Kerala News

ഒരു ഷട്ടര്‍ ഒഴികെ ബാക്കിയെല്ലാം അടച്ചു: വള്ളക്കടവില്‍മന്ത്രിക്കെതിരെ പ്രതിഷേധം

Keralanewz.com

ചെറുതോണി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഒഴികെ ബാക്കിയെല്ലാം തമിഴ്നാട് അടച്ചു.

പുലര്‍ച്ചെ രണ്ടരയോടെയാണ് ബാക്കി എല്ലാം അടച്ചത്. ഒരു ഷട്ടറിന്റെ 10 സെന്റിമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഷട്ടറുകള്‍ അടച്ചത്. നിലവില്‍ ജലനിരപ്പ് 141.85 അടിയാണ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റില്‍ 3906 ഘനയടി വെള്ളമാണ് ഇപ്പോള്‍ തുറന്നുവിടുന്നത്.

പെരിയാര്‍ കടുവ സാങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയാണ് നീരൊഴുക്ക് വന്‍തോതില്‍ കൂടാന്‍ കാരണമായത്. 112 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ അവിടെ പെയ്തത്. മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിയത് ഈ സീസണിലെ ഏറ്റവും കൂടുതല്‍ അളവ് വെള്ളമാണ്. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് ന​ഗര്‍, നല്ല തമ്ബി കോളനി എന്നിവിടങ്ങളില്‍ വെള്ളം കയറി. ക്യാമ്ബുകള്‍ ക്രമീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

രാവിലെ ആറ് മണിയോടെ ഇടുക്കി അണക്കെട്ട് തുറന്നു. 40 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം ആണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂന്നു മാസത്തിനിടെ നാല് തവണ തുറക്കുന്നത് ഇതാദ്യമായാണ്. പെരിയാര്‍ തീരത്ത് ജാ​ഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനമായത്. തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പില്‍ 0.24 അടിയുടെ വര്‍ദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായത്.

അതിനിടെ, തമിഴ്നാട് അറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്നതിനെതിരെ റോഷി അ​ഗസ്റ്റിന്‍ വിമര്‍ശിച്ചു. സുപ്രീംകോടതിയെ ഈ വിവരം അറിയിക്കും. 142 അടിയില്‍ എത്തുന്നതിനു മുന്‍പ് ഇത്തരത്തില്‍ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നല്‍കും. ഇക്കാര്യത്തില്‍ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേല്‍നോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയില്‍ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച്‌ നടപടി എടുക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വള്ളക്കടവില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. റവന്യു ഉദ്യോ​ഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധിച്ചു. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. വള്ളക്കടവില്‍ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി.

Facebook Comments Box