മലബാറിൽ ഐക്യ ജമായത്ത് മുന്നണി; കോട്ടയത്ത് ഐക്യ താമര മുന്നണി; വിചിത്ര വർഗീയ കൂട്ടുകെട്ടുമായി യു.ഡി.എഫ്
പ്രധാനമായും കോൺഗ്രസ് പാർട്ടിയും മുസ്ലിംലീഗും മാത്രമായി ചുരുങ്ങിയ യുഡിഎഫ് മുന്നണി, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വളരെ വിചിത്രമായ വർഗീയ കൂട്ടുകെട്ടുകളാണ് രൂപീകരിച്ചു കൊണ്ടിരിക്കുന്നത്. മലബാർ മേഖലയിൽ മുസ്ലിം ലീഗിൻറെ നേതൃത്വത്തിൽ ജമാഅത്ത, വെൽഫെയർ പാർട്ടിയും എസ്ഡിപിഐ യുമായി ധാരണയുണ്ടാക്കിയാണ് യുഡിഎഫ് മത്സരിക്കുന്നത്. മലപ്പുറത്തുള്ള പല പഞ്ചായത്തുകളിലും തന്നെ മുസ്ലിം ലീഗ് – വെൽഫെയർ പാർട്ടി – എസ്ഡിപിഐ കൂട്ടുകെട്ടുകൾ ഏതാണ്ട് മുഴുവൻ സീറ്റുകളിലും മത്സരിക്കുകയാണ്. അവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് സീറ്റുകൾ ഇല്ലാതിരിക്കുകയോ നാമമാത്രമായ സീറ്റുകൾ മാത്രമോ ആണ് നൽകിയിരിക്കുന്നത്.
എന്നാൽ നേരെമറിച്ച് മധ്യ കേരളത്തിലേക്ക് വരുമ്പോൾ തികച്ചും വ്യത്യസ്തമായി ബിജെപിയുമായി കോൺഗ്രസ് പാർട്ടി, ധാരണ ഉണ്ടാക്കിയതായി കാണാം. പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ പല പഞ്ചായത്തുകളിലും നഗരസഭാ വാർഡുകളിലും ബിജെപിക്ക് സ്ഥാനാർഥി പോലും ഇല്ല എന്നതാണ് വസ്തുത. മധ്യകേരളത്തിലെ പ്രബലശക്തിയായ കേരള കോൺഗ്രസ് യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിലേക്ക് പോയപ്പോൾ യുഡിഎഫിന് ഉണ്ടായ അപചയം മറികടക്കുവാനായി ബിജെപിയുമായി രഹസ്യധാരണയാണ് മധ്യകേരളത്തിൽ കോൺഗ്രസ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപി പ്രബലമായ പല പഞ്ചായത്തുകളിൽ പോലും പോലും ബിജെപി സ്ഥാനാർത്ഥിയെ നിർത്താതെ ബിജെപി വോട്ടുകൾ യുഡിഎഫിനായി കച്ചവടം നടത്തി മറിച്ചു കൊടുക്കുന്നു എന്നതാണ് കാണുവാൻ കഴിയുന്നത്. ഏതുവിധേനയും കേരള കോൺഗ്രസ് എമ്മിനെ തറ പറ്റിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നിൽക്കുന്ന ജോസഫ് വിഭാഗമാണ് കോൺഗ്രസ് പാർട്ടിയുമായി ചേർന്നു കൊണ്ട് പണം മുടക്കി ബിജെപി വോട്ടുകൾ കച്ചവടം നടത്തുന്നത്. പാലാ നഗരസഭയിലും ഈരാറ്റുപേട്ട നഗരസഭയിലും അടക്കമുള്ള ബിജെപി സ്ഥാനാർഥികളുടെ അസാന്നിധ്യം ഈ വസ്തുതകൾക്ക് അടിവരയിടുന്നതാണ്. കോട്ടയത്തെ പല സ്ഥലങ്ങളിലും ബിജെപി സ്ഥാനാർത്ഥി ഇല്ലാതെയിരിക്കുകയോ നിർത്തിയ സ്ഥാനാർത്ഥികൾ പ്രചരണം നടത്താതെ നിശബ്ദമായിരുന്നു കൊണ്ട് യുഡിഎഫിന് വോട്ട് കച്ചവടം ചെയ്യുകമാണ് ഇപ്പോൾ ചെയ്യുന്നത്. കിടങ്ങൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യനാണ് മത്സരിക്കുന്നത് . എന്നാൽ വളരെ ശോചനീയമാണ് പ്രവർത്തനം പ്രചരണ ഫ്ലക്സുകൾ പോലും കാണാനില്ല . ജില്ലാ പഞ്ചായത്തിലെ പല ഡിവിഷനുകളിലെയും അവസ്ഥ ഇതുപോലെ പരിതാപകരമാണ്
യൂഡിഎഫിന്റെ ഈ ബിജെപി ബന്ധത്തിന് സഹായകരമാകുന്നതിനായി മുസ്ലിംലീഗ് പോലും കോണി ചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്ര ചിഹ്നത്തിലാണ് കോട്ടയത്തെ പലസ്ഥലങ്ങളിലും മത്സരിക്കുന്നത്. ഹാഗിയ സോഫിയ വിഷയത്തിലും സാമ്പത്തിക സംവരണ വിഷയത്തിലും ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫിന്റെ ബന്ധത്തിലും വളരെയധികം അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുള്ള മധ്യകേരളത്തിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ യുഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമായി മനസ്സിലാക്കിയ യുഡിഎഫ് നേതൃത്വം മുസ്ലിം ലീഗിന്റെ കോണി ചിഹ്നം പോലും ഉപയോഗിക്കാതെ സ്വതന്ത്ര ചിഹ്നം നൽകി, യൂഡിഎഫിന് നഷ്ടമുണ്ടാക്കുന്ന ക്രൈസ്തവ വോട്ടിന് പകരം ബിജെപി വോട്ടുകൾ കച്ചവടം ഉറപ്പിച്ചു പിടിച്ചു നിൽക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. കേരള കോൺഗ്രസ് യുഡിഎഫ് വിട്ടെങ്കിലും നഷ്ടം ഉണ്ടാകാതെ പിടിച്ച് നിൽക്കുവാൻ കഴിയുമെന്ന് യുഡിഎഫ് നേതൃത്വം പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനവും ഈ ബിജെപി വോട്ട് കച്ചവടം തന്നെയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തോളം സീറ്റുകളിൽ ബിജെപി വിജയം ഉറപ്പാക്കി നൽകാമെന്ന ധാരണയിലാണ് ഈ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപി ബന്ധം ഉണ്ടാക്കിയിരിക്കുന്നത്.