മൂന്നാം ട്വന്റി 20യില്‍ കൂറ്റന്‍ ജയം; പരമ്ബര തൂത്തുവാരി ഇന്ത്യ

Spread the love
       
 
  
    

ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ടി20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ കൂറ്റന്‍ ജയവുമായി ഇന്ത്യ.

കൊല്‍ക്കത്ത ഈദന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സിനാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച്‌ പരമ്ബര ഇന്ത്യ തൂത്തുവാരി.

മൂന്നാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 17.2 ഓവറില്‍ 111 റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ ബൗളിങിന് മുമ്ബില്‍ കിവീസ് അടി പതറിയപ്പോള്‍ ഓപ്പണര്‍ മാര്‍ട്ടില്‍ ഗപ്റ്റില്‍ ഒഴികെ മറ്റാര്‍ക്കും നല്ല പ്രകടനം കാഴ്ചവയ്ക്കാനായില്ല. 36 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്സറും അടക്കം ഗപ്റ്റില്‍ 51 റണ്‍സ് നേടി.

മറ്റുള്ളവരില്‍ ടിം സെയ്ഫെര്‍ട്ട് 18 പന്തില്‍ നിന്ന് 17 റണ്‍സും ലോക്കീ ഫെര്‍ഗൂസന്‍ എട്ട് പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 14റണ്‍സും നേടിയതൊഴിച്ചാല്‍ മറ്റാര്‍ക്കും റണ്‍സ് രണ്ടക്കം തികയ്ക്കാനായില്ല.

മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഡറില്‍ മിച്ചല്‍-അഞ്ച്, ജെയിംസ് നീഷാം-മൂന്ന്, മിച്ചല്‍ സാന്റ്നര്‍-രണ്ട്, ആദം മില്‍നെ-ഏഴ്, ഇഷ് സോധി- ഒമ്ബത് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റണ്‍സ്.

ഇന്ത്യക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്ന് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ദീപക് ചഹര്‍, യൂസ്വേന്ദ്ര ചാഹല്‍, വെങ്കടേശ് അയ്യര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി.

ഇന്ത്യക്ക് വേണ്ടി കാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഓപ്പണിങ്ങിനിറങ്ങി. രോഹിത് ശര്‍മ 31 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമടക്കം 56 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ 21 പന്തില്‍ നിന്ന് ആറ് ഫോറടക്കം 29 റണ്‍സ് നേടി.

മൂന്നാമതിറങ്ങിയ സൂര്യകുമാര്‍ യാദവ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. റിഷഭ് പന്ത് ആറ് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായി.

ശ്രേയസ് അയ്യര്‍ 20 പന്തില്‍ നിന്ന് 25 റണ്‍സും വെങ്കടേശ് അയ്യര്‍ 15 പന്തില്‍ നിന്ന് 20 റണ്‍സും ഹര്‍ഷല്‍ പട്ടേല്‍ 11 പന്തില്‍ നിന്ന് 18 റണ്‍സും നേടി.

ദീപക് ചാഹര്‍ പുറത്താകാതെ എട്ട് പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സറും അടക്കം 21 റണ്‍സ് നേടി. അക്ഷര്‍ പട്ടേല്‍ പുറത്താകാതെ നാല് പന്തില്‍ രണ്ട് റണ്‍സ് നേടി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ജയ്‌പൂര്‍, റാഞ്ചി എന്നിവിടങ്ങളില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളില്‍ മികച്ച രണ്ട് ചേസുകള്‍ നടത്തി ജയം നേടി ഇന്ത്യ പരമ്ബര ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. പരമ്ബര ജയം സ്വന്തമാക്കാന്‍ മൂന്നാം മത്സരത്തില്‍ ജയം അനിവാര്യമല്ലായിരുന്നു. എന്നാല്‍ മൂന്ന് മത്സരവും ജയിച്ച്‌ ആധികാരിക ജയത്തോടെ പരമ്ബര നേടാന്‍ രോഹിത് ശര്‍മയുടെ കാപ്റ്റന്‍സിയിലും രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിലും ആദ്യമായി ഇറങ്ങിയ ടീം ഇന്ത്യക്ക് കഴിഞ്ഞു.

Facebook Comments Box

Spread the love