത് കാവേരി വിഷയമാണെങ്കിലും മുല്ലപ്പെരിയാർ ആണെങ്കിലും തമിഴക രാഷ്ട്രീയത്തിന്റെ ഉഷ്ണമാപിനി ഉയർന്നുതന്നെ നിൽക്കും. മുല്ലപ്പെരിയാർ തമിഴ് ജനതയുടെ  കാർഷിക സമ്പത്തിനെ ജല ജലസമൃദ്ധമാക്കുന്ന അക്ഷയപാത്രമാണ്. തമിഴ്നാട്ടിലെ 9 ജില്ലകൾ കൃഷിക്കും കുടിവെള്ളത്തിനും വൈദ്യുതി ഉത്പാദനത്തിനും  ആശ്രയിക്കുന്ന പദ്ധതിയാണ്. കണക്കുപ്രകാരം 50,000 കോടി രൂപയാണ് മുല്ലപെരിയാർ അവർക്ക് ലാഭമായി നൽകുന്നത്. കേരളത്തിന് കിട്ടുന്നത് തുച്ഛമായ പാട്ട പണവും. മുല്ലപ്പെരിയാറിന് വേണ്ടി അവരുടെ വരുമാനത്തിന്റെ ഒരു ശതമാനം 500 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. നിയമ പോരാട്ടത്തിനും ഉദ്യോഗസ്ഥരെ  വശംവദരാക്കുന്നതിനും രാഷ്ട്രീയ നേതാക്കൾക്ക് ഒളിഞ്ഞും തെളിഞ്ഞും നൽകുന്ന സർക്കാർ അംഗീകൃത പണത്തിൻറെ കണക്കാണിത്

മുല്ലപ്പെരിയാർ കമ്മീഷൻ ചെയ്ത കാലഘട്ടം മുതൽ കേരളത്തിന് നഷ്ടക്കച്ചവടം മാത്രമാണ്  കരാർ സമ്മാനിച്ചത്. 1886 ഒക്ടോബർ 29ലെ ആദ്യ കരാർ മുതൽ 1979 മെയ് 29ലെ രണ്ട് അനുബന്ധ കരാറുകളും മലയാളിയുടെ  ജീവനും സ്വത്തിനും മേൽ തൂങ്ങിയാടുന്ന ഡെമോക്ലെസിന്റെ വാൾ പോലെയാണ്. കേന്ദ്രസർക്കാരും പരമോന്നത കോടതിയും കണ്ടിട്ടും കാണാതെ നടിക്കുന്ന ജലബോംബ് ഇന്ന് മലയാളിയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. നിയമ പോരാട്ടങ്ങളും മാധ്യമങ്ങൾ  കാലാകാലങ്ങളിൽ ഉയർത്തി വിടുന്ന വിവാദങ്ങളും അതിന് ആവോളം എരിവും പുളിയും മസാലയും പകർന്നിട്ടുണ്ട് എന്നല്ലാതെ കാര്യമായ യാതൊരു ഗുണവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. മുല്ലപ്പെരിയാർ ഒരു അന്തർസംസ്ഥാന നദിജല തർക്കമായി വരുത്തി തീർക്കുവാൻ  തമിഴ്നാട്ടിലെ മാറിമാറിവന്ന  ദ്രാവിഡ മുന്നണികൾ ശ്രമിച്ചിട്ടുണ്ട്, എന്നുള്ളത് യാഥാർഥ്യമാണ്


