Kerala NewsReligion

മെത്രാഭിഷേക രജത ജൂബിലിയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

Keralanewz.com

കൊച്ചി: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേക രജത ജൂബിലി ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.

സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്റെ നേതൃത്വത്തില്‍ പുരോഹിതര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.

1996ല്‍ തക്കല രൂപത സ്ഥാപിച്ചപ്പോള്‍ മെത്രാനായി നിയമിച്ചത് ചങ്ങനാശ്ശേരി അതിരൂപതയുടെ അന്നത്തെ വികാരി ജനറാളായിരുന്ന ഫാ. ജോര്‍ജ് ആലഞ്ചേരിയെയാണ്. 1997 ഫെബ്രുവരി രണ്ടിന് ജോസഫ് പൗവ്വത്തില്‍ മെത്രാപ്പൊലീത്തയില്‍ നിന്ന് മെത്രാന്‍ പട്ടം സ്വീകരിച്ചു. 14 വര്‍ഷം തക്കലയില്‍ പ്രവര്‍ത്തിച്ചു. മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് വര്‍ക്കി വിതയത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ജോര്‍ജ് ആലഞ്ചേരിയെ സഭാ സിനഡ് പിന്‍ഗാമിയായി നിശ്ചയിച്ചു. 2011 മേയ് 29ന് സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി സ്ഥാനമേറ്റു.

ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ 2012 ഫെബ്രുവരി 18ന് ജോര്‍ജ് ആലഞ്ചേരിയെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തി. 2013ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരുടെ സംഘത്തില്‍ അംഗമായി. കേരള കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ്, കേരള ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീ നിലകളിലും ആലഞ്ചേരി പ്രവര്‍ത്തിക്കുന്നു.

Facebook Comments Box