Wed. May 1st, 2024

ചക്രവാതചുഴി അറബികടലിലേക്ക്; കേരളത്തിൽ ഒറ്റപ്പെട്ട അതിശക്ത മഴക്ക് സാധ്യത, ഒപ്പം ഇടിമിന്നലും

By admin Nov 28, 2021 #news
Keralanewz.com

തിരുവനന്തപുരം:ചക്രവാതചുഴി (cyclonic circulation) അറബികടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ മഴ ശക്തമാകും. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം (low Pressure) തിങ്കളാഴ്ചയോടെ (നവംബർ 29) അറബികടലിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തെക്കൻ ആൻഡമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെടാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ നവംബർ 27 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും, നവംബർ 28 ന് (ഇന്ന്) ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

അതിനാൽ തന്നെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മലയോര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കാലാവസ്ഥ അറിയിപ്പ് ഇപ്രകാരം

28/11/2021: ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ യെല്ലോ അല‍ർട്ട്.

29-11-2021: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ചക്രവാതചുഴി കോമറിൻ ഭാഗത്ത്‌. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തിങ്കളാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്ക തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി നിലവിൽ കോമറിൻ ഭാഗത്തും സമീപത്തുള്ള ശ്രീലങ്ക തീരത്തുമായി സ്ഥിതി ചെയ്യുന്നു.
ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം ആൻഡമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെട്ടു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ നവംബർ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്. കൊവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്

Facebook Comments Box

By admin

Related Post