മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീം കോടതിയിൽ
കൊച്ചി: മുല്ലപ്പെരിയാറിൽ കേരളം നൽകിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി ഡാം തുറന്നുവിടുന്ന തമിഴ്നാടിന്‍റെ നടപടി ചോദ്യം ചെയ്താണ് സുപ്രിം കോടതിയിൽ കേരളം പുതിയ അപേക്ഷ നൽകിയത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളിൽ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കേരളത്തിന്‍റെ പരാതി തള്ളി ഇന്നലെ തമിഴ്‌നാട് സര്‍ക്കാര്‍ മറുപടി ഫയൽ ചെയ്തിട്ടുണ്ട്. കേരളത്തിന് കൃത്യമായ സമയങ്ങളിൽ മുന്നറിയിപ്പ് നൽകിയാണ് വെള്ളം തുറന്നുവിട്ടതെന്ന് അതിൽ തമിഴ്‌നാട് സർക്കാർ വ്യക്തമാക്കുന്നു. വെള്ളം കയറിയെന്ന് പറയുന്ന വീടുകൾ പെരിയാര്‍ തീരത്തു നിന്ന് എത്ര അകലെയെന്ന് കേരളം പറയുന്നില്ല, പെരിയാര്‍ തീരത്ത് കയ്യേറ്റമില്ലെങ്കിൽ ഒരു നാശനഷ്ടവും ഉണ്ടാകില്ലെന്നും തമിഴ്നാട് വാദിക്കുന്നു. പെരിയാർ തീരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കേരളം നടപടിയെടുക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു