Mon. May 6th, 2024

കോട്ടയം ലോക്‌സഭാ സീറ്റ് തിരിച്ചു പിടിക്കാൻ കോൺഗ്രസ് . ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കാൻ എ ഗ്രൂപ്പ് . എന്നാൽ ജോസഫ് വാഴക്കനടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളും സീറ്റിനായി രംഗത്തുണ്ട് . ജോസഫ് വിഭാഗവും സീറ്റ് ചോദിച്ചു രംഗത്തുണ്ട് .

By admin Nov 25, 2022 #kottayam #loksabha
Keralanewz.com

കോട്ടയം : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ സീറ്റ് കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഒരുലക്ഷത്തിൽ പരം വോട്ടുകൾക്കാണ് ജയിച്ചത് .അന്ന് യു ഡീ എഫിൽ ആയിരുന്ന കേരളാ കോൺഗ്രസ് എം , ഇന്നിപ്പോൾ ഇടതു മുന്നണിയുടെ ഭാഗമാണ് . ഇടത് മുന്നണിയിൽ തോമസ് ചാഴികാടൻ തന്നെ സ്ഥാനാര്ഥിയാകുമെന്ന് ഉറപ്പാണ് . എന്നാൽ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും സീറ്റിനായി രംഗത്ത് ശക്തമായുണ്ട് . ചാഴികാടൻ ശക്തമായ പ്രവർത്തനം നടത്തുന്നതിനാലും , ക്നാനായ സഭയുടെ അടക്കം പിന്തുണയുള്ളതിനാലും അദ്ദേഹം തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത . എന്നാൽ കോട്ടയം സീറ്റിനായി മറ്റു ചില നേതാക്കളും അങ്ങിങ്ങായി ജോസ് കെ മാണിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട് . ഒരു പക്ഷെ സീറ്റിനായി ക്ലെയിം ചെയ്യുന്നവർ കൊണ്ഗ്രെസ്സ് പക്ഷത്തേക്ക് വോട്ട് മറിക്കുമെന്നും അതിനാൽ നല്ല സ്ഥാനാത്ഥി വന്നാൽ ജയിക്കമാണെന്നുമാണ് യു ഡീ എഫ് ചിന്തിക്കുന്നത് .

യു ഡീ എഫ് പരിഗണനയിലുള്ള പ്രഥമ പേര് , കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് . എന്നാൽ അദ്ദേഹത്തിന് ലോക്സഭാ സീറ്റിലേക്ക് താല്പര്യമില്ലായെന്നും , അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡീ എഫ് അധികാരത്തിൽ വരുമ്പോൾ താക്കോൽ സ്ഥാനീയനാവാം എന്നും അദ്ദേഹം കരുതുന്നു . ഈ സാഹചര്യത്തിൽ ആണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്ന് നിർദ്ദേശം എ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്നത് . മത്സരിക്കാനായി ഒരു അവസരത്തിനായി കാത്തിരിക്കുന്ന ചാണ്ടി ഉമ്മനെ അവതരിപ്പിക്കാനുള്ള മികച്ച അവസരമായാണ് ഉമ്മൻ ചാണ്ടി ലോക്സഭാ തിരഞ്ഞെടുപ്പിനെ കാണുന്നത് . എന്നാൽ സിറോ മലബാർ സഭ അംഗങ്ങൾ ഭൂരിപക്ഷമായ കോട്ടയം സീറ്റിൽ ചാണ്ടി ഉമ്മൻ ജയിക്കില്ല എന്നാണ് , ജോസഫ് വിഭാഗമടക്കം യു ഡീ ഫിൽ ചൂണ്ടി കാണിക്കുന്നത് . ഹാഗിയാ സൊഫീയ വിഷയത്തിൽ കത്തോലിക്കാ സമുദായത്തെ വിമർശിച്ചു കൊണ്ടുള്ള ചാണ്ടി ഉമ്മന്റെ പ്രസംഗം പഞ്ചായത്ത് , നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായിരുന്നു . ചങ്ങനാശേരി , പൂഞ്ഞാർ , കാഞ്ഞിരപ്പള്ളി , ഏറ്റുമാനൂർ സീറ്റുകൾ എല്ലാം കൊണ്ഗ്രെസ്സ് മുന്നണിക്ക് നഷ്ട്ടപെട്ടിരുന്നു . പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ലീഡ് കുറഞ്ഞിരുന്നു .

ഇമേജ് നഷ്ടപെട്ട ചാണ്ടി ഉമ്മനെ ശശി തരൂർ വഴി കത്തോലിക്കാ സഭയുമായി അടുപ്പിക്കാമെന്നും , കോട്ടയം സീറ്റിൽ വിജയിപ്പിക്കാമെന്നും എ ഗ്രൂപ്പ് കരുതുന്നു . എന്നാൽ ഐ ഗ്രൂപ്പിലെ ജോസഫ് വാഴക്കൻ , ടോമി കല്ലാനി , ജോഷി ഫിലിപ്പ് , നാട്ടകം സുരേഷ് എന്നിവരും സീറ്റിനായി രംഗത്തുണ്ട്.

എന്നാൽ പിജെ ജോസഫ് ഈ സീറ്റിനായി രംഗത്ത് ഉണ്ട് എന്നതും യു ഡീ ഫിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം . 2019 തിരഞ്ഞെടുപ്പിൽ അദ്ദേഹം സീറ്റിനായി ഇടിച്ചുവെങ്കിലും ലഭിച്ചിരുന്നില്ല . ജോസഫ് വിഭാഗത്തിൽ നിന്നു സജി മഞ്ഞക്കടമ്പിൽ , പ്രിൻസ് ലൂക്കോസ് , ഫ്രാൻസിസ് ജോർജ് , തോമസ് ഉണ്ണിയാടൻ എന്നിവരും ലോക്സഭാ സീറ്റിനായി രംഗത്തുണ്ട് .

എന്തായാലും ഇടതു പക്ഷത്തെ പ്രശ്നങ്ങളും , നിഷ്പക്ഷ ഇടതു വോട്ടുകളും കൊണ്ഗ്രെസ്സ് പ്രതീക്ഷിക്കുന്നുണ്ട് . ഇടതു പക്ഷത്തെ വോട്ട് ഭിന്നിപ്പിക്കാൻ മാണി സി കാപ്പൻ , മോൻസ് ജോസഫ് എന്നിവർക്കും , ബിജെപി വോട്ടുകൾ ഏകോപിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണനെയും തിരഞ്ഞെടുപ്പ് ചുമതലയേൽപിക്കാൻ ആണ് യു ഡീ എഫ് തീരുമാനം .

Facebook Comments Box

By admin

Related Post