Tue. Apr 30th, 2024

മയക്കുമരുന്ന് നിയമം : ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി,.പ്രതിപക്ഷാംഗങ്ങളുടെ നിരാകരണപ്രമേയം തള്ളിക്കൊണ്ടാണ് ബില്‍ സഭ പരിഗണിച്ചത്

By admin Dec 14, 2021 #bill #loksabha #opposition
Keralanewz.com

ന്യൂഡല്‍ഹി: മയക്കുമരുന്നും ലഹരിപദാര്‍ഥങ്ങളും സംബന്ധിച്ച നിയമം തയ്യാറാക്കിയപ്പോഴുണ്ടായ പിഴവ് തിരുത്തുന്നതിനുള്ള ഭേദഗതിബില്‍ ലോക്‌സഭ പാസാക്കി.

നിര്‍ണായകവിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അമിതമായി ഓര്‍ഡിനന്‍സ് മാര്‍ഗം സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച പ്രതിപക്ഷം, ക്രിമിനല്‍ശിക്ഷയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.

എന്നാല്‍, നിയമം തയ്യാറാക്കിയപ്പോള്‍ കടന്നുകൂടിയ ക്ലറിക്കല്‍ പിശക് തിരുത്താനാണ് ഭേദഗതിബില്‍ കൊണ്ടുവന്നതെന്നും കോടതികളുടെ ഉത്തരവുകൂടി കണക്കിലെടുത്താണ് അടിയന്തരപരിഹാരത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിശദീകരിച്ചു. അനധികൃത മയക്കുമരുന്ന് ഇടപാടുകള്‍ക്ക് പണം നല്‍കുക, ഇടപാടില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കുക എന്നിവ ക്രിമിനല്‍ കുറ്റമാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷം കഠിനതടവും 10 ലക്ഷം രൂപവരെ പിഴയും ഏര്‍പ്പെടുത്താം.

തടവുശിക്ഷാ കാലാവധി 20 വര്‍ഷംവരെ നീട്ടാമെന്നും വ്യവസ്ഥയുണ്ട്. ഈ ശിക്ഷാ വ്യവസ്ഥകള്‍ പുതിയ ഭേദഗതിപ്രകാരം നിയമത്തില്‍ ഉള്‍പ്പെടുത്തുകയും ഈ ഭേദഗതിക്ക് 2014 മേയ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.എന്നാല്‍, ക്രിമിനല്‍ ശിക്ഷാവ്യവസ്ഥകള്‍ക്ക് മുന്‍കാലപ്രാബല്യം നല്‍കുന്നത് ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചര്‍ച്ചയ്ക്ക് ധനമന്ത്രി മറുപടി നല്‍കി.

തുടര്‍ന്ന് ബില്‍ പാസ്സാക്കി.പ്രതിപക്ഷാംഗങ്ങളായ ഭര്‍തൃഹരി മേത്താബ്, അധീര്‍ രഞ്ജന്‍ ചൗധരി, പ്രൊഫ. സൗഗതാ റോയി, എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസ്സമദ് സമദാനി, തോമസ് ചാഴിക്കാടന്‍, ബെന്നി ബെഹനാന്‍, ടി.എന്‍. പ്രതാപന്‍, എ.എം. ആരിഫ്, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ നോട്ടീസ് നല്‍കിയ നിരാകരണപ്രമേയം തള്ളിക്കൊണ്ടാണ് ബില്‍ സഭ പരിഗണിച്ചത്.

Facebook Comments Box

By admin

Related Post