നിലവിൽ മുല്ലപ്പെരിയാർ എന്നത് മുഖ്യമന്ത്രിയുടെ കീഴിൽ വരുന്ന  അന്തർസംസ്ഥാന നദീജലം എന്ന വകുപ്പിലെ വിഭാഗം മാത്രമാണ്. സംസ്ഥാന ജലവിഭവ വകുപ്പിന് ഏകപക്ഷീയമായി ഈ കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയില്ല എന്നുള്ളതാണ് വാസ്തവം. തമിഴ്നാടുമായുള്ള തർക്കങ്ങൾ മുഖ്യമന്ത്രിയ്ക്ക് കീഴിലെ അദ്ദേഹത്തിന് ഓഫീസിലെ ചുമതലയുള്ള ഉദ്യോഗസ്ഥന്മാർ ആണ് മോണിറ്റർ ചെയ്യുന്നതും നിയന്ത്രിക്കുന്നതും. കേരളത്തിൽ ഇരുമുന്നണികളുമായി കഴിഞ്ഞ കാലഭരണം പങ്കിട്ടപ്പോൾ. മുഖ്യ കക്ഷികൾ ഒന്നുംതന്നെ ജലവിഭവവകുപ്പ് ഏറ്റെടുത്തിട്ടില്ല. അടുത്തകാലത്ത് ഉണ്ടായ  ഏക അപവാദം തിരുവഞ്ചൂർ വകുപ്പിൻറെ ചുമതല വഹിച്ച കുറഞ്ഞ കാലം മാത്രമാണ്.  കോടതിയുടെ മുമ്പിൽ നിയമപരമായ അടിസ്ഥാനം പഴയ  കാലത്തെ രണ്ടു കരാറുകൾ ആണ്. ഏകപക്ഷീയമായി തമിഴ്നാടിന് അനുകൂലമാക്കി തീർത്ത കരാറുകൾ കേരളത്തിന്റെ വാദത്തെ  കൂടുതൽ ദുർബലപ്പെടുത്തി

മുൻകാലങ്ങളിൽ കേരളം ഭരിച്ച ജലവിഭവ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും തമിഴ് നാടിന്റെ പിടിവാശി യ്ക്ക് മുൻപിൽ പിടിച്ചുനിന്ന് പോലും ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ചിലരൊക്കെ അവരുടെ പ്രലോഭനങ്ങളിൽ വീണ് തമിഴ് നാട്ടിൽ കൃഷിയിടവും നേടി തങ്ങളുടെ സമ്പത്ത് വർദ്ധിപ്പിച്ചു. നേരത്തെ പ്രതിപാദിച്ച  500 കോടി രൂപയിൽ ഏറിയപങ്കും കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ കീശയിലേക്കാണ് പോയത്.ഓരോ മഴക്കാലത്തും പെരിയാറിന്റെ തീരത്ത് താമസിക്കുന്ന മലയാളി ചങ്കിടിപ്പോടെ ആണ് രാത്രിയും പകലും കഴിച്ച് കൂടുന്നത്. എന്തെങ്കിലും അപായം സംഭവിച്ചാൽ 40 ലക്ഷം  കേരളജനത ചളിയും മണ്ണും ശ്വാസകോശത്തിൽ കയറി  മത്സ്യങ്ങൾക്ക് ഭക്ഷണമാകുവാൻ അറബികടലിൽ എത്തിച്ചേരും.
കണക്കുകൾ പ്രകാരം ഇടുക്കിയ്ക്ക് താങ്ങാവുന്ന ജലം മാത്രമേ ഉണ്ടാവൂ എന്ന് എംപവേർഡ് കമ്മിറ്റിയും വിദഗ്ധരും പറയുന്നുണ്ടെങ്കിലും സംഭവിക്കുമ്പോൾ ഉണ്ടാകാവുന്ന നഷ്ടത്തെക്കുറിച്ചും ജീവ നഷ്ടത്തെക്കുറിച്ചോ അവരും മൗനംപാലിക്കുന്നു

ഇടുക്കിയ്ക്ക് താങ്ങാൻ സാധിക്കാത്ത അപായം സംഭവിച്ചാൽ കേരളത്തിന്റെ പശ്ചിമഘട്ടത്തിൽ നിന്ന് പുതിയൊരു നദി അറബിക്കടലിലേക്ക് ഒഴുകി തുടങ്ങും. അത് മധ്യകേരളത്തെ ശവപ്പറമ്പ് ആക്കുമെന്നും അവരും അംഗീകരിക്കുന്നു. കോടതിയും  സുപ്രീംകോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയും വർഷങ്ങൾക്ക് മുമ്പ്  ഡീകമ്മീഷൻ ചെയ്യണമെന്ന് വിദഗ്ധർ പറഞ്ഞ സുർക്കി മിശ്രിതം ചേർത്ത് പണികഴിപ്പിച്ച ഈ ഗ്രാവിറ്റി ഡാമിൻറെ ബലക്ഷയം ബോധപൂർവം വിസ്മരിക്കുന്നു. ടൺകണക്കിന് ചുണ്ണാമ്പ് മിശ്രിതമാണ്  ഡാമിൻറെ ഭിത്തികളിൽനിന്നും നശിച്ചുകൊണ്ടിരിക്കുന്നത്. ജലനിരപ്പ് 142 അടിയിൽനിന്ന് 152 അടിയാക്കണമെന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയപാർട്ടികൾ ഒന്നടങ്കം ആവശ്യപ്പെടുകയാണ്. തമിഴ് ജനതയുടെ ആവശ്യത്തിന് രാഷ്ട്രീയ ഭേദമില്ല.ദേശിയ പാർട്ടി എന്നോ സംസ്ഥാന പാർട്ടി എന്നോ വ്യത്യാസവുമില്ല

ദേശീയ വീക്ഷണം ഉള്ള രാഷ്ട്രീയ പാർട്ടികൾക്ക് കേരളത്തിലും തമിഴ്നാട്ടിലും ഭിന്നാഭിപ്രായമാണുള്ളത്. ബിജെപിയ്ക്കും കോൺഗ്രസിനും തമിഴ്നാട്ടിൽ ഒരു നയവും കേരളത്തിൽ മറ്റൊരു നയവുമാണുള്ളത്. രണ്ടിടങ്ങളിലും ഉള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ് തമിഴ്നാട്ടിൽ  നിഷ്പക്ഷത പുലർത്തുന്നത് . തമിഴർക്കു ജലവും കേരളത്തിന് സുരക്ഷയും എന്നതാണ് കേരളത്തിൻറെ പ്രഖ്യാപിത നയം. പക്ഷേ അത് തമിഴ്നാട്ടിൽ എടുക്കാചരക്കുമാത്രണ്. സുപ്രീംകോടതിയിൽ മേൽക്കൈ തമിഴ്നാടിന്റെ വാദങ്ങൾക്കാണ്.സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി അംഗമായിരുന്ന ജസ്റ്റിസ് കെ ടി തോമസ് പോലും കേരളത്തെ ചതിച്ചു എന്നതാണ് യാഥാർത്ഥ്യം. ബേബി ഡാമിനെ ബലപ്പെടുത്തി ജലനിരപ്പ് 142 നിന്നും വർധിപ്പിക്കാനാണ് തമിഴ്നാട് പരിശ്രമിക്കുന്നത്. കോടതിയുടെ പിന്തുണയും ഇവർക്കുണ്ട്

ഈയൊരു സാഹചര്യത്തിൽ  കേരളത്തിന് എന്താണ് പോംവഴി. നിയമപരമായി കരാറുകൾ നിലനിൽക്കുന്നതുകൊണ്ട്  കോടതിയിൽ നിന്നും അനുകൂലതീരുമാനം പ്രതീക്ഷിക്കുക വയ്യ. മാനുഷിക പരിഗണന എന്നത് കോടതിക്ക് മുമ്പിൽ അവസാന പരിഗണന വിഷയം മാത്രമാണ്. മറ്റൊന്ന് കേന്ദ്രസർക്കാർ ഇടപെടുക എന്നുള്ളതാണ്. പക്ഷേ തമിഴ്നാട്ടിൽനിന്നും വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്ന 39 ലോകസഭ എംപിമാരെയും 18 ഓളം രാജ്യസഭ എം.പിമാരെയും തഴഞ്ഞ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നായ തമിഴ്നാടിൻറെ ദ്രാവിഡ രാഷ്ട്രീയത്തെ  തള്ളികളഞ്ഞ് കേന്ദ്രത്തെ ഒറ്റക്കെട്ടായി എതിർത്തു നിൽക്കുന്ന കേരളത്തെ പരിഗണിക്കുവാൻ മോദിയും ബിജെപി സർക്കാരും പരിശ്രമിക്കുമോ എന്ന് കരുതുക വയ്യ. സത്യം പറഞ്ഞാൽ  കേരളം ചെകുത്താനും കടലിനും നടുവിൽ ആണ്. ആരാണ് കടൽ ആരാണ് ചെകുത്താൻ എന്ന് മാത്രമേ  തിരിച്ചറിയുവാനുള്ളു


