Thu. Apr 25th, 2024

ഒറ്റയ്‌ക്കു താമസിക്കുന്ന വയോധികനെ വസ്‌തുവാങ്ങാനെന്ന വ്യാജേനെയെത്തി ഹണിട്രാപ്പില്‍ കുടുക്കി; 2.18 ലക്ഷം രൂപ തട്ടി; മൂന്നംഗസംഘം അറസ്‌റ്റില്‍

By admin Dec 12, 2021 #news
Keralanewz.com

പന്തളം: ഒറ്റയ്‌ക്കു താമസിക്കുന്ന വയോധികനെ വസ്‌തുവാങ്ങാനെന്ന വ്യാജേനെയെത്തി ഹണിട്രാപ്പില്‍ കുടുക്കി 2.18 ലക്ഷം രൂപ തട്ടിയ മൂന്നംഗസംഘം അറസ്‌റ്റില്‍. അടൂര്‍ ചേന്നമ്പള്ളി കൂമ്പുപുഴ എസ്‌.ബി വില്ലയില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന പന്തളം മങ്ങാരം കുട്ടുവാളക്കുഴില്‍ സിന്ധു (41), കുരമ്പാല തെക്ക്‌ സാഫല്യത്തില്‍ മിഥു (25), അടൂര്‍ പെരിങ്ങനാട്‌ കുന്നത്തൂക്കര അരുണ്‍ നിവാസില്‍ അരുണ്‍ കൃഷ്‌ണന്‍ (32) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്‌ഥനായിരുന്ന മുടിയൂര്‍ക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനാണ്‌ ഇരയായത്‌.


പോലീസ്‌ പറയുന്നത്‌: ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്‌ഫോമായ ഒ.എല്‍.എക്‌സില്‍ ഇദ്ദേഹത്തിന്റെ 41 സെന്റ്‌ സ്‌ഥലവും വീടും വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ടിട്ടാണ്‌ ഇവര്‍ സമീപിച്ചത്‌. സിന്ധുവും മറ്റൊരാളും നവംബര്‍ അവസാനം വയോധികനെ സമീപിക്കുകയും വീടിന്റെ പുറകുവശത്തെ 10 സെന്റ്‌ സ്‌ഥലം മതിയെന്നും പറഞ്ഞു മടങ്ങുകയായിരുന്നു.


ഡിസംബര്‍ ആറിന്‌ ഉച്ചയ്‌ക്കു രണ്ടുമണിയോടെ മിഥുവിനൊപ്പം വീണ്ടുമെത്തി. വയോധികനുമായി സിന്ധു അടുത്തിടപഴകി. മിഥു ഇതെല്ലാം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചു. പിന്നീടു ഇതെല്ലാം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി വയോധികനില്‍നിന്ന്‌ രണ്ടു ലക്ഷം രൂപയുടെ ബ്ലാങ്ക്‌ ചെക്കും അര പവന്റെ സ്വര്‍ണ മോതിരവും റൈസ്‌ കുക്കറും മെഴുക്‌ പ്രതിമയും മൊബൈല്‍ ഫോണും ഇവര്‍ കൈക്കലാക്കി. ഡി.ജി.പിയെയും പന്തളം എസ്‌.എച്ച്‌.ഓയെയും പരിചയമുണ്ടെന്നും പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന്‌ വയോധികനുമായി പന്തളത്തെ എസ്‌.ബി.ഐ ശാഖയില്‍ എത്തിയ പ്രതികള്‍ രണ്ടുലക്ഷം രൂപയുടെ ചെക്ക്‌ മാറാന്‍ നല്‍കി. ബാങ്കില്‍ നിന്നും ഒന്നര ലക്ഷം രൂപ മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. വയോധികന്‌ സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പണം വേണമെന്നും യുവതി പറഞ്ഞു. ഇതോടെ അരലക്ഷം രൂപ ബാങ്കില്‍ നിന്നും യുവതിയുടെ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌തു. പണം കൈക്കലാക്കിയ സംഘം വയോധികനെ വീട്ടില്‍ കൊണ്ടു വിട്ടു.


കഴിഞ്ഞ ഒന്‍പതിന്‌ ഉച്ചയ്‌ക്ക്‌ ഒരു മണിയോടെ വീണ്ടുമെത്തിയ സംഘത്തില്‍ അരുണ്‍ കൃഷണന്‍ കൂടിയുണ്ടായിരുന്നു. ഇയാള്‍ പോലീസുകാരനാണെന്ന്‌ പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചു. അതിന്‌ ശേഷം ഭീഷണി മുഴക്കി 18,000 രൂപയുടെ ചെക്ക്‌ ആദ്യം വാങ്ങി. പിന്നാലെ മൂന്നു ലക്ഷം രൂപയുടെ ചെക്ക്‌ ഒപ്പിട്ടു വാങ്ങുകയും ചെയ്‌തു. പിന്നെയും പ്രതികള്‍ ഭീഷണി തുടര്‍ന്നപ്പോഴാണ്‌ വയോധികന്‍ വീട്ടില്‍ എത്തിയ ഇളയ മകനെ കാര്യങ്ങള്‍ ധരിപ്പിച്ചത്‌. മകനാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌. മൂന്നു ലക്ഷം രൂപ വാങ്ങാന്‍ വീട്ടിലേക്ക്‌ സംഘത്തെ തന്ത്രപൂര്‍വം പോലീസ്‌ വിളിച്ചു വരുത്തി. വരുന്ന വഴി ഐരാണിക്കുഴി പാലത്തിന്‌ സമീപം വച്ച്‌ പ്രതികളെ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.


പ്രതി സിന്ധു നേരത്തേയും സമാന രീതിയില്‍ ഹണിട്രാപ്പ്‌ നടത്തിയതിന്‌ പിടിയിലായിട്ടുണ്ട്‌. പ്രതികളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി. തുമ്പമണ്‍, കടയ്‌ക്കാട്‌, മങ്ങാരം, മുടിയൂര്‍ക്കോണം എന്നിവിടങ്ങളില്‍ നേരത്തെ യുവതി വാടകയ്‌ക്ക്‌ താമസിച്ചിട്ടുണ്ട്‌. ജില്ലാ പോലീസ്‌ മേധാവി ആര്‍.നിശാന്തിനി, അടൂര്‍ ഡിവൈ.എസ്‌.പി ആര്‍. ബിനു, പന്തളം എസ്‌.എച്ച്‌.ഓ എസ്‌. ശ്രീകുമാര്‍,എസ്‌.ഐ ജി. ഗോപന്‍, എ.എസ്‌.ഐമാരായ സന്തോഷ്‌, അജിത്ത്‌, സി.പി.ഒമാരായ മഞ്‌ജുമോള്‍, കൃഷ്‌ണദാസ്‌, സുഭാഷ്‌, എം. നാദീര്‍ഷാ, എന്നിവര്‍ ഉള്‍പ്പെടുന്ന പോലീസ്‌ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Facebook Comments Box

By admin

Related Post