Tue. Apr 30th, 2024

വെടക്കാക്കി തനിക്കാക്കൽ തന്ത്രം ഹീനം – കേരളാ കോൺഗ്രസ് ( എം ) അർബൻ ബാങ്ക് അരുവിത്തുറ ബ്രാഞ്ച് ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളെ ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം

By admin Feb 15, 2022 #news
Keralanewz.com

ഈരാറ്റുപേട്ട :    മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് അരുവിത്തറ ബ്രാഞ്ച് ഉദ്ഘാടന ചടങ്ങിൽ നിന്ന് ഏകപക്ഷീയമായി ജന പ്രതിനിധികളെ ഒഴിവാക്കിയ നടപടിയിൽ   കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡൻറ് സാജൻ കുന്നത്ത് പ്രതിഷേധിച്ചു  .      ഒരു നാടിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അടിത്തറയാണ് സഹകരണ പ്രസ്ഥാനങ്ങൾ. ദീർഘവീക്ഷണമുളള ഒരു പഴയ തലമുറ സങ്കുചിത രാഷ്ട്രീയത്തിനധീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ളവയാണ് ഇത്തരം സഹകരണ ബാങ്കുകളെല്ലാം തന്നെ

പിന്നീടങ്ങോട്ട് സാധാരണക്കാരായ സഹകാരികൾ ഇത്തരം സ്ഥാപനങ്ങളെ നെഞ്ചിലേറ്റി വളർത്തി വലുതാക്കിയ ചരിത്രമാണുള്ളത്. ഇത്തരം ഒരു സ്ഥാപനമാണ് പൂഞ്ഞാർ നിയോജകമണ്ഡലം മുഴുവൻ പ്രവർത്തന പരിധിയും ഇരുപത് ബ്രാഞ്ചുകളുമുളള മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്. 1958- ൽ ഒരു സാധാരണ ഗ്രാമീണ സഹകരണസംഘമായി ആരംഭിച്ച ഈ സഹകരണപ്രസ്ഥാനത്തിന് വളർച്ചയുണ്ടായിട്ടുണ്ടെങ്കിൽ നിയോജക മണ്ഡലത്തിലെ സാധാരണക്കാരായ കർഷകരും കർഷക തൊഴിലാളികളും , വ്യാപാരികളും, ഉദ്യോഗസ്ഥരുമൊക്കെ നൽകിയ ഊറ്റമായ പിൻതുണയും , വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിച്ചിരുന്ന മഹാരഥൻമാരായ മുൻ ഭരണാധികാരികളുടെ ഇച്ഛാശക്തിയും കൊണ്ട് മാത്രമാണ് എന്നുള്ള വസ്തുത ഇന്ന് ഭരിക്കുന്നവർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്


     എന്നാൽ  ഈ ബാങ്കിന്റെ മുൻപോട്ടുള്ള യാത്രയിൽ എപ്പോഴോ ചിലയാളുകൾ സ്വന്തം പിണിയാളുകളെ മാത്രം വളഞ്ഞ വഴിയിലൂടെ ബോർഡ് മെമ്പർമാരാക്കി മാറ്റി . ബാങ്ക് സ്വകാര്യ സ്വത്താക്കാൻ ശ്രമം ആരംഭിച്ചു. ജീവനക്കാരെ രാഷ്ട്രീയ ലാഭത്തിനും സാമ്പത്തിക നേട്ടത്തിനും സ്വന്തം കാര്യസാധ്യത്തിനും വേണ്ടി ഉപയോഗിക്കാൻ തുടങ്ങി. ഇതൊരു സഹകരണ പ്രസ്ഥാനത്തിന്റെ അന്തസ്സിനു ചേർന്നതല്ല. സ്വന്തം പാർട്ടിക്ക് വെളിയിലുള്ള മുഴുവൻ ജനപ്രതിനിധികളെയും ബോധപൂർവ്വം അകററി നിർത്തി. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അരുവിത്തുറ ബ്രാഞ്ച്   കെട്ടിടത്തിന്റെ ഉത്ഘാടനമെന്ന് കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് പറഞ്ഞു ഉദ്ഘാടനം എന്ന പേരിൽ നടത്തിയ പൊറാട്ടു നാടകം ലജ്ജാകരമാണ്

കോട്ടയം ജില്ലക്കാരനായ സഹകരണമന്ത്രിയേയും സ്ഥലം MLA യേയും മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികളേയും സഹകരണവകുപ്പധികാരികളേയും പൂർണ്ണമായി ഒഴിവാക്കി ഈരാറ്റുപേട്ടയിൽ നടത്തിയ ഉത്ഘാടത്തിന്റെ പിന്നിലുള്ള ലക്ഷ്യങ്ങൾ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും സാജൻ കുന്നത്ത് പറഞ്ഞു. മന്ത്രിയെ വിളിക്കുമ്പോൾ പ്രോട്ടോക്കോൾ പ്രകാരം MLA അദ്ധ്യക്ഷനാകും , ഇതൊഴിവാക്കാനാണ് ചെയർമാൻ തന്നെ ഉത്ഘാടിച്ചത് എന്ന് വ്യക്തം. പക്ഷേ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ചെയർ പേഴ്സണേയും വാർഡ് കൗൺസിലറേയും  ഒഴിവാക്കിയതിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് ബാങ്കിന്റെ ചെയർമാനും വൈസ് ചെയർമാനും     ഈരാറ്റുപേട്ടക്കാരോടും , അരുവിത്തുറക്കാരോടും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ഉത്ഘാടനത്തിന് ക്ഷണിക്കാത്തതുകൊണ്ട് മന്ത്രിക്കോ  MLA യ്ക്കോ ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ വൻ ഭൂരിപക്ഷത്തിൽ ഇവരെ ജയിപ്പിച്ചുവിട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇത്തരം തരംതാണ രാഷ്ട്രീയക്കളികൾ എന്ന് ഇക്കൂട്ടർ മനസ്സിലാക്കിയാൽ നന്ന്. കണ്ണടച്ചു പിടിച്ചാൽ പാതിരാവാകില്ല .ഇനിയും പ്രഭാതങ്ങൾ വരും. സഹകരണ വകുപ്പിനേയും സർക്കാരിനേയും വെല്ലുവിളിച്ച് എന്തും ചെയ്യാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. തിരിച്ചടികളുണ്ടാവുന്നതിനു മുൻപ് തിരിച്ചറിവുണ്ടാവുന്നത് നല്ലതാണ്


      മാസങ്ങളായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പെയ്തിറങ്ങുന്ന വികസന വിപ്ലവം കണ്ട് വിറളി പിടിച്ചിട്ടു കാര്യമില്ല ചെയ്യാൻ ഇഷ്ടം പോലെയവസരമുണ്ടായിരുന്നല്ലോ. വികസന വഴികളിൽ  വഴിമുടക്കാതെ സഹകരണത്തിന്റെ പാതയിൽ സഞ്ചരിക്കാൻ ഇനിയെങ്കിലും ഇക്കൂട്ടർക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും സാജൻ കുന്നത്ത് പ്രസ്താവിച്ചു

Facebook Comments Box

By admin

Related Post