Thu. Apr 25th, 2024

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണു

By admin Dec 8, 2021 #news
Keralanewz.com

കോയമ്പത്തൂർ ∙ ഊട്ടിക്കു സമീപം കുണൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ കോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 11 പേരുടെ മരണം സേനാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ നിന്ന് 11.47 ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു ശേഷമാണ് തകർന്നുവീണത്. ലാൻഡിങ്ങിന് പത്തു കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം

സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകർന്നത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ തകർന്നത്

മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്.

തകർന്നു വീണയുടൻ ഹെലികോപ്റ്ററിൽ തീപടർന്നത് രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. സംഭവത്തിൽ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു

ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലെഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക്‌മാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവരാണ് ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വെല്ലിങ്ടൺ സ്റ്റാഫ് കോളജിലെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്ര.

സൈനിക പ്രോട്ടോക്കോൾ പ്രകാരം അപകടത്തിന്റെ വിശദവിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. അപകടത്തിന്റെ വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ പ്രസ്താവിക്കും

Facebook Comments Box

By admin

Related Post