Thu. Apr 25th, 2024

ഒമൈക്രോണ്‍ കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുന്നതില്‍ പുലര്‍ത്തുന്ന അലംഭാവത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍

By admin Dec 11, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുന്നതില്‍ പുലര്‍ത്തുന്ന അലംഭാവത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍. മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം കുറയുകയാണ്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്തും അപകടസാധ്യത നിലനില്‍ക്കുന്ന സാഹചര്യമാണെന്നും കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് ഇതുവരെ ഒമൈക്രോണ്‍ ബാധിച്ചവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. രാജ്യത്ത് കണ്ടെത്തിയ മൊത്തം കോവിഡ് വകഭേദങ്ങളില്‍ ഒമൈക്രോണിന്റെ സാന്നിധ്യം 0.04 ശതമാനത്തിലും താഴെയാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.

ആരോഗ്യപരിപാലന രംഗത്ത് ഒരു അശ്രദ്ധ കുറവും ഉണ്ടാവാന്‍ പാടില്ല. കോവിഡ് വ്യാപനം ഉണ്ടായ യൂറോപ്പില്‍ നിന്നുള്ള പാഠം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സുരക്ഷയുടെ കാര്യത്തില്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. മാസ്‌ക് ഉപയോഗിക്കുന്നത് കുറഞ്ഞിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനും മാസ്‌കും നിര്‍ബന്ധമാണെന്ന കാര്യം മറക്കരുതെന്ന് നീതി ആയോഗ് അംഗം ഡോ വി കെ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാസ്‌ക് ഉപയോഗം കുറയുന്നതില്‍ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഒമൈക്രോണുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതായും വി കെ പോള്‍ പറഞ്ഞു. രാജ്യത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ രണ്ടും മഹാരാഷ്ട്രയില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 26 ആയി ഉയര്‍ന്നു

Facebook Comments Box

By admin

Related Post