കൊളോൻ, ചെമ്പല്ലി, നോങ്ങോൽ എന്നിവയുടെ വില 700 മുതൽ 750 വരെയാണ്. വാമീൻ–650, തിരുത–600, കരിമീൻ–500, പൂമീൻ–400, ഈഏട്ട–300, പുഴ നാരൻ–500, ചെറുമീനുകൾ–400 എന്നിങ്ങനെയാണു കഴിഞ്ഞ ദിവസം വരെ വില; മീൻ വിലയ്ക്ക് തീപിടിച്ചു
മീനിന് മത്സ്യ വിപണന കേന്ദ്രങ്ങളിൽ തീവിലയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മത്തിയാണ് ഇവിടെ നിന്ന് സാധാരണയായി ലഭിക്കുന്നത്. കിലോയ്ക്ക് 250 മുതൽ 300 രൂപ വരെയാണ് വില. ഗുണനിലവാരമില്ലാത്ത മത്തിയാണ് ഇതെന്ന് പരക്കെ ആക്ഷേപമുണ്ട്. ചിലയിടങ്ങളിൽ പുഴ മത്സ്യം ലഭിക്കുന്നുണ്ടെങ്കിലും വില സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണ്. കൊളോൻ, ചെമ്പല്ലി, നോങ്ങോൽ എന്നിവയുടെ വില 700 മുതൽ 750 വരെയാണ്. വാമീൻ–650, തിരുത–600, കരിമീൻ–500, പൂമീൻ–400, ഈഏട്ട–300, പുഴ നാരൻ–500, ചെറുമീനുകൾ–400 എന്നിങ്ങനെയാണു കഴിഞ്ഞ ദിവസം വരെ വില.
വളർത്തു മത്സ്യങ്ങളായ തിലാപ്പിയ, റെഡ് ബെല്ലി, വാള, കട്‌ല, രോഹു, മൃഗാൽ, ചിത്രലാഡ തുടങ്ങിയവ 300മുതൽ 350രൂപയ്ക്ക് വരെ നാട്ടിൻ പുറങ്ങളിൽ പോലും പലയിടത്തും കിട്ടുന്നുണ്ടെങ്കിലും കടൽ, പുഴ മത്സ്യങ്ങളുടെ രുചി ഇവയ്ക്ക് ഇല്ല എന്ന മുൻവിധി കാരണം വളർത്തു മത്സ്യം വാങ്ങാൻ ആളുകൾ മടിക്കുന്നു. മത്സ്യത്തിന്റെ ലഭ്യതയുടെ കുറവും, വിലക്കൂടുതലും കാരണം പലരും കറി ആവശ്യത്തിനായി പുഴകളിലും തോടുകളിലും വല എറിഞ്ഞും, ചൂണ്ടയിട്ടും മത്സ്യം പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ്.
ട്രോളിങ് നിരോധനവും ശക്തമായ കാറ്റും മഴയും കാരണം ഉണ്ടായ കടൽ ക്ഷോഭംമൂലം മത്സ്യം ലഭിക്കാതെ വന്നതോടെ മത്സ്യത്തിന് തീവില. ട്രോളിങ് നിരോധനത്തെ തുടർന്ന് ജൂലൈ 31വരെ യന്ത്രവൽകൃത ബോട്ടുകൾ കടലിൽ ഇറങ്ങില്ല. പരമ്പരാഗത വള്ളങ്ങൾക്ക് തീരത്തോട് അടുത്ത് മത്സ്യബന്ധനം നടത്തുന്നതിന് ഈ കാലത്ത് വിലക്കില്ല. എന്നാൽ ട്രോളിങ് നിരോധനം തുടങ്ങിയ സമയത്തു തന്നെ മഴയും ശക്തമായതിനെത്തുടർന്ന് തുടർന്ന് കടൽ ക്ഷോഭവും രൂക്ഷമാണ്. ഇതിനെ തുടർന്ന് വള്ളങ്ങൾക്ക് കടലിലിറങ്ങാൻ പറ്റാതായിട്ട് 10ദിവസം പിന്നിട്ടിരിക്കുന്നു.