Kerala News

അന്നമ്മയെ യാത്രയാക്കി ബഷീറും സഖാക്കളും

Keralanewz.com

താമരശേരി

പുതുപ്പാടി സെന്റ്‌ ജോര്‍ജ്‌ കാത്തലിക്ക്‌ ചര്‍ച്ച്‌ സെമിത്തേരിയിലേക്ക്‌ അന്നമ്മ കുര്യന്റെ ശവമഞ്ചവുമായി രാകേഷും ശാമിലും സികെ ബഷീറും നടന്നുനീങ്ങി.

പതിമൂന്ന്‌ വര്‍ഷമായി തനിച്ച്‌ താമസിക്കുന്ന വെള്ളാരക്കാലയില്‍ അന്നമ്മ കുര്യന്‌ സിപിഐ എം പ്രവര്‍ത്തകരാണ്‌ താങ്ങും തണലുമായത്‌. ഏക സഹോദരന്‍ കുര്യന്റെ മരണശേഷം ഒറ്റപ്പെട്ട ഇവരുടെ സംരക്ഷണം സിപിഐ എം ഏറ്റെടുത്തു. പുതുപ്പാടി ലോക്കല്‍കമ്മിറ്റിയംഗം സി കെ ബഷീറാണ്‌ അന്നമ്മയെ പരിപാലിച്ചിരുന്നത്‌. 2007 ല്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട്‌ തുടങ്ങിയ ബന്ധമാണ്‌ ബഷീറിന്‌ ഈ കുടുംബവുമായുള്ളത്‌. കൈതപ്പൊയിലില്‍ ഇടിഞ്ഞ്‌ വീഴാറായ ചെറിയ വീട്ടില്‍ കഴിഞ്ഞിരുന്ന ഇവരെ അത്‌ വിറ്റ്‌ വെസ്‌റ്റ്‌ കൈതപ്പൊയിലില്‍ വീട്‌ വാങ്ങിനല്‍കി മാറ്റി താമസിപ്പിച്ചു. ഇടയ്‌ക്ക്‌ വീണ്‌ കാലുപൊട്ടി കിടപ്പിലായപ്പോഴും ബഷീറില്ലാതെ മറ്റാരും പരിപാലിക്കുന്നത്‌ അന്നമ്മ‌ക്ക്‌ ഇഷ്‌ടമല്ലായിരുന്നു. ബഷീറിന്റെ ബൈക്കിന്‌ പിന്നിലിരുന്നുള്ള യാത്രയും അന്നമ്മച്ചേടത്തിയുടെ ഇഷ്‌ടങ്ങളിലൊന്നായിരുന്നു. വര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന്‌ തളര്‍ന്ന ഇവരെ പരിപാലിക്കാനായി സിപിഐ എം പ്രവര്‍ത്തകരും ബഷീറിനൊപ്പമെത്തിയിരുന്നു. ശനിയാഴ്‌ച രാവിലെ അവസാനതുളളി വെള്ളം നല്‍കിയതും ബഷീറായിരുന്നു. ആഴ്‌ചയില്‍ ഒരു ദിവസം ചുണ്ടയിലെ പളളിയില്‍ പോകുന്നതും വര്‍ഷത്തിലൊരു ദിവസം മാഹി പെരുന്നാള്‌ കൂടുന്നതും അന്നമ്മയുടെ പതിവായിരുന്നു. പെരുന്നാള്‌ കഴിഞ്ഞ്‌ തിരിച്ചുവരുമ്ബോള്‍ ബഷീറിനുളള സമ്മാനപ്പൊതിയും ഇവര്‍ മറക്കാറില്ലായിരുന്നു. അന്നമ്മ‌ക്ക്‌ അന്ത്യചുംബനം നല്‍കാന്‍ ബന്ധുകളോടൊപ്പം ബഷീറുമുണ്ടായിരുന്നു. ലിന്റോജോസഫ് എംഎല്‍എ, സിപിഐ എം ജില്ലാകമ്മിറ്റിയംഗം ആര്‍ പി ഭാസ്‌കരന്‍, ഏരിയാ സെക്രട്ടറി കെ ബാബു, എം ഇ ജലീല്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ സി വേലായുധന്‍, എം ഇ ജലീല്‍, മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ഗിരീഷ്‌ ജോണ്‍, പി ആര്‍ രാകേഷ്‌, സിപിഐ എം പുതുപ്പാടി ലോക്കല്‍ സെക്രട്ടറി പി കെ ഷൈജല്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

Facebook Comments Box