ഡാം നിർമ്മിക്കണം എങ്കിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. പരിസ്ഥിതി മന്ത്രാലയവും കാലാവസ്ഥ വ്യതിയാന വകുപ്പും ക്ളിയറൻസ്  നൽകേണ്ടതുണ്ട്. കോടതിയിൽ നിന്നും  അനുകൂല തീരുമാനവും തമിഴ്നാടിന്റെ ഭാഗത്തുനിന്നുള്ള ദയാ ദാക്ഷിണ്യവും ആവശ്യമാണ്. ഇതാണ് പച്ചയായ യാഥാർത്ഥ്യം.ഇത് മറന്ന് എന്തൊക്കെ  ചർച്ച ചെയ്തിട്ടും യാതൊരു പ്രയോജനവുമില്ല. കേന്ദ്ര സർക്കാരും കോടതിയും കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന് പ്രാമുഖ്യം നൽകണം. നാട് ഒന്നാകെ കുത്തിയൊലിച്ച് അറബിക്കടലിൽ എത്തുന്ന സാഹചര്യം ഒഴിവാക്കണം. കേരളത്തിലെ ജനസംഖ്യയുടെയും ആവാസവ്യവസ്ഥയുടെ നല്ലൊരുപങ്കും നശിക്കപ്പെടുന്നത് ഒഴിവാക്കുവാൻ പുതിയ ഡാം നിർമ്മിച്ചേ തീരു

വന്യജീവികളുടെ ജീവന് സംരക്ഷണം വേണമെന്ന് കോടതി മുറികളിൽ അലമുറയിടുന്ന ന്യായാധിപന്മാരും. കർഷകരെ ശത്രുക്കളായി കാണുന്ന വനപാലകരും  മനുഷ്യജീവന്  തെല്ലും വിലകൽപ്പിക്കാത്തത് വിരോധാഭാസമായി തോന്നുകയാണ്. ഈ തർക്കവിതർക്കങ്ങൾ ക്ക് നടുവിലാണ് പുതിയ വിവാദം കടന്നു വന്നിരിക്കുന്നത്

മുല്ലപ്പെരിയാർ ബേബി ഡാമിനെ ശക്തിപ്പെടുത്തുവാൻ പതിനഞ്ച് മരം മുറിക്കാനുള്ള അനുമതി തമിഴ്നാടിന് നൽകിയ സംബന്ധിച്ച വിവാദം.ആരാണ് ഇതിനുപിന്നിലെ വിവാദ നായകർ … സൂക്ഷ്മമായി പരിശോധിക്കേണ്ട ഒന്നാണ്. ഉദ്യോഗസ്ഥരോ ഭരണകർത്താക്കളോ. വനം, ജലവിഭവ വകുപ്പ് മന്ത്രിമാർ ആദ്യഘട്ടത്തിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെങ്കിലും ഒരുകാര്യം സത്യമാണ് . ഭരണത്തിലിരിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരായ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിനും, ചീഫ് വൈൽഡ് ലൈഫ് വാർഡൻ,  ബെന്നിച്ചൻ തോമസിനും,  പി കെ കേശവനും എന്തൊക്കെയോ മറയ്ക്കുവാൻ ഉണ്ട്.ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ തുടക്കം മുതൽ സ്വീകരിച്ച നിലപാട്  ഒന്നാണ്. താനും തൻ്റെ വകുപ്പും അറിഞ്ഞല്ലാ ഈ തീരുമാനങ്ങൾ എടുത്തത്

