Fri. Apr 26th, 2024

ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികള്‍ തട്ടിയ ലോക്‌ ജനശക്‌തി നേതാവിനെ നാട്ടിലെത്തിച്ചു

By admin Dec 16, 2021 #news
Keralanewz.com

ചെങ്ങന്നൂര്‍: ഫുഡ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികള്‍ തട്ടിയ കേസിലെ രണ്ടാം പ്രതിയും മുഖ്യസൂത്രധാരനും ലോക്‌ജനശ്‌കതി പാര്‍ട്ടി നേതാവുമായ പന്തളം തുമ്പമണ്‍ കുരമ്പാല മുട്ടത്ത്‌ നടയ്‌ക്കാവ്‌ ലെനിന്‍ മാത്യുവി(43)നെ ചെങ്ങന്നൂര്‍ പോലീസ്‌ നാട്ടിലെത്തിച്ചു. കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളംവഴി മലേഷ്യയിലേക്ക്‌ കടക്കാന്‍ ശ്രമിക്കവേയാണ്‌ ഇയാള്‍ പിടിയിലായത്‌. ലെനിന്‍ എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്‌ക്കാവില്‍ എന്ന വിലാസത്തിലാണ്‌ കഴിഞ്ഞിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു.


തട്ടിപ്പിനുശേഷം ഇയാള്‍ ബംഗളുരുവിലേക്ക്‌ കടന്നിരുന്നു. ചെങ്ങന്നൂര്‍ പോലീസില്‍ മാത്രം രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള എട്ടു കേസുകളിലായി 1.60 കോടി രൂപയുടെ തട്ടിപ്പാണ്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നടത്തിയത്‌. ലെനിന്‍ എഫ്‌.സി.ഐ. കണ്‍സള്‍ട്ടീവ്‌ കമ്മിറ്റിയുടെ നോണ്‍ ഒഫീഷ്യല്‍ മെമ്പറായി 2020 ഡിസംബര്‍ വരെ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്‌ പുറമെ സൗത്ത്‌ വെസ്‌റ്റ്‌ റെയില്‍വേ സോണല്‍ റെയില്‍വേ യൂസേഴ്‌സ്‌ കണ്‍സല്‍ട്ടീവ്‌ അംഗമായിരുന്നു. നിലവില്‍ ലോക്‌ ജനശക്‌തി പാര്‍ട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു.


ആറുപ്രതികളുള്ള കേസില്‍ ഒന്നാം പ്രതി ബി.ജെ.പി. മുന്‍ പഞ്ചായത്തംഗം കാരയ്‌ക്കാട്‌ മലയില്‍ സനു എന്‍. നായര്‍(48), ബുധനൂര്‍ താഴുവേലില്‍ രാജേഷ്‌കുമാര്‍(38) എന്നിവര്‍ കഴിഞ്ഞ ജൂലൈയില്‍ പോലീസില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ഇനിയും മൂന്നു പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്‌. മറ്റു പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിച്ചെങ്കിലും ജാമ്യം നല്‍കരുതെന്ന്‌ ആവശ്യപ്പെട്ട്‌ പരാതിക്കാര്‍ കോടതിയെ സമീപിച്ചതോടെ ജാമ്യം നിഷേധിച്ചു

Facebook Comments Box

By admin

Related Post