Kerala News

ശകുന്തളയും ഇന്ദിരയും ശ്രീജയും പോയത് ഇന്ന് നടക്കേണ്ട വിവാഹത്തിന് വധുവിന് വസ്ത്രങ്ങള്‍ നല്‍കാന്‍; കൂട്ടുകാരികളായ മൂന്ന് സ്ത്രീകളുടെ അപ്രതീക്ഷിത വിയോ​ഗത്തില്‍ നടുങ്ങി നാട്; അടൂരിലെ അപകടം ഇളമാട് ഗ്രാമത്തെ ദുഖത്തിലാഴ്ത്തുന്നത് ഇങ്ങനെ..

Keralanewz.com

കൊല്ലം: ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹത്തിന് വധുവിന് വസ്ത്രങ്ങള്‍ നല്‍കാനുള്ള യാത്ര വരന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ ശകുന്തള, ഇന്ദിര, ശ്രീജ എന്നിവരുടെ അന്ത്യ യാത്രയാകുകയായിരുന്നു.

അടൂരില്‍ നടന്ന കാറപകടത്തില്‍ അടുത്ത സുഹൃത്തുക്കളായ മൂന്ന് സ്ത്രീകളുടെ അപ്രതീക്ഷിത വിയോ​ഗത്തില്‍ നടുങ്ങി നില്‍ക്കുകയാണ് കൊല്ലം ജില്ലയിലെ ഇളമാട് ഗ്രാമം. ആയൂര്‍ ഇളമാട് അമ്ബലമുക്ക് ഷാനു ഹൗസില്‍ അമല്‍ ഷാജിയുടെയും ഹരിപ്പാട് സ്വദേശിനിയായ യുവതിയുടെയും വിവാഹം അപകടത്തെത്തുടര്‍ന്ന് ഇന്നു ചടങ്ങുകള്‍ മാത്രമാക്കി നടത്താനാണ് തീരുമാനം. മരിച്ച ശകുന്തളയും ഇന്ദിരയും വരന്റെ അടുത്ത ബന്ധുക്കളായിരുന്നു. ശ്രീജ വരന്റെ മാതാവിന്റെ സുഹൃത്താണ്.

ഇന്നു നടക്കേണ്ട വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 11നാണ് അഞ്ചു വാഹനങ്ങളിലായി ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം ഹരിപ്പാടുള്ള വധുവിന്റെ വീട്ടിലേക്കു പോയത്. ഇതില്‍ ഒരു വാഹനമാണ് അടൂരില്‍ അപകടത്തില്‍ പെട്ടത്. അപകട വിവരം അറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും ഇവരുടെ ഇളമാടുള്ള വീടുകളിലേക്കെത്തി. ആദ്യം അപകട വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീടാണ് വിവരം പറയുന്നത്. ദൂരം കൂടുതലായതിനാല്‍ അടുപ്പിച്ചു രണ്ടു ദിവസം യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ സമീപവാസികളില്‍ പലരും ഇന്നലത്തെ യാത്രയില്‍ പങ്കെടുത്തിരുന്നില്ല.

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് കനാലിനു കുറുകെയുള്ള പാലത്തിനടിയില്‍ കുടുങ്ങിയ അപകടം നടന്ന് നിമിഷങ്ങള്‍ക്കകം നാടൊന്നാകെ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ കാഴ്ചയായിരുന്നു ഇന്നലെ അടൂരില്‍ കണ്ടത്. രണ്ടര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്നാണ് കാറിലുണ്ടായിരുന്ന ഏഴുപേരില്‍ നാലുപേരെ ജീവനോടെ രക്ഷിക്കാനായത്.

കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരും ഒഴുക്കില്‍പെട്ടുപോയ ഒരാളുമാണ് മരിച്ചത്. അപകടമറിഞ്ഞ് നിമിഷങ്ങള്‍ക്കകം നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കാര്‍ കനാലിലെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കാഴ്ചയായിരുന്നു. നാട്ടുകാര്‍ രക്ഷകരായി കനാലില്‍ ഇറങ്ങിയപ്പോഴേക്കും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി കനാലിലേക്ക് ഇറങ്ങി. നാട്ടുകാരും ചേര്‍ന്ന് കാര്‍ ഒഴുക്കില്‍പെടാതെ കെട്ടിനിര്‍ത്തി. ഈ സമയം കനാല്‍ കരയാകെ ആളുകളെ കൊണ്ട് നിറഞ്ഞു. എല്ലാവരും കൂടി ചേര്‍ന്ന് വടം പിടിച്ച്‌ പാലത്തിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തേക്ക് വലിച്ചു നീക്കാനായി മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കരുവാറ്റ പള്ളിയുടെ ഭാഗത്തെത്തി അഗ്നി സേനാംഗങ്ങളായ അരുണ്‍ജിത്ത്, അനില്‍കുമാര്‍, പ്രജോഷ്, ശരത്, ഖത്തര്‍ നേവിയിലെ ഉദ്യോഗസ്ഥനായ ഹൈസ്കൂള്‍ ജംക്‌ഷന്‍ പേരങ്ങാട്ട് വീട്ടില്‍ റോബിന്‍ ഏബ്രഹാം തുടങ്ങിയവര്‍ വെള്ളത്തിലൂടെ പാലത്തിനടിയിലേക്ക് ചെന്ന് വടത്തില്‍ പിടിച്ച്‌ കാര്‍ പുറത്തേക്ക് നീക്കി. അപ്പോഴേക്കും നാട്ടുകാര്‍ വടം കരയില്‍ നിന്ന് ശക്തമായി വലിച്ചു കാര്‍ പാലത്തിനടിയില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു.

കാര്‍ ഒഴുകി കനാലിനു കുറുകെയുള്ള പാലത്തിനടിയില്‍ കുടുങ്ങിയതാണ് 3 പേരുടെ മരണത്തിനു കാരണമായത്. പാലത്തിനടിയില്‍ കുടുങ്ങിയ കാര്‍ പുറത്തെത്തിക്കാന്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സാധിച്ചത്. അപ്പോഴേക്കും 3 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. അടൂര്‍ ബൈപാസിലൂടെ വന്ന കാര്‍ നിയന്ത്രണം വിട്ട് അമിത വേഗതയില്‍ ബൈപാസ് റോഡിലൂടെ എത്തി ടൗണിലേക്ക് പോകുന്ന റോഡു കടന്ന് കനാലിന്റെ ഭാഗത്തേക്ക് പോകുന്നതായി സമീപത്തുള്ള ദൃശ്യം സമീപത്തുള്ള സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചതാണ് അപകടത്തിനു കാരണമായതെന്നു പറയപ്പെടുന്നു.

Facebook Comments Box