ഒന്നുകിൽ ടി കെ ജോസ്  സർക്കാരിനെ തെറ്റിദ്ധരിപ്പിക്കാൻ പരിശ്രമിക്കുന്നു. അല്ലെങ്കിൽ മന്ത്രിയെ അറിയിക്കാതെ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിച്ചു. ഈ സർക്കാർ അധികാരമേറ്റത് മെയ് 20 നാണ്. മന്ത്രി റോഷി ചുമതലയേറ്റതും  അന്നാണ്.മാധ്യമ വാർത്തകളെ വിശ്വസിക്കാമെങ്കിൽ  കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ തുടങ്ങിയ ഉദ്യോഗസ്ഥതല ആലോചനകളുടെ ഒടുവിലാണ് ഉദ്യോഗസ്ഥർ മരം മുറിക്ക് അനുമതി നൽകിയത്. സുപ്രീംകോടതി കേരള കേരളത്തിൻറെ വാദത്തെ ദുർബലപ്പെടുത്താനും നിരപ്പ് 152 അടിയിലേക്ക് ഉയർത്തുവാനും തമിഴ്നാട്  ഉദ്യോഗസ്ഥർ പ്രവർത്തിച്ചു എന്നുള്ളതാണ് സത്യം. മുല്ലപ്പെരിയാറിന് ഉണ്ടായിട്ടുണ്ട് എന്ന് പറയുന്ന കേരളം ബലക്ഷയം  പരിഹരിക്കുന്നതിന് അനുവദിക്കുന്നില്ല എന്ന് സുപ്രീംകോടതിയിൽ തമിഴ്നാട് പലവുരു ആവശ്യപ്പെട്ടതാണ്. കേരളത്തിന് അതിന് കഴിയാതെ വന്നിരുന്നു എന്നുള്ളതാണ് വസ്തുത

ബേബി ഡാം ഒരുതരത്തിൽ ബലപ്പെടുത്തുന്നത് സുരക്ഷയുടെ ഭാഗമായി മാത്രം നോക്കുമ്പോൾ കേരളത്തിനും നല്ലതാണ്. നിയമപരമായി നോക്കുമ്പോൾ കോടതിയിൽ തുടർ കേസുകളിൽ നാം പരാജയപ്പെടുന്നതിന് ഈ വാദം ഇടയാക്കും. ഈ വിഷയം കേരളത്തിന്റെ മുന്നിൽ കീറാമുട്ടി പോലെ നിൽക്കുമ്പോഴാണ്  ഉദ്യോഗസ്ഥ തലത്തിലുള്ള ചില അന്തർ നാടകങ്ങൾ അരങ്ങേറിയത്. ചുക്കാൻ പിടിച്ചത് പതിവുപോലെ ഇത്തവണയും വനം വകുപ്പായിരുന്നു. നേതൃത്വം കൊടുത്തത്  ബെന്നിച്ചൻ തോമസും.  ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിന്റെ പങ്ക് കാര്യത്തിൽ എന്താണെന്ന് ഇനിയും  വെളിച്ചത്തു വരേണ്ടിയിരിക്കുന്നു


കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് മുല്ലപ്പെരിയാർ സംബന്ധിച്ചുള്ള താൽപര്യവും അവഗാഹവും അവബോധവും എതിരാളികൾ പോലും അംഗീകരിക്കുന്ന ഒന്നായിരിക്കും. അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ കുറിച്ച് സംശയവും എതിരഭിപ്രായവുമില്ല. പക്ഷേ ഇല്ലാത്ത മിനിറ്റ്സും കമ്മിറ്റിയും തീയതിയും, വനംവകുപ്പ് ഉദ്യോഗസ്ഥർ കാണിച്ച തിടുക്കം അവരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ്. ബെന്നിച്ചൻ തോമസിനും കേശവനും ഉണ്ടായത് തങ്ങളുടെ ജോലിയോടുള്ള നീതിയുടെ ഭാഗമായുണ്ടായ തിടുക്കമായി കണക്കുകൂട്ടുക വയ്യ. മാധ്യമങ്ങൾക്ക്  ഇല്ലാത്ത കഥകളും കൂടാത്ത കമ്മിറ്റിയുടെ തീരുമാനങ്ങളും ചമയ്ക്കുവാൻ ഒത്താശ നൽകിയതും മറ്റാരുമല്ല.ഇത് വിവാദ വിഷയം ആക്കി മാറ്റി തീർക്കണമെന്നബോധ പൂർവമായ ഉദ്ദേശം  ബെന്നിച്ചൻ തോമസിന് ഉണ്ടായിരുന്നു എന്നുള്ളത് പച്ചയായ യാഥാർത്ഥ്യമായി മാത്രമേ നമുക്ക് കാണുവാൻ കഴിയു

