ചുരുളിയിലെ ഭാഷാ പ്രയോഗം അതിഭീകരം; ലിജോ ജോസ് പെല്ലിശേരിക്കും ജോജു ജോർജിനും കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ്

Spread the love
       
 
  
    

കേരളമാകെ ചർച്ചയായ ഒരു വിഷയമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ചുരുളി എന്ന ചിത്രം. സിനിമയിലെ സംഭാഷണവും പ്രയോഗങ്ങളും ഇപ്പോൾ വളരെയധികം വിമർശിക്കപ്പെടുകയാണ്. തെറി വാക്കുകളും അസഭ്യ വർഷവും കൊണ്ട് നിറഞ്ഞതാണ് സിനിമ എന്നാണ് പലരും സിനിമയെ വിമർശിച്ച് പറയുന്നത്. ഇപ്പോൾ അതെ അഭിപ്രായം തന്നെയാണ് ഹൈക്കോടതിയും പറയുന്നത്.

ചുരുളിയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ എന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെർ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്കും നടൻ ജോജു ജോർജിനും കേന്ദ്ര സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകി.

ചിത്രം ഒടിടിയിൽ നിന്ന് നീക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. അതേ സമയം സെൻസർ ചെയ്ത പകർപ്പല്ല ഒടിടിയിൽ പ്രദർശിപ്പിച്ചതെന്നു കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചു.

ചിത്രം എത്തിയതുമുതൽ സിനിമയിലെ അസഭ്യ വാക്കുകൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952 സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ പ്രകാരം, സിനിമയിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചുരുളിക്ക് നൽകിയത്. എന്നാൽ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒടിടിയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് സെൻസർ ബോർഡ് വിശദീകരിക്കുന്നു.

അസഭ്യ വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്ന ഒരു സ്ഥലമായാണ് ചുരുളിയെ സിനിമയിൽ കാണിച്ചിരിക്കുന്നത്. ഇതോടെയാണ് സിനിമ കണ്ടിറങ്ങിയ പലർക്കും യഥാർത്ഥ ചുരുളി ഗ്രാമം കാണാൻ ആഗ്രഹമുദിച്ചത്. എന്നാൽ സിനിമയിൽ കാണുന്നതുപോലെ ഒന്നുമല്ല ചുരുളി. ആ ഗ്രാമത്തിൽ ഒരു മദ്യശാല പോലുമില്ലെന്നും നാട്ടുകാർ പറയുന്നുണ്ട്.

ചുരുളി എന്ന ഗ്രാമം ചരിത്രത്തിൽ ഇടം പിടിക്കുന്നത് അറുപതുകളിൽ ചുരുളി കീരിത്തോട്ടിൽ വാസമുറപ്പിച്ച കർഷകരെ കുടിയൊഴിപ്പിക്കാൻ അന്നത്തെ സർക്കാർ ബലപ്രയോഗം നടത്തിയതോടെയാണ്. കീരിത്തോട്ടിലും ചുരുളിയിലും കർഷകർ മർദനങ്ങൾക്ക് ഇരകളായി. തുടർന്ന് എ.കെ. ഗോപാലൻ, ഫാ. വടക്കൻ, മത്തായി മാഞ്ഞൂരാൻ, എൻ.എം. ജോൺ, വെല്ലിങ്ടൺ തുടങ്ങിയവർ കീരിത്തോട്ടിലും ചുരുളിയിലും നടത്തിയ സമരം പ്രസിദ്ധമാണ്.

എകെജി ഏറെ നാൾ നിരാഹാരം അനുഷ്ഠിച്ച് കർഷകർക്ക് അനുകൂലമായ തീരുമാനം നേടിയെടുത്തതോടെയാണ് ചുരുളിയിലും സമീപഗ്രാമങ്ങളിലും സമാധാന ജീവിതത്തിന് അരങ്ങൊരുങ്ങിയത്. എന്നാൽ ആ സ്വര്യജീവിതത്തിന് ഇപ്പോൾ വിള്ളൽ വീണിരിക്കുകയാണ്. ഇതുമൂലം മാനക്കേടുണ്ടായതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന് നിവേദനം കൊടുക്കാൻ ഒരുങ്ങുകയാണ് ചുരുളിക്കാർ.

അതേസമയം ശുഭാനന്ദ ഗുരു എഴുതിയ ‘ആനന്ദം പരമാനന്ദമാണ് എൻെറ കുടുംബം’ എന്ന കീർത്തനം സിനിമയിൽ ഉപയോഗിച്ചതിനെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയിരുന്നു.

ആശ്രമത്തിൻെറ അനുവാദം കൂടാതെ മദ്യഷാപ്പിൻെറ പശ്ചാത്തലത്തിൽ കീർത്തനം ചിത്രീകരിച്ചത് പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ കുറ്റിയിൽ ജങ്ഷനിൽ പ്രതിഷേധക്കാർ സിനിമയുടെ പോസ്റ്റർ കത്തിച്ചു. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിനെതിരെ രംഗത്ത് വന്നു. സംഭവം വകുപ്പ്മന്ത്രി സജി ചെറിയാൻെറ ശ്രദ്ധയിൽ വിഷയമെത്തിച്ച് വേണ്ട നടപടികൾക്ക് ആവശ്യപ്പെടുമെന്ന് ആശ്രമം അധികൃതർ വ്യക്തമാക്കി

Facebook Comments Box

Spread the love