Fri. Apr 26th, 2024

കുത്തകകളുടെ ഓൺലൈൻ വ്യാപാരം നിയന്ത്രിക്കാൻ നിയമനിർമാണം കൊണ്ടുവരണം;കേരള കോൺഗ്രസ് (എം)

By admin Jun 24, 2021 #news
Keralanewz.com

തൊടുപുഴ:    ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന ബഹുരാഷ്ട്രകുത്തകകളുടെ ഓൺലൈൻ വ്യാപാരം നിയന്ത്രിക്കുവാൻ കേരള സർക്കാർ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന് നിവേദനം നൽകി. നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്,എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ഈ കോവിഡ് കാലത്ത് പോലും കുത്തകകൾ അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ യഥേഷ്ടം വിൽപ്പന നടത്തി വരികയാണ്. ഇതിൽ പലതും കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയുമാണ് എസെൻഷ്യൽ കമ്മോഡറ്റീസ് വിൽപ്പന നടത്തുവാൻ സർക്കാർ അനുവാദം നൽകുമ്പോൾ അതിൻറെ മറവിൽ ഗാർഹിക ഉപകരണങ്ങളും ഇലക്ട്രോണിക് സാധനങ്ങളും ആഡംബര വസ്തുക്കളും സൗന്ദര്യവർധകവസ്തുക്കളും യഥേഷ്ടം വിറ്റഴിക്കുകയാണ്. ഇത്തരം കമ്പനികളായ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വൻകിട ബഹുരാഷ്ട്രകുത്തകകൾ യാതൊരു കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ അവരുടെ വ്യാപാര കേന്ദ്രങ്ങളിൽ, ഗോഡൗണുകളിൽ പത്തും നാൽപതും തൊഴിലാളികളെ കുത്തിനിറച്ച് കച്ചവടം നടത്തുകയാണ്. കേരളത്തിലെ വ്യാപാരികളിൽ ബഹുഭൂരിപക്ഷവും ചെറുകിട കച്ചവടക്കാർ ആണ്.  ഇത്തരം കടകളിൽ ജോലി ചെയ്യുന്നവർ പതിനായിരക്കണക്കിന് സാധാരണക്കാരുമാണ്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളി നിമിത്തം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ഇത്തരം ഇടത്തരം ചെറുകിട കച്ചവടക്കാർ ഒന്നര മാസത്തോളമായി കച്ചവടം ചെയ്യുന്നില്ല എന്ന് വേണം പറയാൻ. നമ്മുടെ സംസ്ഥാനത്തെ ഖജനാവിന് നികുതിയിനത്തിൽ  കോടിക്കണക്കിന് രൂപ സംഭാവന ചെയ്യുന്ന വ്യാപാരി സമൂഹത്തെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്. . കച്ചവട മേഖല തികച്ചും തകർന്ന ചുറ്റുപാടിൽ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റം വ്യാപാര മേഖലയിലെ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഓൺലൈനായി വ്യാപാരം നടത്തുന്നത് നിമിത്തം സംസ്ഥാന സർക്കാരിന് നികുതി നഷ്ടം വരുന്നുണ്ട്. നാട്ടിലെ  പൊതുകാര്യങ്ങളിൽ ഒക്കെ ഇടപെടുകയും റോഡ് വികസനത്തിന് മറ്റും സ്ഥലം വിട്ടു നൽകുകയും എല്ലാ പൊതു കാര്യങ്ങൾക്കും വ്യാപാരി സമൂഹത്തിൻറെ പിന്തുണയും സാമ്പത്തികസഹായവും ലഭിച്ചു വരുന്നുണ്ട്.ഇത്തരത്തിൽ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥിതിക്ക് വ്യാപാരി സമൂഹം നൽകിയ പിന്തുണ ചെറുതല്ലെന്നും അവർ നിവേദനത്തിലൂടെ മന്ത്രിയോട് അഭ്യർത്ഥിച്ചു.

  ഓൺലൈൻ വ്യാപാരത്തിന്റെ കടന്നുകയറ്റം നിമിത്തം കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന ചെറുകിട കച്ചവടക്കാർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ വർണ്ണനാതീതമാണ്. ഓൺലൈൻ മേഖലയിലെ പരസ്യങ്ങൾ കണ്ട് പ്രലോഭിതരായി  സാധാരണ ജനം പലപ്പോഴും വഞ്ചിക്കപ്പെടുകയാണ്.   ഗുണനിലവാരമോ മുടക്കുന്ന പൈസയ്ക്ക് തത്തുല്യമായ മൂല്യമോ ഈ ഉത്പന്നങ്ങൾക്ക് ഉണ്ടാകാറില്ല. ഓൺലൈൻ ചതിയിൽ പെടുന്ന ഹതഭാഗ്യരായ ജനങ്ങൾ നിരവധിയാണ്. നിയമംമൂലം ഇത്തരം ഓൺലൈൻ വ്യാപാരത്തെ നിയന്ത്രിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തരമായി നിയമനിർമാണം കൊണ്ടുവരണമെന്നും കേരള കോൺഗ്രസ് എം നേതാക്കൾ മന്ത്രിയോട് അഭ്യർത്ഥിച്ചു. 

 

Facebook Comments Box

By admin

Related Post