കേരളത്തിൻറെ ഭരണസംവിധാനത്തെ പ്രതിക്കൂട്ടിൽ നിർത്തി സുപ്രീം കോടതിയിൽ നിന്നും വരുവാനിരിക്കുന്ന നാളുകളിൽ  കേരളത്തിനെ ദോഷകരമായി ബാധിക്കുന്ന എന്തെങ്കിലും വിധി സമ്പാദിയ്ക്കുവാൻ  സൃഷ്ടിച്ച പരിശ്രമം മാത്രമാണ്. ബെന്നിച്ചൻതോമസ് തന്റെ അധികാരമുപയോഗിച്ച് കർഷകർക്ക് എതിരായി പല കരിനിയമങ്ങളും കർശനമായി നടപ്പാക്കിയ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ  പ്രതിനിധിയാണ്. ബെന്നിച്ചൻ തോമസിന്റെ കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാൽ നമുക്കത് മനസ്സിലാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ യുഡിഎഫ് സർക്കാരിൽ വനം വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരിൻറെ അവസാന കാലഘട്ടത്തിൽ ചെന്നിത്തലയുടെ പഴയ സ്റ്റാഫ് മുൻ കളക്ടർ പ്രശാന്ത് വരുത്തിവച്ച പുകിലിന്  സമാനമായ ഒന്നാണിത്. ഇതിനു പിന്നിലെ ഗൂഢാലോചന സർക്കാർ അന്വേഷിക്കണം

ഇതിൽ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ടി.കെ.ജോസ്  ഏതെങ്കിലും വിധത്തിൽഅമിത ഉത്സാഹം നടത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പ്രവർത്തനവും അന്വേഷിക്കേണ്ടതാണ്. സംസ്ഥാന സർക്കാരിൽ ഏറ്റവും പ്രതിച്ഛായയുള്ള മന്ത്രിമാരിൽ ഒരാളായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഇതിൽ ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്നത്  പകൽ പോലെ വ്യക്തമാണ്. അന്നും ഇന്നും മന്ത്രി പറഞ്ഞത് ഒരേ വാക്കാണ്. തന്റെ അറിവോടും സമ്മതത്തോടും കൂടി മരംമുറി സംബന്ധിച്ച്  യാതൊരു കൂടിയാലോചനയും നടന്നിട്ടില്ല.മറിച്ച് സർക്കാർ അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥർ ചെയ്തിട്ടുണ്ടെങ്കിൽ അവർ ഉത്തരവാദിത്വം പറയേണ്ടി വരും തീർച്ച.സർക്കാരിന് ഇക്കാര്യത്തിൽ പൊതുജനങ്ങളോടും മാധ്യമങ്ങളോടും ഒന്നും ഒളിക്കാനും ഇല്ല. കേരള സമൂഹം ദർശിച്ചത് നെഞ്ചുറപ്പോടെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുവാൻ  കഴിയുന്ന ആർജ്ജവമുള്ള ഒരു മന്ത്രിയേയാണ്. എന്തായാലും മരംമുറി സംബന്ധിച്ച വിവാദം അവസാനിച്ചിട്ടില്ല. വിവാദ ഉത്തരവ് റദ്ദാക്കിയ തീരുമാനം വന്നിട്ടും മഴപെയ്തു കഴിഞ്ഞ്  മരം പെയ്തു കൊണ്ടിരിക്കുന്നപോലെ  മാധ്യമ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അല്ലെങ്കിലും മലയാളിയുടെ മനസ്സിൽ വിവാദങ്ങൾക്കായി  എന്നും ഒരിടം  മാറ്റിവയ്ക്കാറുണ്ടല്ലോ…..

Facebook Comments Box

By admin

Related Post