Thu. Mar 28th, 2024

എം.ഡി.എം.എ മയക്കുമരുന്നുമായി നാലു യുവാക്കള്‍ പോലീസ് പിടിയില്‍

By admin Nov 20, 2021 #news
Keralanewz.com

കൊച്ചി ; ദേശീയ പാതയില്‍ നെടുമ്പാശേരി കരിയാട് ജംഗ്ഷനില്‍ നൂറു ഗ്രാമോളം എം.ഡി.എം.എ മയക്കുമരുന്നുമായി നാലു യുവാക്കള്‍ പോലീസ് പിടിയില്‍ .പെരുമ്പാവൂര്‍ അല്ലപ്ര വേലംകുടി വീട്ടില്‍ സഫീര്‍ മൊയ്തീന്‍ (24), ആലുവ തോട്ടുമുഖം മുണ്ടക്കല്‍ വീട്ടില്‍ ഹാഷിം (23) വെങ്ങോല പെയ്‌നാടി വീട്ടില്‍ ജസീല്‍ പി.ജലീല്‍ (24), ഉളിയന്നൂര്‍ കാടുകണ്ടത്തില്‍ വീട്ടില്‍ ആസിഫ് (22) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ബംഗലൂരുവില്‍ നിന്ന് കാര്‍ മാര്‍ഗമാണ് നാലംഗ സംഘം മയക്കുമരുന്ന് കൊണ്ടു വന്നത്. സ്റ്റീയറിംഗിനടയിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പൊതുമാര്‍ക്കറ്റില്‍ എം.ഡി.എം.എയ്ക്ക് ലക്ഷങ്ങള്‍ വിലവരുമെന്നാണ് കണക്കാക്കുന്നത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പോലീസ് ഇവരുടെ വാഹനം പിന്തുടര്‍ന്ന് വന്ന് കരിയാട് ജംഗ്ഷനില്‍ വട്ടമിട്ട് നിര്‍ത്തിയാണ് പിടി കൂടിയത്

പോലീസ് വളഞ്ഞപ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. ഇതിനു മുമ്പും ഇവര്‍ മയക്കുമരുന്ന് കടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നു തൂക്കാനുള്ള ത്രാസും വണ്ടിയില്‍ നിന്നും കണ്ടെടുത്തു.

എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവന്‍ കുട്ടി, നെടുമ്പാശേരി എസ്.എച്ച്.ഒ പി.എം.ബൈജു തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും, ഇവര്‍ ആര്‍ക്കുവേണ്ടിയാണ് മയക്കുമരുന്നു കൊണ്ടുവന്നതെന്ന് പരിശോധിക്കുമെന്നും എസ്.പി കെ.കാര്‍ത്തിക്ക് പറഞ്ഞു.

കഴിഞ്ഞയാഴ്ച വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 225 കിലോഗ്രാം കഞ്ചാവ് കറുകുറ്റിയില്‍ നിന്നും ഇതേ പോലിസ് സംഘം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്റിലാണ്

Facebook Comments Box

By admin

Related Post